അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയേക്കുമെന്ന സൂചനകള്‍‌ ശക്തമായതിന് പിന്നാലെ ഓഹരിവിപണിയില്‍ കൂട്ട തകര്‍ച്ച. സെന്‍സെക്സ് 2,600 പോയിന്‍റ് ഇടിഞ്ഞു. നിക്ഷേപകര്‍ക്ക് ഒറ്റദിവസം കൊണ്ട് 18 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്.

ലോക്സസഭാ ഫലപ്രഖ്യാപന ദിനത്തിലെ വന്‍ ഇടിവിനെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ വിപണിയില്‍ വീണ്ടും കൂട്ടതകര്‍ച്ച. സെന്‍സെക്സ് 2600ഉം നിഫ്റ്റി എണ്ണൂറ് പോയിന്‍റും ഇടി​ഞ്ഞു. വ്യാപാരത്തിന്‍റെ തുടക്കത്തില്‍ തന്നെ ചാഞ്ചാട്ടം വ്യക്തമായിരുന്നു. എസ്ബിഐ, ടാറ്റാ മോട്ടോഴ്സ്, ഇന്‍ഫോസിസ് തുടങ്ങി എല്ലാ ഓഹരികളും കൂപ്പുകുത്തി. നിക്ഷേപകര്‍ക്ക് ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 18 ലക്ഷം കോടി രൂപ. അമേരിക്ക വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങിയേക്കുമെന്ന ഭീതിയാണ് ആഗോള തലത്തില്‍ വിപണികളെ ഉലച്ചത്. യുഎസില്‍ മൂന്ന് വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് പുറത്തുവന്നതാണ് കാരണം. 

ജപ്പാന്‍ അടക്കമുള്ള ഏഷ്യന്‍ വിപണികളെല്ലാം കനത്ത നഷ്ടം നേരിടുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ ക്രൂ‍ഡ് ഓയില്‍ വില വര്‍ധിക്കുമെന്ന ആശങ്കകളും ഡോളറിനെതിരെ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞതും സൂചികകളെ പിന്നോട്ടുവലിച്ചു. 82,000 പോയിന്‍റില്‍ എത്തി സര്‍വകാല റെക്കോര്‍ഡിട്ട സെന്‍സെസെക്സും 25,000 മറികടന്ന നിഫ്റ്റിയും സ്വാഭാവിക തിരുത്തലിന് വിധേയമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഏതായാലും ആഗോള സാഹചര്യങ്ങള്‍ എതിരായതോടെ വിപണി തിരിച്ചുകയറാന്‍ സമയമെടുക്കും എന്നാണ് വിലയിരുത്തല്‍.

ENGLISH SUMMARY:

Stock market crash