HD-Central-Budget-2024-32-Sensex-Down-New

ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ ഓഹരി വിപണിയില്‍ ഇടിവ്.  ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ വര്‍ധിപ്പിച്ചതും മൂലധനനേട്ട നികുതി പരിഷ്കരിച്ചതും വിപണിയില്‍ പണമിറക്കാനുള്ള നിക്ഷേപകരുടെ ആത്മവിശ്വാസത്തെ  ബാധിച്ചു. 

 

ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകൾക്കുള്ള സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജുകൾ  0.02 ശതമാനം, 0.01 ശതമാനം എന്നിങ്ങനെയായി വർധിപ്പിച്ചു. ഫ്യൂചർ കരാറുകളുടെ  സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ചാർജ് 0.0125 ശതമാനത്തിൽ നിന്നാണ് 0.02 ശതമാനമാക്കി ഉയർത്തിയത്. ഓപ്ഷൻ ചാർജുകൾ 0.0625 ശതമാനത്തിൽ നിന്നാണ് 0.10 ശതമാനമാക്കിയത്. ഫ്യൂച്ചർ ആൻഡ് ഓപ്ഷൻ ഇടപാടുകളിൽ സാധാരണക്കാരുടെ പങ്കാളിത്തം ഉയരുന്നതിൽ ആർബിഐയും സെബിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

അപ്രതീക്ഷിതമായിരുന്നു, നിക്ഷേപങ്ങൾക്കുള്ള മൂലധനനേട്ട നികുതി ഉയർത്തിയത്. ദീർഘകാല മൂലധനനേട്ട നികുതി 10 ശതമാനമായിരുന്നത് 12.5 ശതമാനമാക്കി ഉയർത്തി. വർഷത്തിൽ 1.25 ലക്ഷം രൂപ വരെയുള്ള മൂലധന നേട്ടത്തിന് നികുതി നൽകേണ്ടതില്ല. നേരത്തെയിത് 1 ലക്ഷം രൂപയായിരുന്നു. ഹ്രസ്വകാല മൂലധന നേട്ട നികുതി 20 ശതമാനമാക്കി ഉയർത്തി. 15 ശതമാനമായിരുന്നു നേരത്തെ.

ബജറ്റ് പ്രഖ്യാപനങ്ങളോട് പ്രതികരിച്ച വിപണി നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. പ്രഖ്യാപനത്തിന് പിന്നാലെ സെൻസെക്സ് 900 പോയിൻറ് ഇടിഞ്ഞ് 79,515.64 നിലവാരത്തിലെത്തിയിരുന്നു. സെന്‍സെക്സ് വലിയ നഷ്ടത്തില്‍ നിന്നും കരകയറിയെങ്കിലും 73.04 പോയിന്‍റ് നഷ്ടത്തില്‍ 80,429.04 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 30.30 പോയിന്‍റ് നഷ്ടത്തില്‍ 24,479 ല്‍ വ്യാപാരം അവസാനിപ്പിച്ചു. 1488 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 1949 ഓഹരികള്‍ ഇടിഞ്ഞു.

ബജറ്റ് ദിവസം നേട്ടമുണ്ടാക്കിയ ഓഹരികള്‍ ടൈറ്റാന്‍ കമ്പനി, ടാറ്റ കണ്‍സ്യൂമര്‍, ഐടിസി, എന്‍ടിപിസി, അദാനി പോര്‍ട്സ് എന്നിവയാണ്. എല്‍ ആന്‍ഡ് ടി, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ശ്രീറാം ഫിനാന്‍സ്, ബജാജ് ഫിനാന്‍സ് ഓഹരികള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 

ബജറ്റ് പ്രഖ്യാപനങ്ങള്‍ അനുകൂലമായതോടെ എഫ്എംസിജി, ഹെല്‍ത്ത്കെയര്‍, മീഡിയ, ഐടി സൂചികകള്‍ 0.50- 2.5 ശതമാനം വരെ നേട്ടമുണ്ടാക്കി. ബാങ്ക്, ക്യാപിറ്റല്‍ ഗുഡ്സ്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയലിറ്റി ഓഹരികള്‍ 1-2 ശതമാനം വരെ ഇടിഞ്ഞു. 

ENGLISH SUMMARY:

Stock Market Crash After Nirmala Sitharaman Hike LTCG Tax And STT On Future And Option Trade