HD-Central-Budget-2024-35-Income-Tax-Labham

പുതിയ നികുതി സബ്രദായത്തിലെ നികുതി ഘടന പുതുക്കിയതിനൊപ്പം സ്റ്റാൻഡേർഡ് ഡിഡക്ഷൻ ഉയ​ത്തി ഇടത്തരക്കാരായ നികുതിദായകരെ ആകർഷിക്കുന്ന തീരുമാനമാണ് കേന്ദ്ര ബജറ്റിലുണ്ടായത്.  പുതിയ നികുതി സമ്പ്രദായത്തെ ആകർഷകമാക്കുന്നതിനായി സ്റ്റാൻഡേർഡ് ഡിഡക്ഷൻ വർധിപ്പിച്ചു. 50,000 രൂപയായിരുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷൻ 75,000 രൂപയാക്കി. അതേസമയം പഴയ നികുതി വ്യവസ്ഥയിൽ മാറ്റമില്ല. ഫാമിലി പെൻഷൻകാർക്ക് 25,000 രൂപയുടെ ഇളവ് ലഭിക്കും. നേരത്തെയിത് 15,000 രൂപയായിരുന്നു. തീരുമാനം നാല് കോടിയോളം ശമ്പളക്കാരെയും പെൻഷൻകാരെയും സ്വാധീനിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരമൻ പറഞ്ഞു. 

 

2023 ലെ സമ്പൂർണ ബജറ്റിൽ പുതുക്കിയ പുതിയ നികുതി സമ്പ്രദായത്തിലെ നികുതി ഘടന പുനഃക്രമീകരിച്ചതാണ് മറ്റൊരു സുപ്രധാന മാറ്റം. പുതിയ നികുതി സമ്പ്രദായത്തിലും സ്ലാബുകൾ നിലനിർത്തിയെങ്കിലും വരുമാന പരിധിയിൽ വർധനവ് വരുത്തി. അടിസ്ഥാന ഇളവ് പരിധി 3 ലക്ഷമാക്കി നിലനിർത്തി. 5 ശതമാനം നികുതി വരുന്ന സ്ലാബിന്റെ പരിധി 3 ലക്ഷം മുതൽ 7 ലക്ഷം രൂപയാക്കി. നേരത്തെയിത് 3-6 ലക്ഷം രൂപ വരെയായിരുന്നു.

6-9 ലക്ഷം രൂപ വരുമാനക്കാരാണ് നേരത്തെ 10 ശതമാനം നികുതി നൽകേണ്ടിയിരുന്നത്. ഇത് 7 മുതൽ 10 ലക്ഷം വരെയാക്കി ഉയർത്തി. 10 മുതൽ 12 ലക്ഷം വരെ വരുമാനക്കാർക്ക് 15 ശതമാനം നികുതിയാണ് ഇനി നൽകേണ്ടത്. നേരത്തെയിത് 9-12 ലക്ഷം രൂപ വരുമാനാക്കാരുടെ സ്ലാബായിരുന്നു. ഉയർന്ന സ്ലാബുകളിൽ മാറ്റം വരുത്താതെയാണ് ധനമന്ത്രി നികുതി ഘടന പുനഃക്രമീകരിച്ചത്. 12 മുതൽ 15 ലക്ഷം വരെ 20 ശതമാനം നികുതിയും 15 ലക്ഷം മുതൽ വരുമാനമാനമുള്ളവർക്ക് 30 ശതമാനം നികുതിയും മാറ്റമില്ലാതെ തുടരും. 

ഇതോടെ പുതിയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്നവർക്ക് ആദായ നികുതിയിൽ  17,500 രൂപ ലാഭിക്കാനാകുമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. അതേസമയം, പ്രത്യക്ഷ നികുതി വരുമാനത്തിൽ സർക്കാറിന് 29,000 കോടി രൂപ നഷ്ടമാകും. 

ENGLISH SUMMARY:

Salaried individual in the new tax regime stands to save Rs 17,500 in income tax after restructuring New Tax Regime