ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നിലെ സ്ക്രീനില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ബജറ്റ് പ്രസംഗം പ്രദര്‍ശിപ്പിക്കുന്നു.

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് മുന്നിലെ സ്ക്രീനില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ ബജറ്റ് പ്രസംഗം പ്രദര്‍ശിപ്പിക്കുന്നു.

ഓഹരി വിപണിയിലെ നിക്ഷേപകരെ സംബന്ധിച്ച് ബജറ്റിൽ മൂലധന നേട്ട നികുതി വർധിപ്പിച്ച തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഈ തീരുമാനമാണ് ബജറ്റ് ദിനം വിപണിയിലുണ്ടായ ഇടിവിന്റെ ഒരു കാരണം. മൂലധന നേട്ട നികുതി പരിഷ്കരിച്ചതിനൊപ്പം ഹോൾഡിങ് കാലയളവും ബജറ്റിൽ പുനഃക്രമീകരിച്ചു. ഇത് ദീർഘകാല നിക്ഷേപകർക്ക് ചെറിയ നേട്ടം നൽകുന്നുണ്ട്. ബജറ്റിലെ പരിഷ്കാരങ്ങൾ നിക്ഷേപകരെ സംബന്ധിച്ച് നികുതി ബാധ്യത ഉയർത്തുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം.

മൂലധന നേട്ട നികുതി

മൂലധനനേട്ടത്തെ ഹോൾഡിങ് കാലയളവ് അനുസരിച്ച് ഹ്രസ്വകാല മൂലധന നേട്ട നികുതി, ദീർഘകാല മൂലധന നേട്ട നികുതി എന്നിങ്ങനെ തരംതരിച്ചിട്ടുണ്ട്. ലിസ്റ്റ് ചെയ്ത ഓഹരികൾ, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ എന്നിവയ്ക്ക് 15 ശതമാനമായിരുന്ന ഹ്രസ്വകാല മൂലധന നേട്ട നികുതി (short-term capital gains tax) 20 ശതമാനമായി ഉയർത്തി. ഇവയുടെ ദീർഘകാല മൂലധന നേട്ട നികുതി (long-term capital gains tax) 10 ശതമാനത്തിൽ നിന്ന് 12.50 ശതമാനമായും വർധിപ്പിച്ചു. ദീർഘകാല മൂലധന നേട്ടത്തിനുണ്ടായിരുന്ന ഇളവ് പരിധി 1 ലക്ഷം രൂപയിൽ നിന്ന് 1.25 ലക്ഷം രൂപയായും ഉയർത്തി. അതായത് വർഷത്തിൽ 1.25 ലക്ഷം രൂപ വരെയുള്ള ലാഭത്തിന് നികുതി നൽകേണ്ടതില്ല. ഇടത്തരക്കാരുടെ നേട്ടത്തിനായി മൂലധന നേട്ടത്തിലെ ഇളവ് പരിധി വർഷത്തിൽ 1.25 ലക്ഷം രൂപയാക്കി ഉയർത്തുന്നു എന്നാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചത്. 

nirmala-sitharaman

കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റുമായി.

എല്ലാ ആസ്തികളിലും ദീർഘകാല മൂലധന നേട്ട നികുതി 12.50 ശതമാനമാണ്. ഓഹരി നിക്ഷേപകർക്ക് 2.50 ശതമാനം അധിക നികുതി ബാധ്യത വരുമെങ്കിലും പല ആസ്തികളിലും നികുതി നിരക്ക് 20 ശതമാനത്തിൽ നിന്ന് 12.50 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ദീർഘകാല മൂലധന നേട്ടത്തിനുണ്ടായിരുന്ന ഇൻഡക്സേഷൻ ആനുകൂല്യവും എടുത്തുകളഞ്ഞു. ഇതോടെ ലാഭത്തെ പണപ്പെരുപ്പവുമായി തിട്ടപ്പെടുത്തുന്ന രീതി ഇല്ലാതായി. ഇക്വിറ്റി ഒഴികെയുള്ള ആസ്തികളിൽ ഹ്രസ്വകാല മൂലധന നേട്ട നികുതി നിക്ഷേപകന്റെ ടാക്സ് സ്ലാബ് അനുസരിച്ചാണ് ചുമത്തുക. ബജറ്റിലെ മൂലധന നേട്ട നികുതി സംബന്ധിച്ച ബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് ജൂലൈ 23 മുതൽ പ്രാബല്യത്തിൽ വന്നു.

ഹോൾഡിങ് കാലയളവ്

നേരത്തെ വ്യത്യസ്ത ആസ്തികൾക്ക് (Asset Class) വ്യത്യസ്ത ഹോൾഡിങ് കാലയളവ് (Holding Period) അടിസ്ഥാനമാക്കിയായിരുന്നു നികുതി കണക്കാക്കിയിരുന്നത്. ബജറ്റ് പ്രഖ്യാപനം പ്രകാരം ഹോൾഡിങ് കാലയളവ് 12 മാസം, 24 മാസം എന്നിങ്ങനെ രണ്ടായി ചുരുക്കി. ലിസ്റ്റ് ചെയ്ത എല്ലാ ആസ്തികൾക്കും ദീർഘകാല മൂലധന നേട്ടം കണക്കാക്കുന്നതിനുള്ള ഹോൾഡിംഗ് കാലയളവ് 12 മാസമാണ്. അംഗീകൃത ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ആസ്തികളാണ് ലിസ്റ്റഡ് ആസ്തികളായി കണക്കാക്കുന്നത്. ഓഹരികൾ, ലിസ്‌റ്റഡ് ബോണ്ടുകൾ, ഇക്വിറ്റി ഇടിഎഫുകൾ, ഗോൾഡ് ഇടിഎഫുകൾ, ബോണ്ട് ഇടിഎഫുകൾ, റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്റ്റുകൾ (REIT), ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ട്രസ്റ്റുകൾ (InvITs) എന്നിവയ്ക്ക് 12 മാസമാണ് ഹോൾഡിങ് പിരിയഡ്.  

എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത മറ്റു നിക്ഷേപങ്ങളുടെ ദീർഘകാല മൂലധന നേട്ടം കണക്കാക്കുന്നതിനുള്ള ഹോൾഡിംഗ് കാലയളവ് 24 മാസമായിരിക്കും. റിയൽ എസ്റ്റേറ്റ്, സ്വർണം, ലിസ്‌റ്റ് ചെയ്യാത്ത ഓഹരികൾ, (വിദേശത്ത് ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന ഓഹരികളും ലിസ്‌റ്റ് ചെയ്യപ്പെടാത്തവയായി കണക്കാക്കും), ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ, 2023 മാർച്ച് 31-നോ അതിനുമുമ്പോ വാങ്ങിയ ഡെറ്റ് മ്യൂച്വൽ ഫണ്ട് യൂണിറ്റുകൾ എന്നിവ ഈ പരിധിയിൽ വരും. 

ഓഹരിയിൽ നിന്നുള്ള ലാഭത്തിന് അധിക നികുതി

ദീർഘകാല നിക്ഷേപകനാണെങ്കിൽ നേരത്തെ 10 ശതമാനം നികുതി നൽകിയ ഇടത്ത് 12.50 ശതമാനം നികുതി നൽകേണ്ടി വരും. ഒപ്പം ഇളവ് പരിധി 1 ലക്ഷത്തിൽ നിന്ന് 1.25 ലക്ഷം രൂപയാക്കി ഉയർത്തിയതിന്റെ നേട്ടവും നിക്ഷേപകനുണ്ട്. ഈ സാഹചര്യത്തിൽ നിക്ഷേപകൻ എത്ര രൂപ അധിക നികുതി നൽകേണ്ടതായി വരുമെന്ന് നോക്കാം.

രണ്ട് വർഷം മുൻപ് 5 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഓഹരികൾ 10 ലക്ഷം രൂപയ്ക്ക് ഇന്ന് വിൽക്കുകയാണെങ്കിൽ 5 ലക്ഷം രൂപയ്ക്കാണ് മൂലധന നേട്ട നികുതി ബാധകമാകുക. നേരത്തെയുള്ള നികുതി രീതി പ്രകാരമാണെങ്കിൽ ഒരു ലക്ഷം രൂപയുടെ ഇളവും കഴിഞ്ഞ് നാല് ലക്ഷം രൂപയ്ക്ക് 10 ശതമാനം നികുതി നൽകേണ്ടി വരും. അതായത് 40,000 രൂപ. 

പുതിയ നികുതി നിയമം പ്രകാരം ലാഭം 5 ലക്ഷമാണെങ്കിൽ 1.25 ലക്ഷം രൂപയുടെ ഇളവും കഴിച്ച് 3.75 ലക്ഷം രൂപയ്ക്കാണ് നികുതി നൽകേണ്ടത്.  3.75 ലക്ഷം രൂപയുടെ 12.50 ശതമാനമായ 46,875 രൂപ നികുതിയായി ഈടാക്കും. 6,875 രൂപ അധിക നികുതിയായി നൽകണം. ലാഭം കൂടുന്നതിന് അനുസരിച്ച് അധികമായി നൽകേണ്ട ലാഭത്തിലും വർധനയുണ്ടാകും.

ENGLISH SUMMARY:

Nirmala Sitharaman change capital gain tax in budget. Stock market investor now pay more tax on their profit. Here's Calculation.