‘2008-ൽ ഞാൻ സൊമാറ്റോ ആരംഭിച്ചപ്പോൾ ഞങ്ങളുടെ കുടുംബ പശ്ചാത്തലം കണക്കിലെടുത്ത് എനിക്ക് ഒരിക്കലും ഒരു സ്റ്റാർട്ട് അപ്പ് തുടങ്ങാന്‍ കഴിയില്ലെന്നാണ് എന്‍റെ അച്ഛന്‍ പറഞ്ഞിരുന്നത്. ‘നിന്റെ പിതാവാരെന്ന് ഓര്‍ക്കണം എന്ന് അദ്ദേഹം പറയുമായിരുന്നു.’ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലിന്‍റെ വാക്കുകളാണിവ. കഴിഞ്ഞ ദിവസം അതേവാക്കുകള്‍ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ ഇങ്ങനെ കുറിച്ചു.... ‘ഇന്നത്തെ ഇന്ത്യയില്‍ ഒരാളുടെ കുടുംബപ്പേരല്ല മറിച്ച് കഠിനാധ്വാനമാണ് പ്രധാനം. നിങ്ങളുടെ യാത്ര ശരിക്കും പ്രചോദനമാണ്. ഒരു സംരംഭം എന്ന സ്വപ്നം പിന്തുടരുന്ന എല്ലാ യുവാക്കള്‍ക്കും ഈ യാത്ര പ്രചോദനമാണ്.’
നിന്റെ പിതാവാരെന്ന് ഓര്‍ക്കണം എന്ന് പറഞ്ഞ അതേ പിതാവിന്‍റെ മകനാണ് ഇന്ന് ഒറ്റ ക്ലിക്കില്‍ ഭക്ഷണം വീട്ടുപടിക്കല്‍ എത്തുന്ന തരത്തില്‍ തന്‍റെ ഡെലിവറി ആപ്പിലൂടെ ഫുഡ് ഇന്‍ഡസ്ട്രിയെ തന്നെ മാറ്റി മറിച്ചത്. തികച്ചും സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ഒരു ‘ടെക്കി’. ഐഐടി ബിരുദധാരിയായ ആ യുവാവ് എങ്ങനെ ഫുഡ് ഡെലിവറി പോലുള്ള ഒരു ആശയത്തിലേക്ക് തിരിഞ്ഞു? ദീപീന്ദര്‍ എന്ന യുവാവിന്‍റെ നിശ്ചയദാർഢ്യം തന്നെയാണ് പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിനും സൊമാറ്റോയെ ആഗോള തലത്തില്‍ വളര്‍ത്തിയെടുത്തതിനും പിന്നില്‍.
1983 ജനുവരി 26 ന് പഞ്ചാബിലാണ് ദീപീന്ദര്‍ ഗോയലിന്‍റെ ജനനം. 2005 ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മാത്തമാറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിങില്‍ ബിരുദം. ടെക്നോളജിയിലെ ബിരുദം കൂട്ടുണ്ടെങ്കിലും ദീപീന്ദറിന്‍റെ ഇഷ്ടങ്ങള്‍ ഭക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നു. ഭക്ഷണം വാങ്ങാന്‍ റസ്റ്ററന്‍റുകള്‍ക്കു മുന്നില്‍ ആളുകള്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്ന കാഴ്ചയില്‍ നിന്നാണ് സൊമാറ്റോയുടെ ഉദയം. എന്നാല്‍ അന്നും ഡോര്‍ സ്റ്റെപ്പ് ഡെലിവറികളും ഓണ്‍ലൈന്‍ ഡെലിവറി സിസ്റ്റവും ഉണ്ടായിരുന്നു. പക്ഷേ ഭക്ഷണത്തിന്‍റെയോ റസ്റ്ററന്‍റിയോ നിലവാരം, ഉപഭോക്താക്കളുടെ അഭിപ്രായം, ഭക്ഷണം വാങ്ങുമ്പോഴുള്ള ഡിസ്കൗണ്ട് ഒന്നും തന്നെ ഇത്തരം ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമല്ലായിരുന്നു. അതിനാല്‍ തന്നെ വിശ്വസനീയമായ വിവരങ്ങൾ ഉള്‍പ്പെടുത്തിയുള്ള ഒരു പ്ലാറ്റ്ഫോം എന്നതാണ് സൊമാറ്റോയുടെ പിന്നിലെ ആശയം.
ബിരുദത്തിന് ശേഷം ബെയിൻ & കമ്പനിയില്‍ സീനിയര്‍ അസോസിയേറ്റ് കണ്‍സള്‍ട്ടന്‍റ് ആയി ജോലി ചെയ്തിരുന്ന കാലത്താണ് 2008 ല്‍ പങ്കജ് ചദ്ദയുമായി ചേര്‍ന്ന് ദീപീന്ദര്‍ ഫൂഡി ബേ ഡോട്ട് കോം ആരംഭിക്കുന്നത്. എന്നാല്‍ ഏതൊരു സംരംഭത്തിന്‍റെയും ആരംഭം പോലെതന്നെയായിരുന്നു ഫൂഡിബേയുടെ ആരംഭവും. ആദ്യ വർഷങ്ങളിൽ ഫണ്ടിംഗ് ഉറപ്പാക്കുന്നതിനും ഉപയോക്തൃ അടിത്തറ കെട്ടിപ്പടുക്കുന്നതിനും വെല്ലുവിളികള്‍ സൊമാറ്റോ (അന്ന് ഫൂഡി ബേ) നേരിട്ടു. എന്നാല്‍ ദീപീന്ദര്‍ ഗോയലിന്‍റെ നിശ്ചയദാർഢ്യവും തന്ത്രപ്രധാനമായ തീരുമാനങ്ങളുമാണ് ഈ പ്രതിബന്ധങ്ങളെ തരണം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിച്ചത്.
ആരംഭിച്ച് ഒന്‍പത് മാസത്തിനുള്ളില്‍ തന്നെ രാജ്യ തലസ്ഥാനത്തെ ഏറ്റവും വലിയ ഫുഡ് ഡയറക്ടറി സേവനമായി ഫൂഡിബേ മാറി. രണ്ട് വര്‍ഷത്തിന് ശേഷം സൊമാറ്റോയായി റീ ബ്രാന്‍ഡ്‍ ചെയ്തതിന് ശേഷം പിന്നീട് ദീപിന്ദറിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നിക്ഷേപകരിൽ നിന്നുള്ള പിന്തുണ വര്‍ധിച്ചു. ഒപ്പം ഇൻഫോ എഡ്ജ് ഇന്ത്യ, സെക്വോയ, വൈ ക്യാപിറ്റൽ, ടെമാസെക്, ആലിബാബയുടെ ആൻ്റ് ഫിനാൻഷ്യൽ എന്നിങ്ങനെ പ്രമുഖരായ നിക്ഷേപകരുടെ പോർട്ട്‌ഫോളിയോയും സൊമാറ്റോ നിർമ്മിച്ചു. ഈ വർഷമാദ്യം ആന്‍റ് ഫിനാൻഷ്യലിന്‍റെ 200 മില്യൺ ഡോളർ നിക്ഷേപം സൊമാറ്റോയുടെ മൂല്യം 1 ബില്യൺ ഡോളറായി ഉയര്‍ത്തിയിരുന്നു,
വിദേശ രാജ്യങ്ങളിലേക്ക് വളരെ പെട്ടെന്നാണ് സൊമാറ്റോ കടന്നു ചെല്ലുന്നത്. ഡൽഹിയിലെ വിജയത്തിന് തൊട്ടുപിന്നാലെ പൂനെ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് സൊമാറ്റോ വ്യാപിപിച്ചു. 2012 ഓടെ, ശ്രീലങ്ക, യുഎഇ, ഖത്തർ, ദക്ഷിണാഫ്രിക്ക, യുകെ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും 2013 ൽ ന്യൂസിലാൻഡ്, തുർക്കി, ബ്രസീൽ എന്നീ രാജ്യങ്ങളിലും സൊമാറ്റോ എത്തി. പിന്നാലെയാണ് സൊമാറ്റോ ആപ്പ് പുറത്തിറക്കുന്നത്.
2014 ൽ, പോളണ്ടിലെ റെസ്റ്റോറന്‍റ് സെര്‍ച്ച് സേവനമായ ഗാസ്ട്രോനൗസിയെയും ഇറ്റാലിയൻ റസ്റ്റോറൻ്റ് ഫൈൻഡറായ ക്യൂബാനോയെയും സൊമാറ്റോ ഏറ്റെടുത്തു. തൊട്ടടുത്ത വർഷം യുഎസ് ആസ്ഥാനമായുള്ള ഓൺലൈൻ ടേബിൾ റിസർവേഷൻ പ്ലാറ്റ്‌ഫോം നെക്‌സ്‌ടേബിളിനെയും സൊമാറ്റോ ഏറ്റെടുത്തു. സൊമാറ്റോയുടെ ഏറ്റവും വലിയ ഏറ്റെടുക്കലായിരുന്നു ഇത്. പിന്നാലെ യുഎസ് ആസ്ഥാനമായുള്ള മറ്റൊരു റെസ്റ്റോറന്‍റ് ഡയറക്‌ടറി അർബൻസ്‌പൂണിനെയും സൊമാറ്റോ സ്വന്തമാക്കിയെങ്കിലും അഞ്ച് മാസത്തിനുള്ളിൽ അത് അടച്ചുപൂട്ടേണ്ടി വന്നു.
2021 ജൂലൈ 14 മുതൽ 16 വരെയായിരുന്നു സൊമാറ്റോയുടെ പ്രാഥമിക ഓഹരി വിൽപ്പന (ഐപിഒ). അവസാന ദിവസം ഓഹരികൾ 40 തവണയിലേറെ സബ്സ്ക്രൈബ് ചെയ്തു. ക്യുഐബികളിൽ നിന്നും റീട്ടെയിൽ വിഭാഗത്തിൽ നിന്നുമുള്ള മികച്ച പ്രതികരണം ഐപിഒയ്ക്കുണ്ടായി. ഇന്ത്യൻ സ്റ്റാർട്ട്-അപ്പ് ഇക്കോസിസ്റ്റത്തിൽ ഏറെ ആഘോഷിക്കപ്പെട്ട ഐപിഒയായിരുന്നു സൊമാറ്റോയുടേത്. ജൂലൈ 16-ന് 35 മടങ്ങ് അധിക സബ്‌സ്‌ക്രിപ്‌ഷനോടെയാണ് ഐപിഒ അവസാനിച്ചത്. 2021 നവംബർ 16-ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ സൊമാറ്റോയുടെ ഓഹരി വില എക്കാലത്തെയും ഉയർന്ന നിരക്കായ 169.10 രൂപയിലെത്തി.
2021 ല്‍ സ്റ്റാർട്ടപ്പ് ഓഫ് ദ ഇയർ ആയി സൊമാറ്റോ തിരഞ്ഞെടുക്കപ്പെട്ടു. ഇതിനെല്ലാം പിന്നില്‍ ദിപീന്ദർ ഗോയല്‍ എന്ന സാധാരണക്കാരന്‍റെ ദൃഢനിശ്ചയവും പ്രതിബദ്ധതയും തന്നെയായിരുന്നു. ഇന്ന് ഇന്ത്യയില്‍ മാത്രമല്ല അന്താരാഷ്ട്രതലത്തിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ശൃംഘലയാണ് സൊമാറ്റോ. ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൊമാറ്റോയുടെ സേവനങ്ങൾ വൈവിധ്യവത്കരിച്ചുകൊണ്ടിരിക്കുകയാണ് ദീപീന്ദര്‍ ഗോയല്‍ എന്ന നാല്‍പ്പത്തിയൊന്നുകാരന്‍.