- 1

TOPICS COVERED

 ജിയോയും എയര്‍ടെല്ലും വിഐയും ഒരുപോലെ നിരക്ക് കൂട്ടിയതിന്റെ ​ഗുണം കിട്ടുന്നത് പൊതുമേഖലാ കമ്പനിയായ ബിഎസ്എന്‍എല്ലിന്. സ്വകാര്യ കമ്പനികൾ റേറ്റ് കുത്തനെ കൂട്ടിയതോടെ സിം പോര്‍ട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് പുതുതായി എത്തിയത് രണ്ടരലക്ഷത്തോളം ഉപഭോക്താക്കളാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, 25 ലക്ഷം പുതിയ കണക്ഷനുകളാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്.

ബിഎസ്എൻഎല്ലും ടാറ്റ കൺസൾട്ടൻസി സർവീസസും (ടിസിഎസ്) തമ്മിൽ 15,000 കോടിയുടെ കരാറിലേക്കെത്തിയെന്ന വാർത്തകൾ കൂടി വന്നതിന്റെ പശ്ചാത്തലത്തിലാണ് മൊബൈൽ ഉപഭോക്താക്കളിൽ ചിലർ ബിഎസ്എന്‍എല്ലിലേക്ക് മാറാൻ തയ്യാറാകുന്നത്. ടിസിഎസിന്റെ രം​ഗപ്രവേശത്തോടെ ഇന്ത്യയിലെ ടെലികോം മല്‍സരരംഗത്ത് ബി.എസ്.എന്‍.എൽ ക്ലച്ച് പിടിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്.

സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന കുറഞ്ഞ റീച്ചാര്‍ജ് ഓഫറുകൾ നൽകുന്നതുകൊണ്ടാണ് സ്വകാര്യ ടെലികോം സേവനദാതാക്കളില്‍ നിന്നും ഉപഭോക്താക്കൾ പോര്‍ട്ട് ചെയ്ത് ബിഎസ്എൻഎല്ലിലേക്ക് എത്തുന്നത്. സ്വകാര്യ കമ്പനികള്‍ നിരക്കുകള്‍ കൂട്ടിയ ശേഷവും ബിഎസ്എൻഎൽ പഴയ നിരക്കുകളില്‍ തന്നെയാണ് തുടരുന്നത്. ജിയോയുടെയും എയര്‍ടെല്ലിന്‍റെയും ഒരു വര്‍ഷത്തേക്കുള്ള ഡാറ്റ പാക്കിന് 3,599 രൂപയാണ്. എന്നാൽ ബിഎസ്എന്‍എല്ലിന്‍റെ ഒരു വര്‍ഷത്തേക്കുള്ള ഡാറ്റ പാക്കിന് 2,395 രൂപ മാത്രമേയുള്ളൂ. ചാർജിൽ ഇത്ര വലിയ അന്തരം ഉള്ളതുകൊണ്ടാണ് ഉപഭോക്താക്കളിൽ പലരും മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നത്.

സ്വകാര്യ ടെലികോം കമ്പനികൾ 189 മുതൽ199 വരെയാണ് 28 ദിവസത്തെ ഡാറ്റ കുറവുള്ള പാക്കേജിന് ഈടാക്കുന്നത്. എന്നാൽ ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ 108 രൂപ മുടക്കിയാല്‍ ഈ ഓഫറുകൾ ലഭ്യമാവും.

നിലവിൽ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ബിഎസ്എൻഎല്ലിന്റെ 4ജി ലഭിക്കുന്നത്. ഒരുലക്ഷം 4ജി സൈറ്റുകളിൽ ടാറ്റ കൺസൾട്ടൻസി സർവീസിന്റെ (TCS) ഉപകരണങ്ങളുമായി മുന്നോട്ട് പോകാൻ ബിഎസ്എൻഎല്ലിന് 2023 ഫെബ്രുവരിയിൽ ബിഎസ്എൻഎൽ ബോർഡിന്റെ അനുമതി ലഭിച്ചിരുന്നു.

2023 ൽ തന്നെ ഉപകരണങ്ങൾക്കായി ടിസിഎസിന് പർച്ചേസ് ഓർഡർ നൽകാനുള്ള ക്ലിയറൻസും മന്ത്രിമാരുടെ സംഘം (GoM) നൽകിട്ടുണ്ട്. രത്തൻ ടാറ്റയുമായുള്ള കരാർ അനുസരിച്ച് ഒരു ലക്ഷം സൈറ്റുകൾക്കുള്ള 4ജി ഉപകരണങ്ങളാണ്ബിഎസ്എൻഎല്ലിന് നൽകുന്നത്. ബിഎസ്എൻഎല്ലിന്റെ നെറ്റ്‌വർക്കുകൾ മുന്നോട്ട് കൊണ്ടുപോകാൻ അടുത്ത 10 വർഷത്തേക്ക് ടാറ്റ സഹായിക്കും. ഇക്കാലയളവിലെ ഓരോ വർഷം തോറുമുള്ള മെയിന്റനൻസ് ചെലവും ടിസിഎസ് തന്നെയാകും വഹിക്കുക. രാജ്യത്തെ പല ടെലിക്കോം സർക്കിളുകളിലും ടിസിഎസിന്റെ പിൻബലത്തോടെ ബിഎസ്എൻഎൽ 4ജി ഇതിനകം എത്തിയിട്ടുണ്ട്. ആദ്യ ഘട്ടമെന്ന നിലയിൽ ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, പടിഞ്ഞാറൻ ഉത്തർപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളിലാണ് ബിഎസ്എൻഎല്ലിന്റെ 4ജി എത്തിയത്.

പിന്നീട് കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിലും 4ജി ലഭ്യമായി. ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ ഗ്രാമങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

ENGLISH SUMMARY:

BSNL gains 25 lakh new subscribers after Jio, Airtel, Vi hike tariffs