പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സ്പെന്‍സേഴ്സ് കേരളത്തിലെ പ്രവര്‍ത്തം അവസാനിപ്പിച്ചു. തിരുവനന്തപുരം സ്പെന്‍സര്‍ ജംഗ്ഷനിലെ ഔട്ട്ലെറ്റ് ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തി. സംസ്ഥാനത്തെ അവശേഷിക്കുന്ന നാല് ഔട്ട്ലെറ്റുകള്‍ക്കും മൂന്നുദിവസം കൊണ്ട് താഴുവീഴും. നഷ്ടത്തിലായതിനെ തുടര്‍ന്നാണ് കേരളത്തിലെ പ്രവര്‍ത്തനം സ്പെന്‍സേഴ്സ് അവസാനിപ്പിക്കുന്നതെന്നാണ് സൂചന.

 

ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുണ്ട് തിരുവനന്തപുരത്തെ സ്പെന്‍സേഴ്സിന്. തലസ്ഥാന നഗരത്തിന്‍റെ പൈതൃകസമ്പത്തിന്‍റെ ഭാഗം. സെക്രട്ടേറിയറ്റിന് സമീപത്തുള്ള സ്പെന്‍സര്‍ ജംഗ്ഷന് ആ പേരു വന്നതുതന്നെ സ്പെന്‍സേഴ്സില്‍ നിന്നാണ്. ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ തുടങ്ങിയ സ്പെന്‍സേഴ്സ് ഇന്ന് ആര്‍.പി.സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലാണ്. മദ്യവും സോഡയും റഫ്രിജറേറ്ററുമൊക്കെ വിറ്റ സ്പെന്‍സേഴ്സ് 2000ല്‍ ഹൈദരാബാദിലാണ് ആദ്യ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നത്. തിരുവനന്തപുരത്ത് സ്പെന്‍സര്‍ ജംഗ്ഷന്‍, പട്ടം, വെള്ളയമ്പലം, ശ്രീകാര്യം എന്നിവിടങ്ങളിലും തിരുവല്ലയിലും സ്പെന്‍സേഴ്സ് റീട്ടെയിലിന് സൂപ്പര്‍ മാര്‍ക്കറ്റുകളുണ്ട്. അമ്പലത്തറയില്‍ വലിയൊരു ഗോഡൗണും. ഇതില്‍ സ്പെന്‍സര്‍ ജംഗ്ഷനിലെ സൂപ്പര്‍മാര്‍ക്കറ്റ് ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തി. സ്റ്റോക് ഹൈദരാബാദിലേക്ക് മാറ്റുന്നതിനായി 15 ദിവസം കൂടി സമയമുണ്ട്. മൂന്നുദിവസം കൊണ്ട് ബാക്കി സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഗോഡൗണിനും താഴു വീഴും. ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവരോട് ഹൈദരാബാദിലേക്ക് ചെല്ലാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

 

 

കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്ന കാര്യം സ്പെന്‍സേഴ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. കുറച്ചു നാളുകളായി ആവശ്യത്തിന് സ്റ്റോക്കില്ലാത്ത നിലയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നതെന്ന് ജീവനക്കാര്‍ പറയുന്നു. നഷ്ടത്തിലായതിനാലാണ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് അനൗദ്യോഗികമായി കിട്ടുന്ന വിവരം. സ്പെന്‍സര്‍ ജംഗ്ഷനിലെ ഈ ഔട്ട്ലെറ്റില്‍ രണ്ടുവര്‍ഷം മുമ്പുവരെ പ്രതിമാസം ഒന്നര കോടി രൂപയുടെ വ്യാപാരം നടന്നിട്ടുണ്ട്.