സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ നിരവധി മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ക്രെഡിറ്റ് കാർഡിലും ആദായ നികുതിയിലും ഓഹരി വിപണിയിലും ശ്രദ്ധിക്കേണ്ട പ്രധാന ദിവസങ്ങളുണ്ട്. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ജൂൺ ആദ്യ ആഴ്ചയിൽ പുറത്തുവരികയാണ്. നാലാം തിയതിയിലെ ഫലവും അതിന് മുന്നോടിയായുള്ള എക്സിറ്റ് പോളും ഓഹരി വിപണിയിൽ ചലനങ്ങളുണ്ടാക്കും. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം 10 ദിവസം കൊണ്ട് 11,100 ൽ നിന്ന് 11,900 ത്തിലേക്കാണ് നിഫ്റ്റി കുതിച്ചത്. ഈ തിരഞ്ഞെടുപ്പ് ഫലം വിപണിയെ എങ്ങനെ സ്വാധീനിക്കുമെന്ന് ജൂൺ ആദ്യവാരം അറിയാം.
മ്യൂച്വൽ ഫണ്ട് നോമിനേഷൻ
മ്യൂച്വൽ ഫണ്ട് നിക്ഷേപമുള്ളവർക്ക് നോമിനേഷൻ വിവരങ്ങൾ നൽകാൻ സെബി നൽകിയ അവസാന തിയതി ജൂണിൽ അവസാനിക്കും. ജൂൺ 30 തിന് മ്യൂച്വൽ ഫണ്ട് നാമനിർദ്ദേശം ചെയ്യാത്തവർക്ക് നിക്ഷേപം പിൻവലിക്കാൻ സാധിക്കില്ല. 2022 ഒക്ടോബർ ഒന്നിന് ശേഷം ആരംഭിച്ച ഫോളിയോകൾക്കാണ് നോമിനേഷൻ ബാധകം. നോമിനേഷൻ പൂർത്തിയാക്കാത്തവർക്ക് ജൂലൈ ഒന്ന് മുതൽ മ്യൂച്വൽ ഫണ്ട് നിക്ഷേപം പിൻവലിക്കാനോ, സിസ്റ്റമാറ്റിക്ക് വിത്ത്ഡ്രോവൽ പ്ലാൻ, സിസ്റ്റമാറ്റിക്ക് ട്രാൻസ്ഫർ പ്ലാൻ എന്നി ഇടപാടുകൾ നടത്താനോ സാധിക്കില്ല.
മുൻകൂർ നികുതി
2024-25 സാമ്പത്തിക വർഷത്തിലെ മുൻകൂർ നികുതിയുടെ ആദ്യഗഡു അടയ്ക്കേണ്ട അവസാന തീയതി ജൂൺ 15 ആണ്. സാമ്പത്തിക വർഷത്തിൽ നികുതി ബാധ്യത 10,000 രൂപയോ അതിന് മുകളിലോ പ്രതീക്ഷിക്കുന്ന വ്യക്തിഗത നികുതിദായകർ മുൻകൂർ നികുതി അടയ്ക്കാൻ ബാധ്യസ്ഥരാണ്. നാല് തവണകളായാണ് മുൻകൂർ നികുതി അടയ്ക്കേണ്ടത്. മുൻകൂർ നികുതിയുടെ 15 ശതമാനം ജൂൺ 15 ന് മുൻപ് അടയ്ക്കണം. മുൻകൂർ നികുതി അടയ്ക്കാൻ വൈകിയാൽ, കുടിശികയുള്ള തുകയ്ക്ക് നികുതിദായകൻ പിഴ നൽകേണ്ടി വരും.
എച്ച്ഡിഎഫ്സി എസ്.എം.എസ് അലർട്ട്
ചെറിയ തുകയുടെ യു.പി.ഐ ഇടപാടുകൾക്ക് എസ്.എം.എസ് അലർട്ട് നൽകുന്നത് എച്ച്ഡിഎഫ്സി ബാങ്ക് ഒഴിവാക്കുകയാണ്. ജൂൺ 25 മുതൽ 100 രൂപയിൽ കൂടുതലുള്ള ഡെബിറ്റ് ഇടപാടും 500 രൂപയിൽ കൂടുതലുള്ള ക്രെഡിറ്റ് ഇടപാടും മാത്രമെ എസ്.എം.എസ് അലർട്ടായി ലഭിക്കുകയുള്ളൂ. ഇ–മെയിൽ അപ്ഡേറ്റുകൾ മാറ്റമില്ലാതെ തുടരും.
സൗജന്യ ആധാർ അപ്ഡേറ്റ്
ജൂൺ 14 വരെ ആധാർ കാർഡ് ഉടമകൾക്ക് ഓൺലൈൻ വഴി സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാം. ഓഫ്‍ലൈനായി ആധാർ അപ്ഡേഷന് 50 രൂപയാണ് ഫീസ്.
ക്രെഡിറ്റ് കാർഡിലെ മാറ്റങ്ങൾ ഇങ്ങനെ..
ബാങ്ക് ഓഫ് ബറോഡയുടെ കോ- ബ്രാൻഡഡ് ക്രെഡിറ്റ് കാർഡായ ബി.ഒ.ബികാർഡ് വൺ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് പലിശ നിരക്കും ലേറ്റ് പേയ്‌മെൻറ് ഫീസുമാണ് വർധിച്ചത്. ജൂൺ 23 മുതൽ പുതുക്കിയ നിരക്ക് ഈടാക്കും. കെഡിറ്റ് കാർഡ് ബില്ലിൽ കുടിശികയുള്ള തുകയുടെ പലിശ പ്രതിമാസം 3.57 ശതമാനം (വർഷത്തിൽ 45%) ആക്കി ഉയർത്തി. ക്രെഡിറ്റ് ലിമിറ്റിഡ് മുകളിൽ തുക ഉപയോഗിച്ചാൽ അധികമായി ഉപയോഗിച്ച തുകയുടെ 2.5 ശതമാനമോ 500 രൂപയോ, ഏതാണ് ഉയർന്ന തുകയെന്ന് നോക്കി പിഴ ഈടാക്കും.
ജൂൺ 21 മുതൽ സ്വിഗ്ഗി എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിൻറെ കാഷ്ബാക്ക് ഘടനയിൽ മാറ്റം വരും. സ്വിഗ്ഗി ആപ്പിലെ സ്വിഗ്ഗി മണിയായി കാഷ്ബാക്ക് ക്രെഡിറ്റാകുന്നതിന് പകരം നേരിട്ട് ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്മെന്റിൽ കാഷ്ബാക്ക് പ്രതിഫലിക്കും. സർക്കാറുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് ചില ക്രെഡിറ്റ് കാർഡുകളിൽ എസ്.ബി.ഐ ഇനി മുതൽ റിവാർഡ് പോയിന്റ് നൽകില്ല. ഔറം, എസ്ബിഐ കാർഡ് എലൈറ്റ് എന്നിവയെയാണ് ഈ തീരുമാനം ബാധിക്കുക. ജൂൺ 18 മുതൽ ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് വാടക പേയ്മെന്റിന് റിവാർഡ് പോയിന്റ് ലഭിക്കില്ല.