ചരിത്രത്തിലാദ്യമായി കേരളത്തില്‍ സ്വര്‍ണ വില 65,000 രൂപ കടന്നു. വെള്ളിയാഴ്ച പവന് 880 രൂപ വര്‍ധിച്ച് 65,840 രൂപയിലേക്കാണ് സ്വര്‍ണ വില എത്തിയത്. ഗ്രാമിന് 110 രൂപ കൂടി 8,230 രൂപയിലെത്തി. മൂന്ന് ദിവസത്തിനിടെ 1,680 രൂപയുടെ വര്‍ധനവാണ് ഒരു പവന് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിനും വിലകൂടിയിട്ടുണ്ട്. ഗ്രാമിന് 90 രൂപ കൂടി 6,734 രൂപയും പവന് 720 രൂപ കൂടി 53,872 രൂപയുമാണ് വില.
വില ഉയര്‍ന്നതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനുള്ള ചെലവ് 75,000 രൂപ കടന്നു. പത്ത് ശതമാനം പണിക്കൂലിയുള്ള ഒരു പവന്‍റെ ആഭരണത്തിന് 74600 രൂപയാണ് ഇന്നത്തെ വില. സ്വർണത്തിന്‍റെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവ ചേർത്തുള്ള വിലയാണ് ഇത്. സ്വർണാഭരണത്തിന്‍റെ ഡിസൈൻ അനുസരിച്ചാകും പണിക്കൂലി ചുമത്തുക.
രാജ്യാന്തര വില സര്‍വകാല ഉയരത്തിലെത്തിയതാണ് കേരളത്തിലും വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്. വ്യാഴാഴ്ചയും തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയും സ്വര്‍ണ വില റെക്കോര്‍ഡിലെത്തിയിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് 2993.70 ഡോളറിലാണ് പുതിയ ഉയരം കുറിച്ചത്. നിലവില്‍ 2,990 ഡോളറിലാണ് രാജ്യാന്തര വില. വ്യാഴാഴ്ച 2945 ഡോളറിലെത്തിയ സ്വര്‍ണ വിലയാണ് ഒറ്റ രാത്രികൊണ്ട് പുതിയ ഉയരം കുറിച്ചത്.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ താരിഫ് നയത്തിനൊപ്പം പുറത്തുവന്ന പണപ്പെരുപ്പ ഡാറ്റയാണ് സ്വര്‍ണവിലയെ പെട്ടന്ന് ഗതിമാറ്റിയത്. ഫെബ്രുവരിയിൽ മൊത്തവില പണപ്പെരുപ്പം നിശ്ചലമായതോടെ പണനയത്തില്‍ മാറ്റം വരുത്തുമെന്ന പ്രതീക്ഷ ഉയര്‍ന്നത് സ്വര്‍ണത്തിന് അനുകൂലമായി. ഫെബ്രുവരിയിൽ ഉൽപ്പാദക വിലയില്‍ മാറ്റമില്ലെന്നതാണ് യുഎസ് തൊഴിൽ വകുപ്പിന്റെ ഡാറ്റ കാണിക്കുന്നത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. ഇത് സ്വര്‍ണ വില കൂട്ടാന്‍ സഹായകമാകുന്ന ഘടകമാണ്.
ഇതിനൊപ്പമാണ് ട്രംപിന്‍റെ നടപടികള്‍ സ്വര്‍ണത്തിന് തീവില നല്‍കുന്നത്. യൂറോപ്യൻ യൂണിയനില്‍ നിന്നുള്ള വൈൻ, ഷാംപെയ്ൻ എന്നിവയ്ക്ക് 200 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപിന്‍റെ ഭീഷണിയാണ് പുതിയത്. ഈ ആഴ്ച പ്രാബല്യത്തിൽ വന്ന സ്റ്റീൽ, അലുമിനിയം എന്നിവയുടെ താരിഫ് പിൻവലിക്കില്ലെന്നും ഏപ്രിൽ 2 മുതൽ ആരംഭിക്കാൻ പോകുന്ന പരസ്പര താരിഫില്‍ നിന്ന് പിന്മാറില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇതോടെ വ്യാപര യുദ്ധം കനക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണത്തിന് സുരക്ഷിത നിക്ഷേപമെന്ന ഡിമാന്‍റ് ഉയരുകയാണ്