image: facebook
ബെംഗളൂരുവില്‍ നിന്നും യുഎസിലേക്ക് പോകുന്നതിനായി വിമാനത്താവളത്തിലെത്തിയ കുടുംബത്തിന്‍റെ യാത്ര മുടങ്ങിയ സംഭവത്തില്‍ വിമാനക്കമ്പനിയും ട്രാവല്‍ ഏജന്‍സിയും നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി. ഒരു ലക്ഷത്തിയിരുപതിനായിരം രൂപയാണ് നഷ്ടപരിഹാരമായി അനുവദിച്ചത്. 2022 ഓഗസ്റ്റ് 28നായിരുന്നു സംഭവം. ഗോപാല്‍ രാമചന്ദ്രയ്യയും ഭാര്യയും രണ്ടര വയസുള്ള മകളുമാണ് ഡെന്‍വറിലേക്ക് പോകുന്നതിനായി ബെംഗളൂരുവിലെ വിമാനത്താവളത്തിലെത്തിയത്.
ഗുരുഗ്രാമില്‍ നിന്നുള്ള ട്രാവല്‍ ഏജന്‍സിയായ ചീപ്ഒഎയര്‍ വഴിയാണ് ഇവര്‍ ടിക്കറ്റെടുത്തത്. ബ്രിട്ടിഷ് എയര്‍വേസിന്‍റേതായിരുന്നു ടിക്കറ്റ്. ക്രെഡിറ്റ് കാര്‍ഡ് വഴി മൂന്ന് ലക്ഷത്തോളം രൂപ ഗോപാല്‍ അടയ്ക്കുകയും ചെയ്തു. യാത്രയ്ക്കായി സെപ്റ്റംബര്‍ 27ന് പുലര്‍ച്ചെ വിമാനത്താവളത്തിലെത്തിയപ്പോഴാണ് കുടുംബത്തിന് ബോര്‍ഡിങ് പാസ് നിരസിക്കപ്പെട്ടത്. പേയ്മെന്‍റ് തകരാറിനെ തുടര്‍ന്ന് ടിക്കറ്റ് റദ്ദാക്കിയിരിക്കുകയാണെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ തന്‍റെ അക്കൗണ്ടില്‍ നിന്നും പണം പിടിച്ചിട്ടുണ്ടെന്നും പേയ്മെന്‍റ് തകരാറിനെ കുറിച്ച് ഇതുവരെയും തനിക്ക് വിവരം ലഭിച്ചിട്ടില്ലെന്നും ഗോപാല്‍ ആവര്‍ത്തിച്ചു. ബ്രിട്ടിഷ് എയര്‍വേസിനെ ഗോപാല്‍ സമീപിച്ചതും ചീപ്ഒഎയറുമായി ബന്ധപ്പെടൂവെന്ന മറുപടിയാണ് ലഭിച്ചത്. ബിസിനസ് ട്രിപ്പായിരുന്നതിനാല്‍ അടുത്ത ദിവസം 3.6 ലക്ഷം രൂപ മുടക്കി മുംബൈയില്‍ നിന്നും ലുഫ്താന്‍സയുടെ വിമാനത്തില്‍ ഗോപാലിന് യുഎസിലേക്ക് പോകേണ്ടിയും വന്നു.
2023 ജൂണ്‍ 30 ന് വിമാനക്കമ്പനിക്കും ട്രാവല്‍ ഏജന്‍സിക്കും ഗോപാല്‍ വക്കീല്‍ നോട്ടിസ് അയച്ചുവെങ്കിലും മറുപടി ഉണ്ടായില്ല. നിരാശനായ ഗോപാല്‍ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. രേഖാമൂലമുള്ള വിശദീകരണം ബ്രിട്ടീഷ് എയര്‍വെയ്സ് നല്‍കിയെങ്കിലും ചീപ് ഒ എയര്‍ കോടതിയില്‍ ഹാജരാകാനോ വിശദീകരണം നല്‍കാനോ തയ്യാറായില്ല.
ക്രെഡിറ്റ് കാര്‍ഡിലെ പിഴവാണ് യാത്ര മുടങ്ങാന്‍ കാരണമെന്നായിരുന്നു വിമാനക്കമ്പനിയുടെ വാദം. വേറെ ടിക്കറ്റെടുത്ത് യാത്ര ചെയ്യാമെന്ന വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും കുടുംബം അത് നിരസിച്ചതോടെയാണ് യാത്ര മുടങ്ങിയതെന്നും വിമാനക്കമ്പനി വാദിച്ചു. മാത്രവുമല്ല, 2023 ഓഗസ്റ്റ് 28ന് മുഴുവന്‍ പണവും റീ ഫണ്ട് ചെയ്തുവെന്നും ട്രാവല്‍ ഏജന്‍സിയുടെ ഉത്തരവാദിത്തമാണ് ടിക്കറ്റിനെ കുറിച്ച് യാത്രക്കാരെ അറിയിക്കുക എന്നും വിമാനക്കമ്പനി വിശദീകരിച്ചു. ബിസിനസ് ട്രിപ്പായതിനാല്‍ ഗോപാലിന്‍റെ ടിക്കറ്റ് മാത്രമേ റീഫണ്ട് ചെയ്യാന്‍ സാധിക്കൂവെന്നും കുടുംബത്തിന് നല്‍കാന്‍ സാധിക്കില്ലെന്നും എന്നിട്ടും തങ്ങള്‍ പണം മടക്കി നല്‍കിയെന്നും എയര്‍ലൈന്‍ നിലപാടെടുത്തു.
വിഷയം കൃത്യമായി പഠിച്ച കോടതി, ഗോപാലിന്‍റെയും കുടുംബത്തിന്‍റെയും യാത്ര മുടങ്ങുമെന്ന് ട്രാവല്‍ ഏജന്‍സിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും അവര്‍ യഥാസമയം അറിയിച്ചില്ലെന്നും കണ്ടെത്തി. വിമാനക്കമ്പനിയും ട്രാവല്‍ ഏജന്‍സിയുമാണ് കുടുംബം നേരിട്ട മാനഹാനിക്കും ബുദ്ധിമുട്ടിനും ഉത്തരവാദികളെന്നും കോടതി വിധിച്ചു.
കുടുംബത്തിന് നേരിട്ട മാനസിക പീഡനത്തിനും,ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും പരിഹാരമായി ബ്രിട്ടിഷ് എയര്‍വെയ്സും ചീപ് ഒ എയറും 2023 ഓഗസ്റ്റ് 28ന് ഗോപാലിന് ചെലവായ മൂന്ന് ലക്ഷം രൂപയെന്ന വിമാനടിക്കറ്റിന്‍റെ എട്ട് ശതമാനം നല്‍കണമെന്നും നിയമനടപടിക്ക് ചെലവായ പണവും നഷ്ടപരിഹാരവുമടക്കം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ നല്‍കണമെന്നും കോടതി വിധിക്കുകയായിരുന്നു.