ipo-boom-in-stock-market

തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്ത് ഓഹരി വിപണി. രണ്ടാം പാദത്തിലെ ജി‍ഡിപി ഡാറ്റ ഏഴു പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിട്ടും വിപണിയെ മുന്നോട്ട് നയിച്ചത് ഫാര്‍മ, റിയലിറ്റി, ഓട്ടോ ഓഹരികളിലെ മുന്നേറ്റമാണ്. നിഫ്റ്റി 144.95 പോയന്‍റ് ഉയര്‍ന്ന് 24,276 ലും സെന്‍സെക്സ് 445.29 പോയന്‍റ് നേട്ടത്തില്‍ 80,248 ലും ക്ലോസ് ചെയ്തു. 

തിങ്കളാഴ്ച 79,743 ല്‍ വ്യാപാരം ആരംഭിച്ച സെന്‍സെക്സ് 79308 വരെ താഴ്ന്നിരുന്നു. ശേഷമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. അള്‍ട്രാടെക് സിമന്‍റ്, ജെഎസ്ഡബ്ലു സ്റ്റീല്‍, അദാനി പോര്‍ട്, ടെക് മഹീന്ദ്ര, ടൈറ്റാന്‍ ഓഹരികള്‍ സെന്‍സെക്സില്‍ നേട്ടമുണ്ടാക്കി. ടിസിഎസ്, ഏഷ്യന്‍ പെയിന്‍റ്, എസ്ബിഐ, എല്‍ ആന്‍ഡ് ടി, പവര്‍ ഗ്രിഡ് എന്നിവ നഷ്ടത്തിലാണ്. 

24,140 ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 24080 വരെ താഴ്ന്ന ശേഷമാണ് 24,301 എന്ന ഇന്‍ട്രാഡേ ഉയരത്തിലെത്തിയത്. അള്‍ട്രാടെക് സിമന്‍റ്, അപ്പോളോ ഹോസ്പിറ്റല്‍, ഗ്രീസിം, ശ്രീറാം ഫിനാന്‍സ്, ജെഎസ്ഡബ്ലു സ്റ്റീല്‍ എന്നിവ നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ലൈഫ്, എന്‍ടിപിസി, സിപ്ല, എസ്ബിഐ ലൈഫ്, ഹിന്ദുസ്ഥാന്‍‍ യുണിലെവര്‍ എന്നിവയാണ് സെന്‍സെക്സില്‍ ഇടിഞ്ഞ പ്രധാന ഓഹരികള്‍.

സാമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പകുതിയില്‍ സര്‍ക്കാര്‍ ചിലവാക്കലുകള്‍ വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്നത്തെ റാലിയെന്നാണ് വിലയിരുത്തല്‍. അതോടൊപ്പം ദുര്‍ബലമായ ജിഡിപി ഡാറ്റ, റിസര്‍വ് ബാങ്കില്‍ സബ്ദ്‍വ്വസ്ഥയെ ശക്തിപ്പെടുത്തുന്ന തീരുമാനമെടുക്കാന്‍ സമ്മര്‍ദ്ദം ചെലത്തുമെന്നും നിക്ഷേപകര്‍ വിലയിരുത്തുന്നു. അതേസമയം ജിഡിപി ഡാറ്റ താഴെ പോയത് രൂപയ്ക്ക് തിരിച്ചടിയായി. രൂപ ഡോളറിനെതിരെ 0.25 ശതമാനം ഇടിഞ്ഞ് 84.96 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്.

കേരള ഓഹരികളില്‍ കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് നേട്ടം തുടരുകയാണ്. അഞ്ച് ശതമാനം ഉയര്‍ന്ന് 1656.15 രൂപയിലാണ് ക്ലോസിങ്.  പ്രതിരോധ മന്ത്രാലയവുമായി 1000 കോടി രൂപയുടെ കരാറിലെത്തിയതാണ് ഓഹരിക്ക് നേട്ടമായി. കഴിഞ്ഞ ആറു വ്യാപാര ദിവസങ്ങളില്‍ അഞ്ചാം ദിവസമാണ് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് അപ്പര്‍ സര്‍ക്യൂട്ട് തൊടുന്നത്. താഴ്ന്ന നിലവാരത്തില്‍ നിന്ന് ഓഹരി ഇതുവരെ ഏകദേശം 30 ശതമാനം കരകയറി. 

കിറ്റക്സ്, ഫാക്ട്, ധനലക്ഷ്മി ബാങ്ക് എന്നിവ അര ശതമാനം വരെ ഇടിഞ്ഞു. സൗത്ത് ഇന്ത്യന്‍ ബാങ്ക് 1.61 ശതമാനം ഇടിവിലാണ്. 

ENGLISH SUMMARY:

Stock market comes back from day low, Cochin Shipyard hit upper circut.