പ്രതികൂല ഘടകങ്ങള്‍ കൂട്ടമായെത്തിയപ്പോള്‍ കനത്ത ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി. സെന്‍സെക്സ് 1,049 പോയന്‍റ് ഇടിഞ്ഞ് 76,330ലും നിഫ്റ്റി 384 പോയന്‍റ് നഷ്ടത്തില്‍ 23047.25ലും വ്യാപാരം അവസാനിപ്പിച്ചു. സ്മോള്‍ കാപ്, മിഡ് കാപ് ഓഹരികളിലടക്കം കനത്ത വില്‍പ്പന നടന്നു. സ്മോള്‍, മിഡ് കാപ് സൂചികകള്‍ 4 ശതമാനം വരെ ഇടിഞ്ഞു.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം വെള്ളിയാഴ്ചയിലെ 430 ലക്ഷം കോടി രൂപയില്‍ നിന്ന് 417 ലക്ഷം കോടി രൂപയായി. നിക്ഷേപ സമ്പത്തില്‍ 13 ലക്ഷം കോടി രൂപയുടെ ഇടിവ്. അവസാന നാല് സെഷനുകളില്‍ ഓഹരി നിക്ഷേപകര്‍ക്കുണ്ടായ നഷ്ടം 25 ലക്ഷം കോടി രൂപയാണ്.
ശക്തമാകുന്ന യുഎസ്
വെള്ളിയാഴ്ച പുറത്തുവന്ന യുഎസ് ജോബ് ഡേറ്റയിലുണ്ടായ അപ്രതീക്ഷിത വളര്‍ച്ച, ഡോളറിന്‍റെ മൂല്യത്തിലും 10 വര്‍ഷ ബോണ്ട് യീല്‍ഡിലുമുണ്ടാക്കിയ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയിലെ തിരിച്ചടിക്ക് കാരണം. 1.65 ലക്ഷം തൊഴിലുകള്‍ പ്രതീക്ഷിച്ചിരുന്ന യുഎസില്‍ ഡിസംബര്‍ മാസത്തില്‍ 2.56 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടായി. തൊഴിലില്ലായ്മ നിരക്ക് 4.10 ശതമാനത്തിലേക്ക് താഴ്ന്നു. യുഎസ് സമ്പദ്‍വ്യവസ്ഥ ശക്തമാകുന്നതോടെ 2025 ല്‍ പലിശ നിരക്കുകളില്‍ വര്‍ധന പ്രതീക്ഷിക്കുന്നില്ല. ഇത് ഇന്ത്യന്‍ ഓഹരികളിലെ വിദേശ നിക്ഷേപം കുറയ്ക്കുമെന്നതിനാല്‍ വിപണിക്ക് തിരിച്ചടിയാകും.
ദുര്‍ബലമാകുന്ന രൂപ
യുഎസ് തൊഴില്‍ ഡേറ്റ ഡോളറിനെ ശക്തമാക്കി. യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ ആറ് മുൻനിര കറൻസികളുമായി തുലനം ചെയ്യുമ്പോള്‍ യുഎസ് ഡോളർ 109.9 നിലവാരത്തിലേക്ക് ഉയര്‍ന്നു. 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4.73 ശതമാനം വര്‍ധിച്ചു. ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതോടെ രൂപ 86.61 എന്ന എക്കാലത്തെയും വലിയ മൂല്യച്യുതി നേരിട്ടു. ഡോളറിനെതിരെ 86.58 നിലവാരത്തിലാണ് രൂപയുടെ ക്ലോസിങ്.
ക്രൂഡ് ഓയില്‍ വില കുതിക്കുന്നു
യുഎസ് ഉപരോധം വരുന്നത് ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ വിതരണത്തെ ബാധിക്കുമെന്ന വിലയിരുത്തലില്‍ തിങ്കളാഴ്ച എണ്ണവില മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 78 ഡോളര്‍ കടന്നു. 85 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ഇത് കനത്ത തിരിച്ചടിയാണ്. പണപ്പെരുപ്പവും സാമ്പത്തികമാന്ദ്യ ഭീഷണിയും നിലനില്‍ക്കെ ക്രൂഡ് ഓയില്‍ വില ഉയരുന്നത് നിക്ഷേപ താല്‍പര്യത്തെ ബാധിക്കും.
വില്‍പ്പന തുടര്‍ന്ന് വിദേശ നിക്ഷേപകര്‍
ഒക്ടോബറില്‍ തുടങ്ങിയ വില്‍പ്പനയുടെ ട്രെന്‍ഡില്‍ നിന്ന് മാറാതെ നില്‍ക്കുകയാണ് വിദേശ നിക്ഷേപകര്‍. ജനുവരി പത്ത് വരെ 22,259 കോടി രൂപയുടെ ഇന്ത്യന്‍ ഇക്വിറ്റിയാണ് ഇവര്‍ വിറ്റത്. ഡിസംബറില്‍ 16,982 കോടി രൂപയുടെ ഇക്വിറ്റിയും വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞു. ഒക്ടോബറില്‍ ഇത് 1,14,445 കോടിയായിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണങ്ങളിലൊന്നും ഇതാണ്.
ഓഹരികളുടെ പ്രകടനം
എല്ലാ സെക്ടറല്‍ സൂചികകളും ഇടിവിലാണ്. നിഫ്റ്റി റിയല്‍റ്റി സൂചിക 6.50 ശതമാനവും നിഫ്റ്റി പിഎസ്‍യു ബാങ്ക് 3 ശതമാനവും ഇടിഞ്ഞു. മൂന്നാംപാദ അപ്ഡേറ്റുകള്‍ മോശമായതാണ് ബാങ്കിങ് ഓഹരികള്‍ക്ക് തിരിച്ചടിയായത്. ടാറ്റ സ്റ്റീല്‍, ജെഎസ്‍ഡബ്ല്യൂ സ്റ്റീല്‍, വേദാന്ത തുടങ്ങിയ മെറ്റല്‍ ഓഹരികളും ഇടിവിലാണ്. നിഫ്റ്റി ഓട്ടോ മൂന്ന് ശതമാനം ഇടിഞ്ഞു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസൂക്കി, ടാറ്റ മോട്ടോഴ്സ് എന്നിവയാണ് വീഴ്ചയില്‍ മുന്നില്‍.
വ്യക്തിഗത ഓഹരികളില്‍, സൊമാറ്റോ ഇടിവ് തുടരുകയാണ്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ ജെഫേഴ്സ് സൊമാറ്റോ ഓഹരികളെ ഡൗണ്‍ഗ്രേഡ് ചെയ്തതിന് പിന്നാലെയാണ് ഇടിവ്. മൂന്നാഴ്ചയ്ക്കിടെ 20 ശതമാനമാണ് ഇടിവ്. ക്രൂഡ് ഓയില്‍ വില ബാരലിന് 81 ഡോളര്‍ കടന്നത് പെയിന്‍റ് ഓഹരികള്‍ക്ക് തിരിച്ചടിയാണ്. ഏഷ്യന്‍ പെയിന്‍റ്സ്, ബെര്‍ജര്‍, ഷാലിമാര്‍, അക്സോ നോബല്‍, സിയറ്റ്, അപ്പോളോ ടയേഴ്സ് എന്നിവയ്ക്കും ഇടിവാണ്. സെന്‍സെക്സില്‍ ആക്സിസ് ബാങ്ക്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലെവര്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്.