മുഹൂര്‍ത്തവ്യാപാരത്തിലെ നേട്ടം വാരാന്ത്യത്തില്‍ നിലര്‍ത്താന്‍ കഴിയാതെ ഓഹരിവിപണി. ധനകാര്യ സ്ഥാപനങ്ങളുടെ കരുതല്‍ നീക്കിയിരിപ്പ് വ്യവസ്ഥ കര്‍ശനമാക്കിയ റിസര്‍വ് ബാങ്ക് നടപടിയും ഓഹരികളെ സ്വാധീനിച്ചു. അതേസമയം, വിലക്കയറ്റതോത് കുറഞ്ഞത് ആഗോളതലത്തില്‍ വിപണികള്‍ക്ക് നേട്ടമായി. 

ദീപാവലി ദിനത്തിലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ മുഖ്യ സൂചികകള്‍ അരശതമാനത്തിലേറെ ഉയര്‍ന്നു. അഞ്ചുവര്‍ഷത്തിനിടെയുള്ള മുഹൂര്‍ത്ത വ്യാപാരത്തിലെ ഈ നേട്ടം നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു. രാജ്യാന്തര, ആഭ്യന്തര വിപണികളിലെ വിലക്കയറ്റതോത് കുറഞ്ഞതും ആഴ്ചയുടെ തുടക്കത്തില്‍ ഓഹരിവിപണികള്‍ക്ക് നേട്ടമായി. എന്നാല്‍ വാരാന്ത്യത്തില്‍ ഈ നേട്ടം നിലനിര്‍ത്താനായില്ല. സെന്‍സെക്സ് 187 പോയിന്‍റ് താഴ്ന്ന് 65,794ലും നിഫ്റ്റി 33 പോയിന്‍റ് കുറഞ്ഞ് 19,731ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈടില്ലാത്ത കണ്‍സ്യൂമര്‍ വായ്പകള്‍ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം ഏര്‍പ്പെടുത്തിയ കര്‍ശനവ്യവസ്ഥകള്‍ ഓഹരികള്‍ക്ക് തിരിച്ചടിയായി. ബാങ്കിങ്, ധനകാര്യ ഓഹരികളെയാണ് ഇത് ഏറെ ബാധിച്ചത്. ഒപ്പം നിക്ഷേപകര്‍ വലിയതോതില്‍ ലാഭമെടുപ്പ് നടത്തിയതും വാരാന്ത്യത്തിലെ ഇടിവിന് കാരണമായി. യു.എസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയേക്കില്ലെന്ന കണക്കുകൂട്ടലും വിലക്കയറ്റത്തോത് കുറയുന്നതും വരുന്ന ആഴ്ചയില്‍ ശുഭസൂചനയാണ് നല്‍കുന്നത്.

Nifty sensex down stock market