ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 85 ശതമാനം നികുതി വെട്ടികുറച്ച് കേന്ദ്രത്തിന്‍റെ പുതിയ ഇവി നയം. പ്രശസ്തരായ ആഗോള നിര്‍മാതാക്കളുടെ നിക്ഷേപം സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പോളിസിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാറിന്‍റെ പുതിയ നീക്കം ഇലോണ്‍ മക്സിന്‍റെ ടെസ്‍ലയ്ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് വഴി തെളിക്കും. നേരത്തെ ഇന്ത്യന്‍ വിപണിയില്‍ താല്‍പര്യമുണ്ടായിരുന്ന ഇലോണ്‍ മസ്ക് ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി നികുതിയാണ് പ്രശ്നമായി ചൂണ്ടിക്കാണിച്ചത്.  

 

രാജ്യത്തെ ഇലക്ട്രോണിക് വാഹനങ്ങളുടെ നിര്‍മാണ കേന്ദ്രമാക്കി മാറ്റുന്നതിനാണ് കേന്ദ്രം പുതിയ ഇവി നയത്തിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നയം പ്രകാരം കമ്പനികള്‍ കുറഞ്ഞത്  4,150 കോടി രൂപ മുതല്‍ നിക്ഷേപിക്കാം. ഇത്തരം കമ്പനികള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിക്കണം. 25 ശതമാനം പ്രാദേശിക ഘടകങ്ങള്‍ ഉപയോഗിച്ചാകണം നിര്‍മാണം എന്നിങ്ങനെയാണ് ചട്ടം. ഈ ചട്ടങ്ങള്‍ പാലിക്കുന്ന കമ്പനികളെ 15 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയോടെ വര്‍ഷത്തില്‍ 8,000 ഇലക്ട്രിക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കും. കുറഞ്ഞത് 29 ലക്ഷം രൂപ വിലയുള്ള കാറുകളുടെ ഇറക്കുമതിക്കാണ് അനുമതിയുള്ളത്. അഞ്ചു വര്‍ഷത്തേക്കാണ് കുറഞ്ഞ നികുതി. നിലവില്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് അവയുടെ വില അനുസരിച്ച് 70-100 ശതമാനമാണ് നികുതി.  

 

ഇലോണ്‍ മസ്കിന്‍റെ ടെസ്‍ല മാത്രമല്ല ഇന്ത്യന്‍ വിപണിയില്‍ കണ്ണുവെയ്ക്കുന്നത്. വിയറ്റ്നാം കമ്പനിയായ വിന്‍ഫസ്റ്റ് ഇറക്കുമതി നികുതി കുറയ്ക്കണമെന്ന ആവശ്യം നേരത്തെ സര്‍ക്കാറിന് മുന്നില്‍ വെച്ചിരുന്നു. വിന്‍ഫസ്റ്റും തമിഴ്നാട് സര്‍ക്കാറും 16,577 കോടി രൂപ നിക്ഷേപിക്കാനുള്ള ധാരണയിലെത്തിയിട്ടുണ്ട്. അതേസമയം നികുതി കുറയ്ക്കാനുള്ള ആവശ്യത്തോട് ഇന്ത്യന്‍ ഇവി നിര്‍മാതാക്കള്‍ക്ക് എതിര്‍പ്പാണ്. പ്രാദേശിക നിര്‍മാതാക്കളെ പ്രമോട്ട് ചെയ്യാനും ശക്തമായ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കെട്ടിപ്പെടുത്തണമെന്നുമാണ് മഹീന്ദ്രയും ടാറ്റയും ആവശ്യപ്പെടുന്നത്. 

 

കഴിഞ്ഞ വര്‍ഷത്തെ ആകെ കാര്‍ വില്‍പ്പനയുടെ രണ്ട് ശതമാനം മാത്രമാണ് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റത്. 2023 ഓടെ ഇത് 30 ശതമാനത്തിലെത്തിക്കുകയാണ് സര്‍ക്കാറിന്‍റെ ലക്ഷ്യം. നിലവിലെ വിപണിയില്‍ ടാറ്റ മോട്ടോഴ്സാണ് മുന്നില്‍ നില്‍ക്കുന്നത്. അതിനാല്‍ തന്നെ പുതിയ നയം ഇന്ത്യന്‍ ഓട്ടോ കമ്പനികള്‍ക്ക് അത്ര രസിച്ചിട്ടില്ല. വെള്ളിയാഴ്ച ചാഞ്ചാട്ടം കണ്ട ഓഹരി വിപണിയില്‍ നിഫ്റ്റി ഓട്ടോ സൂചിക 1.60 ശതമാനം ഇടിഞ്ഞു. മഹീന്ദ്ര 4.80 ശതമാനവും ടാറ്റ മോട്ടോഴ്സ് 2.30 ശതമാനവും ഇടിഞ്ഞാണ്. 

new ev policy cut import duty by 85 percentage and increase chance for tesla enter to India