തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഓഹരി വിപണിക്ക് തിരിച്ചടിയായി എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്). സെന്‍സെക്സ് 1,258 പോയിന്‍റ് (1.59%) ഇടിഞ്ഞ് 77,964 ലും നിഫ്റ്റി 388 പോയിന്‍റ് (1.62%) നഷ്ടത്തില്‍ 23,616 ലും ക്ലോസ് ചെയ്തു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്യുന്നത്.
വെള്ളിയാഴ്ചയിലെ ക്ലോസിങ് നിലവാരമായ 79,223ൽ നിന്ന് നേട്ടത്തോടെ 79,281ൽ സെന്‍സെക്സ് വ്യാപാരം തുടങ്ങിയത്. പിന്നീട് 1,500 പോയിന്‍റ് ഇടിഞ്ഞ് സെന്‍സെക്സ് 77,781 ലെത്തി. 79,532 പോയിന്‍റിലെത്തിയ ശേഷമാണ് ഇടിവ്. ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ സെന്‍സെക്സ് ഇടിവ് നികത്തിയാണ്. 24,089 നും 23,551 നും ഇടയിലാണ് നിഫ്റ്റിയുടെ വ്യാപാരം.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം 9.92 ലക്ഷം കോടി ഇടിഞ്ഞ് 439.86 ലക്ഷം കോടിയായി. നിക്ഷേപ മൂല്യത്തില്‍ ഏകദേശം 10 ലക്ഷം കോടി രൂപയോളം ഇടിവുണ്ടായി.
Also Read: എച്ച്എംപിവി ഇന്ത്യയിലും; ബെംഗളൂരുവില്‍ എട്ടു മാസം പ്രായമുള്ള കുഞ്ഞിന് രോഗം
ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളിലെ കനത്ത ഇടിവാണ് സൂചികകളെ ബാധിച്ചത്. മെറ്റല്‍സ്, പിഎസ്‍യു ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫിനാന്‍ഷ്യല്‍സ് സെക്ടറുകളിലാണ് വലിയ ഇടിവുണ്ടായത്. മിഡ്, സ്മോള്‍ കാപ് ഓഹരികളില്‍ വില്‍പന ശക്തമാണ്. വിപണി ചാഞ്ചാട്ടത്തെ അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 13 ശതമാനം ഉയര്‍ന്നു.
ട്രെൻ്റ്, ടാറ്റ സ്റ്റീൽ, ബിപിസിഎൽ, കോൾ ഇന്ത്യ, എൻടിപിസി എന്നിവയാണ് നഷ്ടത്തില്‍ മുന്നില്‍. സെന്‍സെക്സില്‍ ടൈറ്റാന്‍, എച്ച്സിഎല്‍, സണ്‍ഫാര്‍മ ഓഹരികള്‍ മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. അപ്പോളോ ഹോസ്പ്പിറ്റൽസ്, ടാറ്റ കൺസ്യൂമേഴ്സ്, ടൈറ്റാൻ എച്ച്സിഎൽ, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് നിഫ്റ്റിയിലെ നേട്ടക്കാര്‍.
നിഫ്റ്റി പിഎസ്‌യു ബാങ്ക്, നിഫ്റ്റി മെറ്റൽസ്, നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി മീഡിയ എന്നീ സെക്ടറല്‍ സൂചികകളിലാണ് വലിയ ഇടിവ്. നിഫ്റ്റി മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ രണ്ട് ശതമാനം ഇടിഞ്ഞു.
വൈറസ് പേടിക്കൊപ്പം കമ്പനികളുടെ പാദഫലം മോശമാകുമെന്ന സൂചനവും വിപണിക്ക് തിരിച്ചടിയായി. ഡിസംബര്‍ പാദത്തില്‍ ഒരു ശതമാനം മാത്രം വില്‍പന വളര്‍ച്ച രേഖപ്പെടുത്തിയ ഡാബര്‍ ഇന്ത്യ നാല് ശതമാനം ഇടിഞ്ഞു. കണ്‍സ്യൂമര്‍ ഓഹരികള്‍ ഒരു ശതമാനം വരെ ഇടിവുണ്ടായി.
ജനുവരി 9 മുതലാണ് കമ്പനികൾ ഡിസംബർപാദ പ്രവർത്തനഫലം പുറത്തുവിട്ടുന്നത്. ആദ്യഫലം ടിസിഎസ് പ്രഖ്യാപിക്കും. ഇതോടൊപ്പം വിദേശ നിക്ഷേപകരുടെ പിന്മാറ്റവും വിപണിക്ക് തിരിച്ചടിയായി.
ഡോളര്‍ ശക്തമാകുന്നതാണ് ഇടിവിന് മറ്റൊരു കാരണം. ഡോളറിന് മുന്നില്‍ രൂപയും ചൈനീസ് യുവാനും ഇടിഞ്ഞു. രൂപ 85.82 നിലവാരത്തിലേക്ക് എത്തി. എക്കാലത്തെയും താഴ്ന്ന നിലവാരമാണിത്. ഡിസംബർ അവസാന ആഴ്ച രേഖപ്പെടുത്തിയ 85.80 എന്ന മൂല്യമാണ് പഴങ്കഥയായത്. അതേസമയം ചൈനീസ് യുവാന്‍ 16 മാസത്തെ താഴ്ന്ന നിലവാരത്തിലാണ്. ഡോളര്‍ സൂചിക 108.74 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.