madhabi-buch-hindenburg-report

സെക്യൂരിറ്റി മാർക്കറ്റിന്റെ നിയന്ത്രണാധികരിയായ സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അധ്യക്ഷ മാധബി ബുച്ചിനും ഭർത്താവ് ധവൽ ബുച്ചിനും എതിരെയുള്ള വെളിപ്പെടുത്തലാണ് ഹിൻഡൻബർ​ഗ് റിസർച്ചിന്റെ പുതിയ റിപ്പോർട്ട്. അദാനി കമ്പനികളിൽ നിക്ഷേപം നടത്തിയ വിദേശ സ്ഥാപനങ്ങളിൽ ഇരുവർക്കും നിക്ഷേപം ഉണ്ടായിരുന്നു എന്നാണ് പ്രധാന വെളിപ്പെടുത്തൽ. മാധവി ബുച്ച് സെബിയിൽ ഉണ്ടായിരിക്കെ ഭർത്താവിന്റെ കമ്പനിക്ക് അനുകൂലമായ തീരുമാനങ്ങൾ കൈകൊണ്ടു എന്നുള്ള ​ഗുരുതര ആരോപണം അടക്കം നാല് പ്രധാന വെളിപ്പെടുത്തലുകളാണ് റിപ്പോർട്ടിലുള്ളത്. 

നാല് ആരോപണം

2023 ജനുവരിയിലെ അദാനിക്കെതിരെ വന്ന റിപ്പോർട്ടിന്റെ തുടർച്ച എന്ന കണക്കെയാണ് പുതിയ റിപ്പോർട്ട്. അന്വേഷണം നടത്താനുണ്ടായ പശ്ചാത്തലം വിവരിച്ചുകൊണ്ടാണ് ഹിൻഡൻബർ​ഗ് റിപ്പോർട്ട് ആരംഭിക്കുന്നത്. ഇതിൽ സെബി അധ്യക്ഷയ്ക്കെതിരായ അന്വേഷണം എന്തിന് നടത്തിയെന്ന് വ്യക്തമാക്കുന്നു.

ഹിൻഡൻബർ​ഗിന്റെ അദാനി റിപ്പോർട്ട് പുറത്ത് വന്ന് കഴിഞ്ഞ് 18 മാസങ്ങൾ കഴിഞ്ഞിട്ടും വിദേശ ഷെൽ കമ്പനികളും അദാനിയും തമ്മിലുള്ള ബന്ധം സെബി വെളിപ്പെടുത്താത്തതിലെ കാരണം ആശ്ചര്യപ്പെടുത്തിയെന്ന് ആമുഖമായി പറയുന്നു. തുടക്കം അദാനി ബന്ധമുള്ള ഫണ്ടുകളിലെ നിക്ഷേപത്തിൽ നിന്നാണ്. സിം​ഗപ്പൂർ കമ്പനിയിലെ നിക്ഷേപം, നിക്ഷേപ കമ്പനിയായ ബ്ലാക്ക്സ്റ്റോണിൽ ഭർത്താവിന്റെ ജോലി, വഴിവിട്ട സഹായങ്ങൾ, ഇന്ത്യൻ കൺസൾട്ടിം​ഗ് സ്ഥാപനത്തിന്റെ ഓഹരി പങ്കാളിത്തം എന്നിവയാണ് റിപ്പോർട്ടിലുള്ളത്. 

അദാനിയുമായി ബന്ധമുള്ള വിദേശ ഫണ്ടുകളിൽ നിക്ഷേപം

അദാനി കമ്പനികളിൽ നിക്ഷേപത്തിന് ഉപയോ​ഗിച്ച വിദേശ ഫണ്ടുകളിൽ സെബി അധ്യക്ഷ മാധവി പുരി ബുച്ചിനും ഭർത്താവ് ധവൽ ബുച്ചിനും നിക്ഷേപമുള്ളതായി ഹിൻഡൻബർ​ഗ് ആരോപിക്കുന്നു. ബെർമുഡയിൽ രജിസ്റ്റർ ചെയ്ത ഗ്ലോബൽ ഡൈനാമിക് ഓപ്പർച്യൂനിറ്റീസ് ഫണ്ട്, മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത ഐപിഇ പ്ലസ് ഫണ്ട് 1 എന്നിവയാണിവ. ഈ ഫണ്ടും അദാനിയും തമ്മിലുള്ള ബന്ധവും റിപ്പോർട്ട് വിശദീകരിക്കുന്നു. 

​ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി നിയന്ത്രിക്കുന്ന കമ്പനി ഗ്ലോബൽ ഡൈനാമിക് ഓപ്പർച്യൂനിറ്റീസ് ഫണ്ടിൽ നിക്ഷേപിച്ചു. ഈ തുക പിന്നീട് മൗറീഷ്യസ് രജിസ്‌ട്രേഷനുള്ള ഐപിഇ പ്ലസ് ഫണ്ട് 1 ലേക്ക്  നിക്ഷേപിച്ചു. ഐപിഇ പ്ലസ് ഫണ്ടിന്റെ സ്ഥാപകൻ അദാനി ​എന്റർപ്രൈസിൽ ഡയറക്ടറായിരുന്ന അനിൽ അഹുജയാണ്. ഈ രണ്ട് ഫണ്ടുകളും അദാനി ഓഹരികൾ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

നിക്ഷേപത്തിന്റെ നാൾവഴികൾ

* 2015 ജൂണിൽ സിം​ഗപ്പൂരിൽ വെച്ചാണ് മാധവി ബുച്ചും ഭർത്താവ് ധവൽ ബുച്ചും ഐപിഇ പ്ലസ് ഫണ്ട് 1-ൽ ആദ്യമായി അക്കൗണ്ട് തുറന്നത്. ഇതിൽ നിക്ഷേപത്തിന്റെ ഉറവിടം ശമ്പളമാണെന്ന് കാണിക്കുന്നു. ഇരുവരുടെയും ആസ്തി 10 മില്യൺ യുഎസ് ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തെളിവ് ഹിൻഡൻബെർ​ഗ് റിപ്പോർട്ടിലുണ്ട്. 

* 2017 ഏപ്രിലിലാണ് മാധവി ബുച്ച് സെബിയുടെ മുഴുവൻ സമയ അംഗമാകുന്നത്. നിയമനത്തിന് മുന്നോടിയായി മാർച്ച് 22 ന് മാധുരിയുടെ ഭർത്താവ് ധവൽ ബുച്ച് മൗറിഷ്യസ് ഫണ്ട് നിയന്ത്രിക്കുന്ന ട്രൈഡന്റ് ട്രസ്റ്റിന് കത്തയക്കുന്നു. ഇതിലൂടെ ഭാര്യയുടെ പേരിലുള്ള സ്വത്തുക്കൾ ധവൽ സ്വന്തം പേരിലേക്ക് മാറ്റുന്നു. കത്ത് തെളിവായി റിപ്പോർട്ടിലുണ്ട്.

* 2018 ഫെബ്രുവരി 25 ന് മാധവി ബുച്ച് സെബിയുടെ മുഴുവൻ സമയ അംഗമായിരിക്കുമ്പോൾ തന്നെ ഭർത്താവിന്റെ പേരിലുള്ള നിക്ഷേപം റെഡീം ചെയ്യാൻ സ്വന്തം മെയിൽ ഐഡി വഴി സന്ദേശം അയക്കുന്നു. ഇതിന്റെ തെളിവുകളും റിപ്പോർട്ടിലുണ്ട്. 

അദാനി കമ്പനികളിൽ നിക്ഷേപിച്ച വിദേശ ഫണ്ടുകളെ കണ്ടെത്താൻ സെബി ചെയർമാന് കണ്ണാടിയിൽ നോക്കിയാൽ മതിയായിരുന്നു എന്ന വിമർശനം ഹിൻഡൻബർ​ഗ് റിപ്പോർട്ടിൽ ഉന്നയിക്കുന്നു. സ്വന്തം ചെയർപേഴ്‌സണിനെതിരായ ഒരു വിചാരണ തുടങ്ങാൻ സെബിക്ക് സാധിക്കാത്തതിൽ ആശ്ചര്യമില്ലെന്നും റിപ്പോർട്ട് പറയുന്നു.

സിം​ഗപ്പൂർ കമ്പനി

2017 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ മാധവി ബൂച്ച് സെബിയിൽ മുഴുവൻ സമയ ഡയറക്ടറായിരുന്ന കാലം മുഴുവൻ സിംഗപ്പൂർ കൺസൾട്ടിംഗ് കമ്പനിയായ അഗോറ പാർട്‌ണേഴ്‌സിൽ 100 ശതമാനം പങ്കാളിത്തമുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2022 മാർച്ച് 16 ന് സെബി ചെയർപേഴ്‌സണനായി നിയമിതയായി രണ്ടാഴ്ച ശേഷം ഇവ ഭർത്താവിലേക്ക് കൈമാറ്റം ചെയ്തു. സിം​ഗപ്പൂരിൽ ബിസിനസ് ആൻഡ് മാനേജ്‌മെന്റ് കൺസൾട്ടൻസി കമ്പനിയാണിത്. സാമ്പത്തിക രേഖകൾ പുറത്ത് വിട്ടിട്ടില്ലാത്തതിനാൽ ആർക്കുവേണ്ടിയാണ് കൺസൾട്ടിംഗ് നടത്തിയതെന്ന് വ്യക്തമല്ല. 

ഭർത്താവിന്റെ കമ്പനിക്കായി വഴിവിട്ട നടപടികൾ

മാധവി ബുച്ച് സെബി മുഴുവൻ സമയ ഡയറക്ടറായിരുന്ന കാലത്ത് 2019 തിൽ ഭർത്താവിനെ ആഗോള നിക്ഷേപ കമ്പനിയായ ബ്ലാക്ക് സ്റ്റോണിൽ സീനിയർ അഡൈ്വസറായി നിയമിച്ചു. നേരത്തെ ഫണ്ട്, റിയൽഎസ്റ്റേറ്റ്, ക്യാപിറ്റൽ മാർക്കറ്റിൽ പരിചയമില്ലാതിരുന്നിട്ടും ധവൽ ബുച്ച് ഈ സ്ഥാനത്തേക്ക് എത്തി. നേരത്തെ കൺക്യൂമർ കമ്പനിയായ യൂണിലെവറിൽ ചീഫ് പ്രൊക്യുയർമെന്റ് ഓഫീസറായിരുന്നു ധവൽ. 

റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് അഥവാ ആർഇഐടിഎസ് നിക്ഷേപകളുള്ള കമ്പനിയാണ് ബ്ലോക്ക്‌സ്‌റ്റോൺ. ഈ കാലത്ത് ബ്ലാക്ക്‌സ്‌റ്റോണിന് അനുകൂലമായി സെബി തീരുമാനങ്ങളെടുത്തു എന്നാണ് ഹിൻഡൻബെർഗ് ആരോപണം. ഈകാലത്ത് സെബി ആർഇഐടിയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ മാറ്റം നിർദ്ദേശിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഇവ പലതും ബ്ലാക്ക്‌സ്റ്റോൺ പോലുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനങ്ങൾക്ക് അനുകൂലമായയാണെന്ന് റിപ്പോർട്ട് പറയുന്നു. ഈ കാലത്തെ കോൺഫറൻസുകളിൽ മാധവി ബുച്ച് ആർഇഐടി ക്ക് അനുകൂലമായ പ്രസ്താവനകൾ നടത്തി. ഭാവിയുടെ അസറ്റ് ക്ലാസാണിതെന്നും നിക്ഷേപകർക്ക് ഇതിനോട് അനുകൂല കാഴ്ചപാട് വേണമെന്നും വിവരിക്കുന്നു. 

ശമ്പളത്തിന്റെ നാലിരട്ടി

ഇന്ത്യൻ കൺസൾട്ടിംഗ് കമ്പനിയായ അഗോറ അഡൈ്വസറിയിൽ മാധവി ബുച്ചിന് 99 ശതമാനം ഓഹരിയുണ്ടെന്ന് ഹിൻഡൻബർ​ഗ് റിപ്പോർട്ട് പറയുന്നു. ഭർത്താവ് ധവൽ ബുച്ച് ഇവിടെ ഡയറക്ടറാണ്. 2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ വരുമാനം 2.61 ലക്ഷം ഡോളറാണ്. സെബിയിൽ നിന്ന് മാധവി ബുച്ച് വാങ്ങുന്ന ശമ്പളത്തിന്റെ നാലിരിട്ടിയാണിതെന്നും റിപ്പോർട്ടിൽ പറയുന്നു.

ENGLISH SUMMARY:

Hindenburg Research report against SEBI chairperson Madhabi Puri Buch. Hindenburg point out four alligations against her and husband,.