stock

റെക്കോഡ് ഉയരത്തില്‍ നിന്ന് ഓഹരി വിപണി പൊടുന്നനെ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ വാരമാണ് കടന്നുപോകുന്നത്. നിക്ഷേപകരുടെ വലിയ തോതിലുള്ള ലാഭമെടുപ്പും കോവിഡ് ആശങ്കയുമെല്ലാം വിപണിയെ ബാധിച്ചു. എങ്കിലും വാരാന്ത്യത്തില്‍ സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആറാഴ്ചയായി ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്നു ഓഹരിവിപണി. സെന്‍സെക്സ് ഒരുഘട്ടത്തില്‍ എഴുപത്തിരണ്ടായിരം എന്ന പോയിന്‍റിന് തൊട്ടരുകില്‍ എത്തി. എന്നാല്‍ അപ്രതീക്ഷിത ഉയര്‍ച്ചയ്ക്ക് സ്വാഭാവിക തിരുത്തലുണ്ടായി. ബുധനാഴ്ച സൂചികകള്‍ ഒറ്റയടിക്ക് താഴ്ന്നതോടെ നിക്ഷേപകര്‍ നേരിട്ടത് ഒന്‍പത് ലക്ഷം കോടി രൂപയുടെ നഷ്ടം. സെന്‍സെക്സ് ആയിരം പോയിന്‍റാണ് ഇടിഞ്ഞത്. ബാങ്കിങ് ഓഹരികളാണ് ഗണ്യമായ വിലത്തകര്‍ച്ച നേരിട്ടത്. നിക്ഷേപകര്‍ വലിയതോതില്‍ ലാഭമെടുപ്പ് നടത്തിയതും ഒപ്പം കോവിഡിന്‍റെ ആശങ്കയും തിരിച്ചടിയായി. എന്നാല്‍ വാരാന്ത്യത്തില്‍ സൂചികകള്‍ ചെറിയതോതില്‍ തിരിച്ചുകയറി. സെന്‍സെക്സ് 241 പോയിന്‍റ് കൂടി 71,106ലും നിഫ്റ്റി 94 പോയിന്‍റ് നേട്ടത്തോടെ 21,349ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  പുതിയ ഐപിഒകള്‍ ലക്ഷ്യമിട്ട് റിട്ടെയില്‍ നിക്ഷേപകരുടെ വലിയ ഒഴുക്ക് ഈയാഴ്ച വിപണിയിലുണ്ടായി. ഈ മാസം 11 കമ്പനികളാണ് ഐപിഒയുമായി രംഗത്തുവന്നത്. അതേമയം, അസംസ്കൃത എണ്ണയുടെ വില കൂടുന്നത് വിപണിക്ക് തിരിച്ചടിയാണ്. ചെങ്കടല്‍ കേന്ദ്രീകരിച്ചുള്ള യുദ്ധം തുടര്‍ന്നാല്‍ അത് ആഗോളവിപണികളെ ദോഷകരമായി ബാധിച്ചേക്കും.

share market review