mobile-users

ടെലികോം കമ്പനികൾ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര സർക്കാർ. ആഗോളതലത്തിൽ ഏറ്റവും കുറഞ്ഞ താരിഫ് ആണ് ഇന്ത്യയിൽ വാഗ്ദാനം ചെയ്യുന്നതെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കി. മൊബൈൽ സർവീസ് നിരക്കുകൾ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ക്ക് കീഴിലാണെന്നും കുറഞ്ഞ നിരക്കിൽ സേവനങ്ങൾ ഉറപ്പാക്കുന്നുവെന്നും വാർത്തകുറിപ്പിൽ പറയുന്നു.  മൊബൈൽ നിരക്ക് അമിതമായി വർധിപ്പിച്ചെന്ന കോൺഗ്രസിന്റെ ആരോപണം തള്ളിക്കൊണ്ടാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം

രണ്ട് വർഷത്തിന് ശേഷം ടെലികോം കമ്പനികൾ മൊബൈൽ സേവനങ്ങളുടെ വില വർധിപ്പിച്ചത്. പ്രവർത്തനം ട്രായിക്ക് കീഴിലായതിനാലും താരിഫുകൾ സഹിഷ്ണുതയിലായതിനാലും സ്വതന്ത്ര വിപണി തീരുമാനങ്ങളിൽ സർക്കാർ ഇടപെടുന്നില്ലെന്നും കേന്ദ്ര ടെലികോ മന്ത്രാലയം വ്യക്തമാക്കുന്നു. 

2023 ഇൻറർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ റിപ്പോർട്ട് അടിസ്ഥാനമാക്കി ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും താരിഫുകൾ താരതമ്യം ചെയ്തുള്ള പട്ടികയും കേന്ദ്ര ടെലികോം മന്ത്രാലയം പുറത്തുവിട്ടു. ഇന്ത്യയിൽ ഒരു മാസത്തേക്കുള്ള അൺലിമിറ്റഡ് കോളും 18 ജിബി ഡാറ്റയും ശരാശരി 1.89 ഡോളർ നിരക്കിലാണ് ലഭിക്കുന്നത്. 

140 മിനുറ്റ്, 70 എസ്എംഎസ്, 2ജിബി ഡാറ്റ എന്നിവയ്ക്കായി അയൽ രാജ്യങ്ങൾ മുടക്കുന്നതിനേക്കാൾ കുറവാണ് ഇന്ത്യയിലെ ചെലവ്. ചൈനയിൽ നൽകേണ്ടി വരുന്ന വില 8.8 ഡോളറാണ്. അഫ്ഗാനിസ്ഥാനിൽ 4.77 ഡോളറും ഭൂട്ടാനിൽ 4.62 ഡോളറുമാണ് ചെലവ്. ബംഗ്ലാദേശ് (3.24 ഡോളർ), നേപ്പാൾ (2.75 ഡോളർ) എന്നിവയേക്കാൾ കുറഞ്ഞ നിരക്കാണ് ഇന്ത്യയിൽ. 

വിദേശ രാജ്യങ്ങളിലും ഇന്ത്യയേക്കാൾ ചെലവ് കൂടുതലാണെന്ന് ടെലികോം മന്ത്രാലയത്തിൻറെ ഡാറ്റ കാണിക്കുന്നു. അമേരിക്കയിൽ 49 ഡോളറാണ് 140 മിനുറ്റ്, 70 എസ്എംഎസ്, 2ജിബി ഡാറ്റ എന്നിവയ്ക്കായി ചെലവാക്കുന്നത്. ഓസ്ട്രേലിയ 20.1 ഡോളറും ദക്ഷിണാഫ്രിക്ക 15.8 ഡോളറും യുകെ 12.5 ഡോളറും ചെലവിടുന്നു.