സെന്‍സെക്സിലെ 30 ഓഹരികളുടെ പട്ടികയില്‍ ഇടംപിടിച്ച് അദാനി പോര്‍ട്ട്്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍. ബോബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്‍റെ അര്‍ധവാര്‍ഷിക റീബാലന്‍സിന്‍റെ ഭാഗമായാണ് സ്ഥാനകയറ്റം. വിപ്രോ ലിമിറ്റ‍ഡിന് പകരമാണ് അദാനി പോര്‍ട്ട്സ് സെന്‍സെക്സിലെത്തുന്നതെന്ന് ബിഎസ്ഇ വ്യക്തമാക്കി. അദാനി ഗ്രൂപ്പില്‍ നിന്ന് ആദ്യമായാണൊരു കമ്പനി സെന്‍സെക്സിലേക്ക് എത്തുന്നത്. ജൂണ്‍ 24 മുതല്‍ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.

വിപണി മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ 50 വലിയ കമ്പനികളെ ഉള്‍കൊള്ളുന്ന നിഫ്റ്റി 50യില്‍ അദാനി പോര്‍ട്സും അദാനി എന്‍റര്‍പ്രൈസും നേരത്തെ സ്ഥാനം പിടിച്ചിരുന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരിയില്‍ മികച്ച ലിക്വിഡിറ്റിയുള്ളതും മികച്ച സാമ്പത്തിക നിലവാരമുള്ളതുമായ കമ്പനികളെ ട്രാക്ക് ചെയ്യുന്ന സൂചികയാണ് സെന്‍സെക്സ്. 

ബിഎസ്ഇ 100, സെന്‍സെക്സ് 50, സെന്‍സെക്സ് നെക്സ്റ്റ് 50, ബിഎസ്ഇ ബാങ്ക്എക്സ്, ബിഎസ്ഇ 100 എന്നീ സൂചികകളിലും മാറ്റങ്ങളുണ്ട്. പേജ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ കാര്‍ഡ്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷൂറന്‍സ്, ജുബിലന്‍ഡ് ഫുഡ്‍വര്‍ക്സ്, സീ എന്‍റര്‍ടെയിന്‍മെന്‍റ് എന്നിവ ബിഎസ്ഇ 100 ല്‍ നിന്ന് പുറത്തായി. ആര്‍ഇസി ലിമിറ്റഡ്, എച്ച്ഡിഎഫ്സി എഎംസി, കാനറ ബാങ്ക്, കുമ്മിന്‍സ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നി ഓഹരികള്‍ക്കാണ് സ്ഥാനകയറ്റം. 

ടാറ്റ ഗ്രൂപ്പ് ഓഹരിയായ ട്രെന്‍ഡ് ലിമിറ്റഡ് സെന്‍സെക്സ് 50 ലേക്ക് എത്തും. ഡിവീസ് ലബോറട്ടറീസിനാണ് സൂചികയില്‍ നിന്ന് സ്ഥാനം നഷ്ടമാവുക. ബിഎസ്ഇ ബാങ്ക്എക്സ് സൂചികയിലേക്ക് യെസ് ബാങ്കും കാനറ ബാങ്കും എത്തും. എയു സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവയാണ് പുറത്ത് പോകുന്നത്. അദാനി പോര്‍ട്സ് സെന്‍സെക്സിലേക്ക് എത്തുന്നതോടെ സൂചികയയെ ട്രാക്ക് ചെയ്യുന്ന ഫണ്ടുകളില്‍ നിന്ന് 252 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം ഓഹരിയിലെത്തുമെന്നാണ് വിപണി വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. അതേസമയം വിപ്രോയ്ക്ക് 161മില്യണ്‍ ഡോളറിന്‍റെ കൊഴിഞ്ഞുപോക്കുണ്ടാകാം. 

ENGLISH SUMMARY:

Adani Ports Share Replace Wipro In Sensex