കേരളം ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2023 പൊതുവെ നല്ലകാലം. പ്രാരംഭ മൂലധന ഫണ്ടിങില്‍ വലിയ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം കേരള സ്റ്റാര്‍ട്ടപ്പുകള്‍ നേടിയത്. ഡാറ്റ ഇന്‍റലിജന്‍സ് പ്ലാറ്റ്ഫോമായ ട്രാക്സന്‍ ജിയോയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2023 ല്‍ 26.2 മില്യണ്‍ യുഎസ് ഡോളറിന്‍റെ പ്രാരംഭ മൂലധന നിക്ഷേപമാണ് കേരള സ്റ്റാര്‍ട്ടപ്പുകള്‍ സ്വന്തമാക്കിയത്. 2022 ല്‍ 18.7 മില്യണ്‍ ഡോളര്‍ നിക്ഷേപം സമാഹരിച്ചിടത്ത് നിന്ന് 40 ശതമാനത്തിന്‍റെ വര്‍ധവ്.

അവാന ക്യാപിറ്റല്‍ അഡ്വൈസേഴ്സ്, 9യുനികോണ്‍സ്, ഹഡ്ഡില്‍ എന്നിവരാണ് കേരള സ്റ്റാര്‍ട്ടപ്പുകളെ കാര്യമായി സഹായിച്ചത്. 2023 ല്‍ കേരള സ്റ്റാര്‍ട്ടപ്പുകള്‍ ആകെ 33.2 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം സമാഹരിച്ചു. 2022 ലെ 28.9 മില്യണ്‍ ഡോളറിനേക്കാള്‍ 15 ശതമാനം വര്‍ധനവാണിത്.

ഈ മേഖലകളില്‍ മുന്നേറ്റം

ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ടെക് സ്റ്റാര്‍ട്ടപ്പുകളാണ് 2023 ല്‍ കൂടുതല്‍ നിക്ഷേപം സമാഹരിച്ചത്. ഈ സെക്ടറില്‍ 266 ശതമാനത്തിന്‍റെ വര്‍ധനവ് കാണാം. 2022 ല്‍ 2 മില്യണ്‍ ഡോളര്‍ നിക്ഷേപം എത്തിയ ഇടത്ത് 2023 ല്‍ 7.4 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം വന്നു. റിട്ടെയില്‍ സെക്ടറില്‍ 3.9 മില്യണ്‍ ഡോളറെത്തി. അതേസമയം എഡ്യുക്കേഷനല്‍ ടെക്നോളജി കമ്പനികളില്‍ നിക്ഷേപം 7.20 മില്യണ്‍ ഡോളറില്‍ നിന്ന് 3.47 മില്യണ്‍ ഡോളറായി ചുരുങ്ങി.

കേരള സ്റ്റാര്‍ട്ടപ്പുകളില്‍ കൊച്ചി ആസ്ഥാനമാക്കിയവയാണ് 87 ശതമാനം ഫണ്ടും സ്വന്തമാക്കിയത്. 29 മില്യണ്‍ ഡോളര്‍ വരുമിത്. ആലപ്പുഴ ആസ്ഥാനമായ സ്റ്റാര്‍ട്ടപ്പുകള്‍ 4 മില്യണ്‍ ഡോളറും തിരുവനന്തപുരം ആസ്ഥാനമായവ 7 ലക്ഷം ഡോളറും സമാഹരിച്ചു. 

ഏറ്റെടുക്കല്‍

2023 ല്‍ 6 ഏറ്റെടുക്കലും കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്കിടയില്‍ കണ്ടു. 61 മില്യണ്‍ ഡോളറിന് സൈലം ലേര്‍ണിംഗിനെ ഫിസിക്സ് വാല ഏറ്റെടുത്തു. കൊച്ചി ആസ്ഥാനമായ എയ്സ്മണിയെ റേഡിയന്‍റ് ക്യാഷ് മാനേജ്മെന്‍റും തിരുവന്തപുരം ആസ്ഥാനമായ പെര്‍ഫോമാറ്റിക്സിനെ  യുഎസ് കമ്പനി വ്രിസും ഏറ്റെടുത്തു.  തിരുവനന്തപുരത്ത് നിന്നുള്ള വേബിയോവ്, കൊച്ചി കമ്പനിയായ കെയര്‍സ്റ്റാക്കിന്‍റെ കയ്യിലെത്തി. ഗരിനെയിന്‍ ഗ്രൂപ്പ് കോഴിക്കോട് ആസ്ഥാനമായ ബെന്‍ഡ്‍ലോണിനെയും കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തിരുന്നു.

Kerala based startups seen a rise in seed stage funding in 2023