TOPICS COVERED

2024 ലെ ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കിയ ഇന്ത്യയിലെ പ്രമുഖ വ്യക്തി​ഗത നിക്ഷേപകരിൽ ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും. 2024 ൽ എം.എ യൂസഫലിയുടെ പോർട്ട്ഫോളിയോ 28 ശതമാനം നേട്ടമുണ്ടാക്കി. 2023 ഡിസംബർ 31 ന് യൂസഫലിയുടെ പോർട്ട്ഫോളിയോ മൂല്യം 1,672 കോടി രൂപയായിരുന്നു. 2024 ഡിസംബർ 19 തിനുള്ള കണക്ക് പ്രകാരം 2,135 കോടി രൂപയുടെ ഓഹരികളാണ് യുസഫലി ഹോൾഡ് ചെയ്യുന്നത്. 

ട്രെൻഡ്‍ലൈൻ ഡാറ്റ പ്രകാരം നാല് കമ്പനികളിലാണ് എം.എ യൂസഫലിക്ക് നിക്ഷേപമുള്ളത്. നാലും ബാങ്ക് ഓഹരിയാണെന്നതാണ് ശ്രദ്ധേയം. സൗത്ത് ഇന്ത്യൻ ബാങ്കിൽ 4.32 ശതമാനം ഓഹരി പങ്കാളിത്തമാണ് എം.എ യൂസലിക്കുള്ളത്. സിഎസ്ബി ബാങ്കിൽ 2.17 ശതമാനവും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിൽ 4.49 ശതമാനം ഓഹരികളും യുസഫലി ഹോൾഡ് ചെയ്യുന്നുണ്ട്. ഫെഡറൽ ബാങ്കിൽ 3.10 ശതമാനം ഓഹരി പങ്കാളിത്തമാണ് യുസഫലിക്കുള്ളത്.  

പ്രൈംഇൻഫോബേസ് ഡാറ്റ അടിസ്ഥാനമാക്കിയുള്ള മണികൺട്രോള്‍ തയ്യാറാക്കിയ 2024-ൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 15 വ്യക്തിഗത നിക്ഷേപകരിലാണ് യൂസഫലിയും ഉള്‍പ്പെട്ടത്. ആശിഷ് കച്ചോലിയ, മുകുൾ അഗർവാൾ, ആകാശ് ബൻഷാലി, അനുജ് ഷേത്ത് തുടങ്ങിയ നിക്ഷേപകരാണ് മുന്നിട്ട് നിൽക്കുന്നത്. ആശിഷ് കച്ചോളിയയുടെ പോർട്ട്‌ഫോളിയോ 88 ശതമാനത്തിലധികം ഉയർന്നു. 

മുകുൾ അഗർവാളിൻ്റെ പോർട്ട്ഫോളിയോ മൂല്യത്തിലുണ്ടായ വർധന 46 ശതമാനം ആണ്. ആകാശ് ബൻഷാലിയുടെ പോർട്ട്ഫോളിയോ 43 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. 

ഹേമേന്ദ്ര കോത്താരി, രാധാകിഷൻ ധമാനി തുടങ്ങിയ മുതിർന്ന നിക്ഷേപകരുടെ പോർട്ട്‌ഫോളിയോയിൽ ഇതേ കാലയളവിൽ യഥാക്രമം 21%, 19% ഇടിവ് രേഖപ്പെടുത്തി. അനുജ് ഷെത്ത്, നെമിഷ് ഷാ, ആശിഷ് ധവാൻ എന്നിവരുടെ പോർട്ട്ഫോളിയോ 25-30 ശതമാനം മുന്നേറി. സെപ്റ്റംബർ പാദത്തിലെ ഓഹരിപങ്കാളിത്തത്തെ 2023 ഡിസംബർ 31 ന് അവസാനിച്ച പാദത്തിലെ ഓഹരി പങ്കാളിത്തവുമായി താരതമ്യം ചെയ്താണ് കണക്ക് തയ്യാറാക്കിയത്. 

19 ശതമാനം ഇടിവിലാണെങ്കിലും ഡിമാർട്ട് സ്ഥാപകൻ രാധാകിഷൻ ധമാനിയുടെ പോർട്ട്ഫോളിയോ മൂല്യം 1,62,798 കോടി രൂപയാണ്. അന്തരിച്ച രാകേഷ് ജുൻജുൻവാലയുടെ പോർട്ട്ഫോളിയോ കഴിഞ്ഞ വർഷത്തിനിടെ മൂന്ന് ശതമാനമാണ് ഉയർന്നത്. 52948 കോടി രൂപയാണ് പോർട്ട്ഫോളിയോ മൂല്യം. 

ENGLISH SUMMARY:

Lulu Group Chairman M.A. Yusuff Ali emerged as one of India's prominent individual investors who profited from the stock market in 2024. His portfolio recorded a 28% gain during the year. On December 31, 2023, the value of Yusuff Ali's portfolio stood at 1,672 crore. As per data on December 19, 2024, he now holds stocks worth 2,135 crore.