കർഷകർ നാടിൻറെ നട്ടെന്ന് ആവർത്തിച്ച് ധനമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചതിന് പിന്നാലെ കാർഷിക ഓഹരികളിൽ മുന്നേറ്റം. വളം, കാർഷിക കമ്പനികളുടെ ഓഹരികളിൽ ഒൻപത് ശതമാനം വരെ കുതിപ്പാണ് ഉണ്ടായത്. കാർഷിക അനുബന്ധ വ്യവസായങ്ങൾക്കായി 1.52 ലക്ഷം കോടി രൂപയാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കാർഷിക രംഗത്ത് ഉൽപാദന– സേവന മേഖലകളിൽ കാതലായ മാറ്റങ്ങൾക്ക് പുതിയ നയങ്ങൾ സഹായിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രതീക്ഷ.
കാലാവസ്ഥാമാറ്റം പ്രതിരോധിക്കാൻ കഴിയുന്ന 109 വിളകൾ വികസിപ്പിക്കുമെന്നും ഒരുകോടി കർഷകരെ പ്രകൃതിസൗഹൃദ കൃഷിയിലേക്ക് കൊണ്ടുവരുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെന്ററുകൾ രാജ്യത്തെങ്ങുമായി സ്ഥാപിക്കും. മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ നടപ്പിലാക്കും. ഇതുവഴി ആറുകോടി കർഷകരുടെയും അവരുടെ ഭൂമിയുടെയും വിവരങ്ങൾ ശേഖരിക്കും. ശേഖരിക്കുന്ന വിവരങ്ങൾ കർഷക ഭൂമി റജിസ്ട്രിയിലേക്ക് ഉൾപ്പെടുത്തുമെന്നും കർഷകരുടെ സമഗ്രമേഖലകളിലെയും വികസനത്തിനായി സംസ്ഥാനങ്ങളുമായി ചേർന്ന് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി പറഞ്ഞു.