പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിൻറെ സാമ്പത്തികനില മെച്ചപ്പെടുന്നു. ബി.എസ്.എൻ.എല്ലിൻറെ നഷ്ടം കുറയുകയും ഇബിഐടിഡിഎ (പലിശ, നികുതി, ഡിപ്രിസിയേഷൻ തുടങ്ങിയവയ്ക്ക് മുൻപുള്ള വരുമാനം) വർധിക്കുകയും ചെയ്തെന്നാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ലോക്സഭയിൽ നൽകിയ കണക്ക് വ്യക്തമാക്കുന്നത്. ഒപ്പം ടവർ വാടകയിലൂടെയും ബി.എസ്.എൻ.എൽ വരുമാനം വർധിപ്പിച്ചു. 4ജി വ്യാപനത്തിലേക്ക് കടക്കുന്ന കമ്പനിക്ക് ആശ്വാസമാകുന്നതാണ് പുതിയ കണക്കുകൾ.
2023-24 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 5,371 കോടി രൂപയായി കുറഞ്ഞു. അതേസമയം ഇബിഐടിഡിഎ 2,164 കോടി രൂപയായി വർധിച്ചു. 2022-23 സാമ്പത്തിക വർഷത്തിൽ ബി.എസ്.എൻ.എല്ലിൻറെ നഷ്ടം 8,161 കോടി രൂപയും ഇബിഐടിഡിഎ 1,559 കോടി രൂപയുമായിരുന്നു. ശിവസേന ഉദ്ധവ് വിഭാഗം എംപി ഓംപ്രകാശ് ഭുപാൽസിങിന്റെ ചോദ്യത്തിനായിരുന്നു കമ്മ്യൂണിക്കേഷൻ വകുപ്പ് സഹമന്ത്രി ഡോ. പെമ്മസാനി ചന്ദ്രശേഖറിന്റെ മറുപടി.
2019 തിലും 2022 ലും ബി.എസ്.എൻ.എലിന് കേന്ദ്ര സർക്കാർ പുനരുജ്ജീവന പാക്കേജ് സർക്കാർ പ്രഖ്യാപിച്ചതായി മറുപടിയിലുണ്ട്. 2019 തിൽ പ്രവർത്തന ചെലവ് കുറയ്ക്കാൻ 69,000 കോടി നൽകി. 2022 ൽ പുതിയ മൂലധനമായും കടം പുനഃക്രമീകരിക്കുന്നതിനും 1.64 ലക്ഷം കോടിയും കൈമാറി. 2023 ൽ 89,000 കോടി രൂപയുടെ 4ജി/5ജി സ്പെക്ട്രവും സർക്കാർ അനുവദിച്ചു.
അതേസമയം ബി.എസ്.എൻ.എൽ ടവർ ലീസിന് കൊടുക്കുന്നതിലൂടെ വരുമാനം ഉയർത്തുകയാണ്. നിലവിൽ 67340 ടവറുകളാണുള്ളത് പൊതുമേഖലാ സ്ഥാപനത്തിനുള്ളത്. ഇതിൽ 12,502 എണ്ണം വാടകയ്ക്ക് നൽകിയിരിക്കുന്നതായി തൃണമൂൽ കോൺഗ്രസ് എംപി ഖലീലൂർ റഹ്മാന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. ഭൂരിഭാഗവും പാട്ടത്തിനെടുത്തിരിക്കുന്നത് റിലയൻസ് ജിയോ ആണ്. 8,408 എണ്ണം റിലയൻസ് ജിയോയും 2,415 എണ്ണം എയർടെലും 1,568 എണ്ണം വോഡാഫോൺ ഐഡിയയും ഉപയോഗിക്കുന്നുണ്ട്. ഈ ഇനത്തിൽ സ്വകാര്യ കമ്പനികളിൽ നിന്നും 2023-24 സാമ്പത്തിക വർഷത്തിൽ ബി.എസ്.എൻ.എല്ലിന് 1,055 കോടി രൂപ വരുമാനം ലഭിച്ചെന്നാണ് കണക്ക്.
വർഷാവസാനത്തോടെ 4ജി
332 പുതിയ 4ജി ടവറുകളാണ് കേരളത്തിലുണ്ടാവുകയെന്ന് ഇടുക്കി എംപി ഡീൻകുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി. അതേസമയം കമ്പനി നിലവിൽ 12,000 4ജി ടവറുകൾ സ്ഥാപിച്ചിട്ടുണ്ട്. തുടർ നടപടികളിലൂടെ 2024 ന്റെ അവസാനത്തോടെ രാജ്യവ്യാപകമായി 4ജി സേവനങ്ങളും അടുത്ത വർഷത്തിൽ 5ജി സേവനങ്ങളും അവതരിപ്പിക്കാൻ സാധിക്കുമെന്നാണ് ബി.എസ്.എൻ.എൽ പ്രതീക്ഷിക്കുന്നത്.
ബി.എസ്.എൻ.എല്ലിനായി വലിയ വിഹിതമാണ് ഇത്തവണ ബജറ്റിൽ വകയിരുത്തിയത്. ടെലികോം മന്ത്രാലയത്തിന് അനുവദിച്ച 1.28 ലക്ഷം കോടിയിൽ 82,916 കോടി രൂപ ബിഎസ്എൻഎൽ നവീകരിക്കാനും ടെക്നോളജി അപ്ഗ്രേഡ് ചെയ്യാനുമാണ്.