നെയ്യാറ്റിന്‍കരയില്‍ വീട്ടുകാര്‍ സമാധി ഇരുത്തിയെന്ന് അവകശപ്പെടുന്ന ഗോപന്‍സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റെവിടെ എന്ന് ഹൈക്കോടതി. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വാഭാവിക മരണമായി കണക്കാക്കാമെന്ന് വ്യക്തമാക്കിയ കോടതി കല്ലറ തുറക്കുന്നത് അന്വേഷണത്തിന്‍റെ ഭാഗമാണെന്നും അതിന് പൊലീസിന് അധികാരമുണ്ടെന്നും വ്യക്തമാക്കി. കല്ലറ പൊളിക്കണമെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം കോടതി തള്ളി. 41 ദിവസത്തെ പൂജ മുടങ്ങാതെ ചെയ്യാന്‍ അനുവദിക്കണമെന്നും വിശ്വാസത്തെ വ്രണപ്പെടുത്താനാണ് പൊലീസ് നീക്കമെന്നും ഗോപന്‍സ്വാമിയുടെ കുടുംബം ആരോപിച്ചിരുന്നു. ഹര്‍ജി കോടതി അടുത്തയാഴ്ച പരിഗണിക്കും.