ബി.എസ്.എന്‍.എല്ലിന്‍റെ കഷ്ടകാലം കഴിഞ്ഞോ. പ്രതീക്ഷയുടെ വാര്‍ത്തയാണ് കേരള സര്‍ക്കിളില്‍. ഒരു ലക്ഷത്തോളം സിമ്മുകള്‍ കഴിഞ്ഞ മാസം വിറ്റു. ഈ മാസം ഇതുവരെ മുപ്പതിനായിരവും. ഇതൊന്നുമല്ല ഇപ്പോഴത്തെ മുന്നേറ്റം. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയത്, നിരക്ക് കൂട്ടാത്ത ബി.എസ്.എന്‍.എലിന് കോളായി. ബി.എസ്.എന്‍.എലിനെ ഉപേക്ഷിച്ച് സ്വകാര്യ ടെലികോം കമ്പനികളിലേക്ക് ഉപഭോക്താക്കള്‍ പോകുന്നതു കുറഞ്ഞു.
വന്‍തോതില്‍ ഉപഭോക്താക്കള്‍ കൂട്ടത്തോടെ ബി.എസ്.എന്‍.എല്‍ കണക്ഷനിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്യുന്നു എന്നാണ് അധികൃതരുടെ കണക്ക്. കഴിഞ്ഞ മാസം 34000ലേറെ പേര്‍ മൊബൈല്‍ നമ്പര്‍ ബി.എസ്.എന്‍.എലിലേക്ക് മാറ്റി. ഈ മാസം ഇതുവരെ പതിനാലായിരത്തോളം പേര്‍ ബി.എസ്.എന്‍.എലിലേക്ക് ചേക്കേറിക്കഴിഞ്ഞു. മുമ്പൊക്കെ ദിവസം പരമാവധി എഴുനൂറു പേര്‍ വരെ മാത്രമായിരുന്നു ബി.എസ്.എന്‍.എലിലേക്ക് നമ്പര്‍ പോര്‍ട്ട് ചെയ്തിരുന്നത്. ഇത് മൂവായിരമായി കുതിച്ചുയര്‍ന്നു.
സ്വകാര്യ കമ്പനികളെക്കാള്‍ നിരക്കു കുറവാണ് എന്നതിനൊപ്പം ഫോര്‍ ജി സേവനം വ്യാപിപ്പിക്കുന്നതും ബി.എസ്.എന്‍.എലിനെ ജനപ്രിയമാക്കുന്നുണ്ട്. വൈകിയാണെങ്കിലും ഡിസംബറോടെ കേരളത്തിലെല്ലായിടത്തും ഫോര്‍ജി സേവനമെത്തിക്കും, അടുത്ത വര്‍ഷം ഫൈവ് ജിയും.