പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷാവിധി വന്നതിന് പിന്നാലെ നാടകീയ നീക്കവുമായി പ്രതികള്‍. കൊലയില്‍ പങ്കില്ലെന്നും വധശിക്ഷ നല്‍കി ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നും കേസിലെ പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ (വിഷ്ണു സുര) കോടതിയോട് ആവശ്യപ്പെട്ടു. പൊലീസിനെ സഹായിച്ചതിനുള്ള ശിക്ഷയെന്നായിരുന്നു ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍റെ പ്രതികരണം. അതേസമയം പെരിയയിലേത് സിപിഎം നടത്തിയ കൊലയെന്ന് തെളിഞ്ഞുവെന്ന് ഷാഫി പറമ്പില്‍ എംപിയും നേതൃത്വം അറിഞ്ഞുള്ള ഗൂഢാലോചനയെന്ന് തെളിഞ്ഞതായി കെ.കെ രമയും പറഞ്ഞു.
ഒന്നും പറയാന്‍ പറ്റുന്നില്ലെന്ന് കൃപേഷിന്‍റെ അമ്മയും പ്രതികള്‍ക്ക് കടുത്ത ശിക്ഷ കൊടുക്കണമെന്ന് ശരത്‌ലാലിന്‍റെ അമ്മയും പൊട്ടിക്കരഞ്ഞു കൊണ്ട് പ്രതികരിച്ചു. വിധിയില്‍ പൂര്‍ണമായും തൃപ്തനല്ലെന്നായിരുന്നു ശരത്‌ലാലിന്‍റെ പിതാവിന്‍റെ പ്രതികരണം. സര്‍ക്കാര്‍ കുറേ കളികള്‍ കളിച്ചെന്നും കേസിനായി കുറെയധികം കഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഗൂഢാലോചനക്കാര്‍ കുറ്റവിമുക്തരായതില്‍ സങ്കടമെന്നും അപ്പീല്‍ നല്‍കുമെന്നുമായിരുന്നു അഭിഭാഷകന്‍റെ പ്രതികരണം.
പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്നായിരുന്നു കൊച്ചി സിബിഐ കോടതിയുടെ വിധി. സിപിഎം നേതാക്കളായ എ.പീതാംബരനും കെ.മണികണ്ഠനും രാഘവന്‍ വെളുത്തോളിയും കുറ്റക്കാരുടെ പട്ടികയിലുണ്ട്. 10 പേരെ കുറ്റവിമുക്തരാക്കി.ആറുവര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് പെരിയ കേസില്‍ വിധി വന്നത്.