hindenburg

ഇന്ത്യയെക്കുറിച്ചുള്ള വലിയ വിവരം പുറത്തുവിടുമെന്നുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ എക്സ് പോസ്റ്റ് വന്നത് പുലർച്ച 5.30 തിനാണ്. ചില വലിയ വിവരങ്ങൾ വരുന്നു.. ഇന്ത്യ എന്ന ഒറ്റ വരി പോസ്റ്റാണ് അക്കൗണ്ടിലുള്ളത്. ഇതിനോടകം 6.6 ദശലക്ഷം പേരാണ് പോസ്റ്റ് കണ്ടത്. പോസ്റ്റിന് താഴെ ചൂടേറിയ പ്രതികരണങ്ങളും വരുന്നുണ്ട്. എന്നാൽ ഹിൻഡൻബർ​ഗിന്റെ പുതിയ വെല്ലുവിളി ഇന്ത്യൻ നിക്ഷേപകർ കാര്യമായെടുത്തോ എന്ന് നോക്കാം. 

പ്രതികരിച്ച് ഇന്ത്യക്കാർ

ഹിൻഡൻബർ​ഗിന്റെ എക്സ് കുറിപ്പിന് താഴെ ഇന്ത്യക്കാരുടെ കമന്റ് മേളമാണ്. 15,000 ത്തിലധികം കമൻറാണ് ഇതുവരെ പോസ്റ്റിന് ലഭിച്ചത്. കമ്പനിയുടെ ക്രെഡിബിലിറ്റി സംബന്ധിച്ച ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. 'നിങ്ങൾക്കെന്തെങ്കിലും ക്രെഡിബിലിറ്റിയുണ്ടോ? അസൂയമൂത്ത വിദേശികൾ' എന്നാണ് മനീഷ് ശർമ എന്ന അക്കൗണ്ടിലെ കമന്റ്. 

ഹിൻഡൻബർഗിൻറെ ബിസിനസ് സ്ട്രാറ്റജി ഇനി നടപ്പാകില്ലെന്നും, അദാനിയോടെ ക്രെഡിബിലിറ്റി നഷ്ടമായെന്നും മറ്റൊരു അക്കൗണ്ടും എഴുതുന്നു. അദാനി ഓഹരികൾ ഇടിവിൽ വാങ്ങാൻ തയ്യാറായിക്കോളൂ എന്നും കമന്റുകളുണ്ട്. അംബാനി മകൻറെ കല്യാണത്തിന് ക്ഷണിക്കാത്തതിനാലാകും എന്നാണ് മറ്റൊരു കമന്റ്.

വിപണിയിൽ ഒരു ഇടിവ് വന്നാൽ തന്നെ അത് എളുപ്പം മറികടക്കുമെന്ന നിരീക്ഷണവും കമന്റിലുണ്ട്. റീട്ടെയിലർമാർ മ്യൂച്വൽ ഫണ്ട് എസ്ഐപിയിലേക്ക് ഒഴുക്കുന്ന തുക പ്രതിമാസം ഉയരുകയാണ്. അതിനാൽ ഏത് ഇടിവും ഇന്ത്യയിൽ വലിയ വാങ്ങലിന് സഹായിക്കും. മ്യൂച്വൽ ഫണ്ടുകളുടെ കയ്യിലും ധാരളം പണമുണ്ട് എന്നാണ് ചാർട്ടേഡ് അക്കൗണ്ടന്റായ അതുൽ മോദാനി എഴുതുന്നു. 

അദാനിക്ക് കൊടുത്ത ആദ്യ അടി

അദാനി എന്റർപ്രൈസ് ഫോളോ ഓൺ പബ്ലിക്ക് ഓഫറിന് തയ്യാറെടുക്കുമ്പോഴാണ്, 2023 ജനുവരിയിൽ അദാനി ​ഗ്രൂപ്പിനെതിരെ ഹിൻഡൻബർ​ഗ് റിപ്പോർട്ട് വരുന്നത്.  അന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി മൂല്യം 72 ലക്ഷം കോടിരൂപ ഇടിഞ്ഞിരുന്നു. എന്നാൽ ഒരു വർഷത്തിന് ശേഷം അദാനി ഓഹരികളെല്ലാം നഷ്ടം നികത്തിയിരുന്നു. റിപ്പോർട്ടിന് പിന്നാലെ സുപ്രീം കോടതി ഉത്തരവിട്ട അന്വേഷണം നടക്കുകയാണ്. അദാനി ഗ്രൂപ്പ്  വിദേശത്ത് കടലാസ് കമ്പനികൾ രൂപീകരിച്ച് സ്വന്തം കമ്പനികളിൽ ഓഹരികളിൽ നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചുകാട്ടി ലാഭമുണ്ടാക്കി എന്നതടക്കമാണ് ഹിൻഡൻബർഗ് ആരോപിച്ചത്.

ENGLISH SUMMARY:

Hindenburg Research posted on X hinting about another major revelation involving an Indian company.