മൂന്നാം നരേന്ദ്രമോദി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റാണ് ജൂലൈ 23 ന് അവതരിപ്പിക്കുന്നത്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ തുടര്‍ച്ചയായ ഏഴാമത്തെ ബജറ്റാണിത്. കാലങ്ങളായി ബജറ്റ് അവതരിപ്പിക്കുന്ന രാവിലെ 11 മണിക്ക് തന്നെ പാര്‍ലമെന്‍റില്‍ ബജറ്റ് അവതരണം നടക്കും. എന്താകും ഇന്ത്യയില്‍ ബജറ്റ് അവതരണം ഈ സമയത്ത് നടക്കാന്‍ കാരണം?. 1999 മുതലാണ് രാവിലെ 11 മണിക്ക് ബജറ്റ് അവതരിപ്പിക്കുന്നത്. കൊളോണിയല്‍ കാലത്ത് നിന്നുള്ള മാറ്റമായിരുന്നു 11 മണിയിലേക്ക്.

കൊളോണിയല്‍ കാലത്ത് വൈകീട്ട് അഞ്ച് മണിക്കാണ് ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിക്കാറുള്ളത്. ഇന്ത്യയിലും ലണ്ടനിലും ഒരേസമയം പ്രഖ്യാപനങ്ങള്‍ എത്തുമെന്നതാണ് ഇതിന്‍റെ ഗുണം. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം (IST) ബ്രിട്ടീഷ് സമ്മര്‍ സമയ (BST) ത്തേക്കാള്‍ 4 മണിക്കൂര്‍ 30 മിനുട്ട് മുന്നിലാണ്.  ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ച് മണിക്ക് ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ബ്രിട്ടണില്‍ ഉച്ചയ്ക്ക് 12.30 ന് സര്‍ക്കാറിന് വിവരങ്ങള്‍ പരിശോധിക്കാനാകും. ഈ രീതി പിന്തുടര്‍ന്ന് സ്വതന്ത്ര്യ ഇന്ത്യയിലും തുടക്കത്തില്‍ ബജറ്റ് അവതരിപ്പിച്ചിരുന്നത് വൈകീട്ട് അഞ്ചിനാണ്. 

1999 ല്‍ വാജ്പേയി സര്‍ക്കാറിന്‍റെ കാലത്ത് അന്നത്തെ ധനമന്ത്രി യശ്വന്ത് സിന്‍ഹായാണ് 11 മണിയിലേക്ക് ബജറ്റ് അവതരണം കൊണ്ടുവന്നത്. ഇന്ത്യ ഒരു ബ്രിട്ടീഷ് കോളനി അല്ലാത്തതിനാൽ ലണ്ടന്‍ സമയവുമായി പൊരുത്തപ്പെടേണ്ട ആവശ്യമില്ലാത്ത എന്നതാണ് മാറ്റത്തിന് ഒരുകാരണം. ഇതിനൊപ്പം പാര്‍ലമെന്‍റില്‍ ബജറ്റ് ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നതിനാലാണ് പകല്‍ ബജറ്റ് അവതരണം മാറ്റിയതെന്നും സിന്‍ഹ പറഞ്ഞിരുന്നു. 

1999 ന് ശേഷം എല്ലാ ബജറ്റുകളും രാവിലെയാണ് അവതരിപ്പിക്കുന്നത്. ഈ രീതി പിന്തുടര്‍ന്ന് നിര്‍മലാ സീതാരാമനും ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് പാര്‍ലമെന്‍റില്‍ ബജറ്റ് അവതരിപ്പിക്കുക. ജൂലായ് 22 ന് ഇക്കണോമിക് സര്‍വെയും പാര്‍ലമെന്‍റിലെത്തും. 

ബജറ്റ് തീയതിയിലും മാറ്റം

സാധാരണ ഗതിയില്‍ ഇന്ത്യയില്‍ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത് ഫെബ്രുവരി ഒന്നിനായിരുന്നില്ല. ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിവസമാണ് സാധാരണഗതിയില്‍ ബജറ്റ്. 2017 വരെ ഈ രീതി പിന്തുടര്‍ന്നിരുന്നെങ്കിലും അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഫെബ്രുവരി ഒന്നിലേക്ക് കൊണ്ടുവന്നത്. മാസാവസാനം ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നയങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാറിന് കുറച്ച് സമയം മാത്രമാണ് ലഭിക്കുന്നത് എന്ന കാരണത്തായിരുന്നു മാറ്റം.

ENGLISH SUMMARY:

India follow colonial time to presnt budget until 1999. Nirmala Sitharaman presnt Union Budget 2024 On july 23 at 11 am. Why the time is selected?