Gautam Adani (file- ANI)

Gautam Adani (file- ANI)

ശതകോടീശ്വരനാണെങ്കിലും ഗൗതം അദാനിയുടെ വാര്‍ഷിക ശമ്പളം ഒപ്പമുള്ളവരെക്കാളും ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗത്തെക്കാളും തുലോം കുറവെന്ന് റിപ്പോര്‍ട്ട്. അദാനിയുടെ ഡയറക്ടര്‍ ബോര്‍ഡംഗവും ജീവനക്കാരുമായ വിനയ് പ്രകാശ് 89.37 കോടി രൂപയും സി.ഇ.ഒ ജുഗേഷിന്ദര്‍ സിങ് 9.45 കോടിയും ശമ്പളമായി വാങ്ങിയപ്പോള്‍ 9.26 കോടി രൂപമാത്രമാണ് വാര്‍ഷിക ശമ്പളമായി അദാനി കൈപ്പറ്റിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തുറമുഖം മുതല്‍ ഊര്‍ജ വിതരണം വരെ നീളുന്ന പത്ത് ലിസ്റ്റഡ് കമ്പനികളുടെ ചെയര്‍മാനാണെങ്കിലും വെറും രണ്ട് കമ്പനികളില്‍ നിന്നാണ് അദാനി ശമ്പളം കൈപ്പറ്റിയത്. രണ്ട് കോടി പത്തൊന്‍പത് ലക്ഷം രൂപ ശമ്പളമായും 27 ലക്ഷം രൂപ അലവന്‍സ്, മറ്റ് ആനൂകൂല്യങ്ങളെന്നിവയായുമാണ് അദാനി എന്‍റര്‍പ്രൈസില്‍ നിന്ന് കൈപറ്റിയത്. അദാനി പോര്‍ട്ട്സ് ആന്‍റ് സെസില്‍ നിന്നാണ് 6.8 കോടി കൈപ്പറ്റിയത്. ഇതില്‍ അഞ്ച് കോടി രൂപയും കമ്മിഷന്‍ ഇനത്തിലും 1.8 കോടി രൂപ ശമ്പളമായുമാണ് അക്കൗണ്ടിലെത്തിയത്. 

മറ്റ് ബിസിനസ് ഭീമന്‍മാരും ശമ്പളം കൈപ്പറ്റിയ കണക്കില്‍ അദാനിയെക്കാള്‍ ബഹുദൂരം മുന്‍പിലാണ്. സുനില്‍ ഭാരത് മിത്തല്‍ (16.7 കോടി), രാജീവ് ബജാജ് (53.7 കോടി), പവന്‍ മുഞ്ജല്‍ (80 കോടി) എല്‍ ആന്‍റ് ടി ചെയര്‍മാന്‍ എസ്.എന്‍ സുബ്രഹ്മണ്യന്‍, സലില്‍ എസ് പരേഖ് (80 കോടി വീതം) എന്നിങ്ങനെയാണ് കണക്ക്. കോവി‍ഡ് കാലം മുതല്‍ ശമ്പളം മുകേഷ് അംബാനി ഉപേക്ഷിച്ചിരുന്നു. അതുവരെ 15 കോടി രൂപയാണ് അദ്ദേഹം ശമ്പളമായി കൈപ്പറ്റിയിരുന്നത്. 

അദാനി സഹോദരങ്ങളില്‍ ഇളയവനായ രാജേഷ് അദാനി 8.37 കോടി രൂപയാണ് ശമ്പളമായി സ്വീകരിച്ചത്. അദാനിയുടെ അനന്തരവനായ പ്രണവ് 6.46 കോടിയും മകന്‍ കരണ്‍ 3.9 കോടിയും ശമ്പളമായി കൈപ്പറ്റി. 106 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആകെ സ്വത്തിന്‍റെ മൂല്യമെന്ന് ബ്ലൂംബര്‍ഗിന്‍റെ ശതകോടീശ്വന്‍മാരുടെ പട്ടിക പറയുന്നു. 2022 ല്‍ ഇന്ത്യയിലെ ഏറ്റവും  ധനാഢ്യനായി അദാനി മാറിയെങ്കിലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ 150 ബില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് ഒറ്റയടിക്ക് വിപണിയില്‍ നേരിട്ടത്. 

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് സി.ഇ.ഒ വിനീത് ജെയിന്‍ 15.25 കോടി രൂപയും അദാനി ടോട്ടല്‍ ഗ്യാസ് സി.ഇ.ഒ സുരേഷ് പി. മംഗ്​ലാനി 6.88 കോടി രൂപയും അദാനി വില്‍മര്‍ സി.ഇ.ഒ അങ്ഷു മല്ലിക് 5.15 കോടി രൂപയും ശമ്പളമായി കൈപ്പറ്റി. ജീവനക്കാര്‍ക്ക് 12 ശതമാനം ശമ്പള വര്‍ധന നല്‍കിയിട്ടുണ്ടെന്നും സുപ്രധാന തസ്തികകളില്‍ ഉള്ളവര്‍ക്ക് 5.37 ശതമാനം വേതന വര്‍ധനവ് നടപ്പിലാക്കിയെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. 

ENGLISH SUMMARY:

The chairman of the Adani Group Gautam Adani drew a salary from only two companies out of the 10 listed entities ie 9.26 cr says annual report.