രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശം നല്‍കിയതിന് യുട്യൂബ് ഇൻഫ്ലുവെൻസർക്ക് പിഴയിട്ട് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). 19 ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സുള്ള രവീന്ദ്ര ബാപലു ഭാരതിക്കും അദ്ദേഹത്തിന്‍റെ കമ്പനിയായ രവീന്ദ്ര ഭാരതി വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിനും ഏതാനും പേര്‍ക്കും എതിരെയാണ് സെബി നടപടി.
2025 ഏപ്രില്‍ നാലു വരെ സെക്യൂരിറ്റീസ് മാർക്കറ്റുകളിൽ ഇടപാട് നടത്തുന്നതിന് സെബി വിലക്കേർപ്പെടുത്തി. ഇതിനൊപ്പമാണ് 9.49 കോടി രൂപ പിഴയും ചുമത്തിയത്.
സെബി രജിസ്ട്രേഷനില്ലാതെ നിക്ഷേപ ഉപദേശം നല്‍കിയതിലൂടെ നേടിയ 9.49 കോടി രൂപ തിരികെ നല്‍കാനാണ് സെബിയുടെ ഉത്തരവ്. രവീന്ദ്ര ബാപലു ഭാരതിക്കും മറ്റുള്ളവര്‍ക്കും 10 ലക്ഷത്തിന്‍റെ മറ്റൊരു പിഴയും സെബി ചുമത്തിയിട്ടുണ്ട്. ഭാരതിയെ കൂടാതെ അദ്ദേഹത്തിൻ്റെ കൂട്ടാളികളായ ശുഭാംഗി രവീന്ദ്ര ഭാരതി, രാഹുൽ അനന്ത ഗോസാവി, ധനശ്രീ ചന്ദ്രകാന്ത് ഗിരി എന്നിവര്‍ക്കെതിരെയും സെബി നടപടിയുണ്ട്.
രവീന്ദ്ര ഭാരതിയുടെ നേതൃത്വത്തില്‍ വിപണിയിൽ അധികം പരിചയമില്ലാത്ത നിക്ഷേപകരെ ഉയര്‍ന്ന റിട്ടേണ്‍ കാണിച്ച് ആകര്‍ഷിച്ചു എന്നാണ് കണ്ടെത്തല്‍. നിക്ഷേപകര്‍ക്ക് റിസ്ക് സംബന്ധിച്ച് വിവരങ്ങള്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും സെബി കണ്ടെത്തി.
രണ്ട് യൂട്യൂബ് ചാനലുകളിലായി 19 ലക്ഷത്തിലധികം വരിക്കാരാണ് ഇവര്‍ക്കുള്ളത്. ഈ ചാനലുകളിലൂടെ നിക്ഷേപ ഉപദേശങ്ങളും ഓഹരി ശുപാർശകളും നൽകിയെന്നും സെബിയുടെ കണ്ടെത്തലിലുണ്ട്. ഇത്തരത്തിലുള്ള ഉപദേശങ്ങൾ നൽകുന്നതിന് കമ്പനി സെബിയിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
സാമൂഹിക മാധ്യമങ്ങള്‍ വഴി നിക്ഷേപകര്‍ക്ക് ഓഹരി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ചാനലുകള്‍ക്കെതിരെ നേരത്തെ സെബി നടപടികള്‍ കര്‍ശനമാക്കിയിരുന്നു. ട്രേഡേഴ്സിനിടയിലെ ജനപ്രിയ സോഷ്യൽ മീഡിയ കമ്മ്യൂണിറ്റിയായ ബാപ്പ് ഓഫ് ചാർട്ടിനെതിരെ സെബി നേരത്തെ നടപടിയെടുത്തിരുന്നു.
ഇതിന്‍റെ നടത്തിപ്പുകാരായിരുന്ന നസിറുദ്ദീൻ അൻസാരി നിക്ഷേപകർക്ക് പണം തിരികെ നൽകാൻ സെബി ഉത്തരവിട്ടിരുന്നു. രജിസ്റ്റർ ചെയ്യാത്ത നിക്ഷേപ ഉപദേശങ്ങള്‍ നല്‍കിയതിന് സെക്യൂരിറ്റീസ് മാർക്കറ്റിൽ നിന്നും ഇവരെ വിലക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് രവീന്ദ്ര ഭാരതിക്കെതിരായ നടപടി.