തുടർച്ചയായ ഒൻപതാം തവണയും പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകന യോഗം. റിപ്പോനിരക്ക് 6.50 ശതമാനമായും റിവേഴ്സ് റിപ്പോനിരക്ക് 3.35 ശതമാനമായും തുടരും. 2025 സാമ്പത്തിക വർഷത്തിലെ പണപ്പെരുപ്പ പ്രവചനം 4.5 ശതമാനമായി തുടരും. അതേസമയം, ഏപ്രിൽ-ജൂണിലെ ജിഡിപി വളർച്ചാപ്രതീക്ഷ റിസർവ് ബാങ്ക് 7.1 ശതമാനത്തിലേക്ക് വെട്ടിക്കുറച്ചു. 7.3 ശതമാനം വളരുമെന്നായിരുന്നു നേരത്തേ പ്രതീക്ഷിച്ചിരുന്നത്.
അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റമില്ലാത്തതിനാൽ ഭവന, വ്യക്തിഗത വായ്പകളുടെ ഇഎംഐ ഉടനെ കുറയില്ല. അതേസമയം ഭവന വായ്പ, സ്വർണ പണയ വായ്പ എന്നിവയെ സ്വാധീനിക്കുന്നതും വായ്പയെടുക്കാനിരിക്കുന്നവർക്ക് അനുകൂലവുമായ ചില പ്രഖ്യാപനങ്ങൾ പണനയ അവലോകന യോഗ ശേഷം ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു.
ടോപ്പ് അപ്പ് ലോണ് കിട്ടാൻ കടുക്കും
ഭവന വായ്പ, സ്വർണ പണയ വായ്പ എന്നിവയിലെ ടോപ്പ് അപ്പ് വായ്പകളിലുണ്ടാകുന്ന വർധനവ് റിസർവ് ബാങ്ക് ഗവർണർ വാർത്തസമ്മേളനത്തിൽ സൂചിപ്പിച്ചു. ഈ തുക ഓഹരി വിപണിയിലെ ഊഹക്കച്ചടവടത്തിന് ഉപയോഗിക്കുന്നതായി ശക്തികാന്ത ദാസ് ആശങ്കപ്രകടിപ്പിച്ചു. അതിനാൽ ഇക്കാര്യത്തിൽ സൂക്ഷ്മത പുലർത്താനും വായ്പയുടെ ആവശ്യകത പരിശോധിക്കാനും റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദ്ദേശം നൽകി. ഇനി മുതൽ ടോപ്പ് അപ്പ് വായ്പ എളുപ്പമാകില്ലെന്ന് ചുരുക്കം.
യുപിഐ
യുപിഐയിൽ ഡെലിഗേറ്റഡ് പെയ്മെൻറ് സംവിധാനം അവതരിപ്പിക്കാൻ റിസർവ് ബാങ്ക് നിർദ്ദേശം നൽകി. ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരാൾക്ക് നിശ്ചിത പരിധി വരെ യുപിഐ ഇടപാട് നടത്താൻ സാധിക്കുന്നതാണ് സ്കീം. ഡെലിഗേറ്റഡ് പെയ്മെൻറ് സംവിധാനം ഡിജിറ്റൽ പെയ്മെൻറ് വർധിപ്പിക്കുമെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. യുപിഐ ഉപയോഗിച്ചുള്ള നികുതി അടവ് പരിധി ഓരോ ഇടപാടിനും 1 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയാക്കി ഉയർത്തി.
ക്രെഡിറ്റ് വിവരങ്ങൾ
വായ്പാദാതാക്കൾ ഓരോ രണ്ടാഴ്ചയിലും വായ്പയെടുത്ത വ്യക്തിയുടെ തിരിച്ചടവ് സംബന്ധിച്ച വിവരങ്ങൾ ഇനി ക്രെഡിറ്റ് ഇൻഫർമോഷൻ കമ്പനികൾക്ക് കൈമാറമെന്ന് ആർബിഐ ശവർണർ നിർദ്ദേശിച്ചു. നിലവിൽ മാസത്തിലാണ് ക്രെഡിറ്റ് വിവരങ്ങൾ സിബിൽ പോലുള്ള ക്രെഡിറ്റ് ഇൻഫർമോഷൻ കമ്പനികൾക്ക് ലഭിക്കുന്നത്. സമയബന്ധിതമായി വിവരങ്ങൾ നൽകുന്നത് വായ്പയെടുക്കുന്നവർക്കും ബാങ്കുകൾക്കും സഹായകരമാകും. വായ്പ തിരിച്ചടവ് സമയത്ത് തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് വായ്പയെടുക്കുന്നവർക്ക് ആശ്വസമാണ്. വായ്പയെടുക്കുന്നയാളുടെ കൃത്യമായ ക്രെഡിറ്റ് വിവരങ്ങൾ ബാങ്കുകൾക്ക് ലഭിക്കും.
ചെക്ക് ക്ലിയറൻസ്
മണിക്കൂറുകൾക്കുള്ളിൽ ചെക്ക് ക്ലിയറൻസിനുള്ള നടപടികൾ പൂർത്തിയാക്കുന്ന സംവിധാനവും റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ചു. ചെക്കുകൾ സ്കാൻചെയ്ത് പാസാക്കുന്ന നടപടിയിലൂടെ മണിക്കൂറുകൾക്കുള്ളിൽ ചെക്ക് ക്ലിയറൻസ് പൂർത്തിയാകും. നിലവിൽ T+1 ക്ലിയൻസ് സൈക്കിളാണ് ബാങ്കുകൾ പിന്തുടരുന്നത്.