കേന്ദ്ര ബജറ്റ് അണിയറയില്‍ ഒരുങ്ങുമ്പോള്‍ സാധാരണക്കാരായ ശമ്പളക്കാര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ആദായ നികുതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങളെയാണ്. ആദായ നികുതി സ്ലാബുകളില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇളവ് വരുത്തിയേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം നികുതിബാധകമല്ലാത്ത വരുമാന പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുന്നതും നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് നല്‍കുന്ന 80സി പരിധി ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു.
നികുതി നിരക്കുകളില്‍ തീരുമാനം അനുകൂലമായാല്‍ ലക്ഷക്കണക്കിന് ശമ്പളക്കാര്‍ക്ക് കയ്യിലെത്തുന്ന ശമ്പളം കൂടും. ബജറ്റില്‍ ആദായ നികുതി ഇളവ് പ്രഖ്യാപിച്ചാല്‍ തൊഴിലാളികള്‍ക്ക് നേരിട്ട് ഗുണം ലഭിക്കുമെന്നര്‍ഥം. ഇളവ് അനുസരിച്ച് ആദായനികുതിയിൽ കുറവു വരുന്നതിനാല്‍ ശമ്പളത്തില്‍ നിന്ന് മാസത്തില്‍ ഈടാക്കുന്ന ടിഡിഎസും കുറയും. അതിനാല്‍ കഴിഞ്ഞ മാസങ്ങളിലേതിനേക്കാള്‍ ഉയര്‍ന്ന തുക വീട്ടിൽ കൊണ്ടുപോകാൻ സാധിക്കും. എന്നാല്‍ ഈ നേട്ടം എന്ന് മുതല്‍ ലഭിക്കുമെന്നാണ് ശമ്പളക്കാര്‍ക്കിടയിലെ ആകാംക്ഷ.
സാധാരണ ഗതിയില്‍ സാമ്പത്തിക വര്‍ഷത്തിന് മുന്നോടിയായാണ് ബജറ്റ് അവതരിപ്പിക്കാറുള്ളത്. അതിനാല്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നികുതിദായകര്‍ക്ക് അതനുസരിച്ചുള്ള നികുതി തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. തിരഞ്ഞെടുപ്പ് വര്‍ഷമായതിനാലാണ് ബജറ്റ് ജൂലൈയിലേക്ക് നീണ്ടത്. ബജറ്റില്‍ വരുന്ന പ്രഖ്യാപനങ്ങള്‍ക്ക് 2024 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യമുണ്ടാകാനാണ് സാധ്യത. അല്ലെങ്കില്‍ ബജറ്റ് അവതരണത്തില്‍ നിശ്ചിത സമയത്തിനുള്ളിലെ പ്രാബല്യത്തില്‍ വരൂ എന്ന് ധനമന്ത്രി വ്യക്തമാക്കണം.
ഒന്നിനും തികയാത്ത ശമ്പളം
പണപ്പെരുപ്പം നേരിടുമ്പോഴും പഴയ നികുതി സമ്പ്രദായത്തില്‍ 2014 ന് ശേഷം മാറ്റങ്ങള്‍ വന്നിട്ടില്ല. പണപ്പെരുപ്പം ജീവിതചെലവ് കൂട്ടുമ്പോഴും പണപ്പെരുപ്പുവുമായി ക്രമീകരിക്കാത്ത നികുതി നിരക്കാണ് പഴയ നികുതി സമ്പ്രദായം പിന്തുടരുന്നത്. 2013 ല്‍ 30,000 രൂപ ശമ്പളമുള്ള വ്യക്തിക്ക് 2024 ല്‍ ശമ്പളം 50,000 രൂപയായി ഉയര്‍ത്തിയാലും ചെലവ് നികത്താന്‍ സാധിക്കുന്നില്ലെന്നാണ് കണക്ക്. കോസ്റ്റ് ഇന്‍ഫ്ലേഷന്‍ ഇന്‍ഡെക്സ് പ്രകാരം 2013 30,000 രൂപ ഇന്നത്തെ 54,450 രൂപയ്ക്ക് തുല്യമാണ്. ശമ്പളം 50,000 രൂപയായി ഉയര്‍ന്നാലും പണപ്പെരുപ്പത്തിന് ഒത്ത് ഉയരുന്നില്ല. 2013 ലെ ഒരു രൂപയുടെ ഇന്നത്തെ മൂല്യം 0.55 പൈസയാണ്. അതായത് 30,000 രൂപ ശമ്പളക്കാരന് 54,450 രൂപ വേണം ജിവിത ചെലവ്. ഇതിനൊപ്പമാണ് ഉയര്‍ന്ന നികുതി നിരക്ക്.