nirmala-sitaraman-03
  • മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്
  • കാത്തിരിക്കുന്നത് ജനപ്രിയ ബജറ്റെന്ന് സൂചന
  • കര്‍ഷകരോഷമടക്കാനുള്ള പ്രഖ്യാപനങ്ങളും ഉണ്ടായേക്കും

മൂന്നാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ മന്ത്രിസഭാ യോഗം ചേര്‍ന്ന് ബജറ്റിന് അംഗീകാരം നല്‍കും. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജനപ്രിയ ബജറ്റ് ആയിരിക്കും എന്നാണ് സൂചന. ധനമന്ത്രി നിര്‍മല സീതാരാമന്റെ തുടര്‍ച്ചയായ ഏഴാമത് ബജറ്റ് കൂടിയാണ് ഇത്

 

ഇത്തവണ ബജറ്റില്‍ ധനമന്ത്രി കരുതിവച്ചിരിക്കുന്നത് എന്തെല്ലാം എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുക, 2047 ല്‍ വികസിത രാജ്യമാക്കുക തുടങ്ങി മോദി സര്‍ക്കാരിന്‍റെ പ്രഖ്യാപനങ്ങളില്‍ അധിഷ്ഠിതമായ ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുക. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും നാല് സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും കണക്കിലെടുത്ത് ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവും എന്നുവേണം പ്രതീക്ഷിക്കാന്‍. 

തൊഴിലില്ലായ്മ പരിഹരിക്കുക, വിലക്കയറ്റം പിടിച്ചുനിര്‍ത്തുക തുടങ്ങിയവയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം. കര്‍ഷകരോഷം തണുപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ടാകും. നികുതിഘടനയില്‍ മാറ്റം വരുത്തുമോ എന്നതാണ് മറ്റൊരു പ്രധാന ചോദ്യം. നികുതി സ്ലാബ് ഉയര്‍ത്തുകയോ ടാക്സ് സേവിങ് നിക്ഷേപ പരിധി വര്‍ധിപ്പിക്കുകയോ ചെയ്യണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു.  

അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധ മേഖലയ്ക്കും മികച്ച പരിഗണന ലഭിക്കും,. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനുള്ള നടപടികളും ഉണ്ടാകും. ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുമോ എന്നതും പ്രധാനമാണ്. ഇത്തവണയും പേപ്പര്‍ലെസ് ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുക. 

ENGLISH SUMMARY:

Nirmala Sitharaman to present first Budget of Modi 3.0 govt today