എതിരാളികൾ കൂടുതലുള്ളൊരു മേഖലയിൽ ബിസിനസ് ആരംഭിക്കാൻ പലരും മടിക്കും. എതിരാളികൾ അതിശക്തരാണെങ്കിൽ പ്രത്യേകിച്ചും. പക്ഷെ ഓലയുടെ സഹസ്ഥാപകൻ വ്യത്യസ്തനാകുന്നത് ഇവിടെയാണ്. അമേരിക്കൻ കമ്പനി യൂബറിനോട് പൊരുതി ഓൺലൈൻ ഗതാഗത രംഗത്ത് ഓല ക്യാബ്സുമായാണ് ഭവിഷ് എന്ന ഇന്ത്യൻ ചെറുപ്പക്കാരൻ ബിസിനസ് രംഗത്തേക്ക് എത്തുന്നത്. തുടർന്ന് ഓല ഇലക്ട്രിക്കുമായി ഇലക്ട്രിക് വാഹന (ഇവി) വിപണിയിൽ ശക്തമായ സാന്നിധ്യമായി. എഐ മേഖലയിലെ കയ്യൊപ്പമായി കൃത്രിം എന്ന സ്റ്റാർട്ടപ്പും. 'ടെസ്‍ല പാശ്ചാത്യർക്ക്, ഒല ബാക്കിയുള്ളവർക്ക്' ഇങ്ങനെ പറഞ്ഞാണ് ഭവിഷ് അഗർവാൾ എതിരാളികളെ നേരിടുന്നത്. ഓല ഇലക്ട്രിക്കിന്റെ ഐപിഒയിലൂടെ ഒറ്റ ദിവസം കൊണ്ട് തലവരമാറി വീണ്ടും താരമായിരിക്കുകയാണ് ഭവിഷ്.
ഓലയുടെ തുടക്കം ഒരു വിരസ യാത്രയിൽ നിന്ന്
ഇന്ന് ആഘോഷിക്കപ്പെടുന്ന ഓല ഇലക്ട്രിക്കിന്റെ തുടക്കം ഓല ക്യാബിൽ നിന്നാണ്. അത് ആരംഭിച്ചതാകട്ടെ ഒരു വിരസമായ യാത്രയിൽ നിന്നും. സുഹൃത്തുക്കൾക്കൊപ്പം ബെംഗളൂരുവിൽ നിന്ന് ബന്ദിപ്പൂരിലേക്ക് ഭവിഷ് നടത്തിയ യാത്രയിലാണ് ഓല ക്യാബ്സിന്റെ ആശയം ലഭിക്കുന്നത്. യാത്രയ്ക്കിടെ അധിക വാടക ആവശ്യപ്പെട്ട് ഡ്രൈവർ യാത്ര സംഘത്തെ മൈസൂരിൽ ഇറക്കിവിടുന്നു. അങ്ങനെ ഭവിഷിനും സുഹൃത്തുകൾക്കും ബസിൽ യാത്ര പൂർത്തിയാക്കേണ്ടി വന്നു. ഇവിടെ വിരിഞ്ഞ സാധ്യതയിൽ നിന്നാണ് 2011 ൽ ഐഐടി ബോബെയിലെ സഹപാഠിയായ അൻകിത് ഭാടിക്കൊപ്പം ഓല ക്യാമ്പ്സ് ആരംഭിക്കുന്നത്.
ടൈഗർ ഗ്ലോബൽ മാനേജ്‌മെൻ്റിൽ നിന്ന് 5 മില്യൺ ഡോളർ നിക്ഷേപവും തുടർന്ന് സോഫ്റ്റ് ബാങ്ക് നിക്ഷേപവും എത്തിയതോടെ 2015-16 കാലത്ത് ഇന്ത്യ മുഴുവൻ ഓല സഞ്ചാരം വ്യാപിപ്പിച്ചു. അങ്ങനെ യൂബറുമായി മത്സരം തുടങ്ങി. പിന്നീട് ഓലയ്ക്ക് കീഴിൽ ഫുഡ് ഡെലിവറി, ഫിനാൻഷ്യൽ സർവീസ്, ബസ് ഷട്ടിൽ, സൈക്കിൾ ഷെയറിങ്, ക്ലൗഡ് കിച്ചൺ, യൂസ്ഡ് കാർ വിൽപ്പന, എന്നിവ ആരംഭിക്കാനുള്ള ഒന്നിലധികം ശ്രമങ്ങൾ ഭവിഷ് നടത്തി. 2023 ലെ സാമ്പത്തിക റിപ്പോർട്ട് പ്രകാരം 1,000 കോടിക്കടുത്ത് നഷ്ടമുണ്ടാക്കുന്ന കമ്പനിയാണ് ഓല. വരുമാനമാകട്ടെ 2000 കോടിക്ക് അടുത്തും.
ഓല ഇലക്ട്രിക്
ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന വിപണിയിലാണ് അടുത്തതായി ഭവിഷ് അഗർവാൾ കണ്ണുവെച്ചത്. ഇന്ത്യയിലെ ഇരുചക്ര വിപണിയിലുണ്ടായ പ്രമുഖ കമ്പനികളൊന്നും ഇവിയിൽ അരങ്ങേറാത്തത് ഓലയ്ക്ക് അവസരമായി. 2018 ൽ ഓല ക്യാബ്സിന്റെ എൻറർടെയിൻമെന്റ് വിഭാഗത്തിലാണ് ഓല ഇലക്ട്രിക് മൊബിലിറ്റി ആരംഭിക്കുന്നത്. 2019 ഓടെ ഓലയിൽ 250 മില്യൺ ഡോളർ നിക്ഷേപവും എത്തി. കൈമാറ്റം ചെയ്യാവുന്ന ബാറ്ററികളിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഇരുചക്ര, മുച്ചക്ക്ര വാഹനങ്ങൾക്കുള്ള ഷെയർ മൊബിലിറ്റി, ബാറ്ററി സ്വാപ്പിംഗ് പോയിൻ്റുകളുടെ ശൃംഖല, ഓട്ടോമോട്ടീവ് നിർമാതാക്കൾക്ക് ബാറ്ററി സേവനം എന്നിവയായിരുന്നു അഗർവാളിന്റെ തുടക്കത്തിലെ ആശയങ്ങൾ. പതിയെ ഇതൊഴിവാക്കി ഇവി സ്കൂട്ടറുകൾ നിർമിക്കാനുള്ള തീരുമാനത്തിലേക്ക് ഓലയെത്തി ഡച്ച് സ്റ്റാർട്ടപ്പ് എറ്റെർഗോയുടെ ഏറ്റെടുക്കലിലൂടെയാണ് ഇവി പ്രോജക്റ്റ് ആരംഭിച്ചത്.
2020 ന്റെ അവസാനത്തോടെ പ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര ഫാക്ടറിയായ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്നാണ് ഓല വാഹനങ്ങൾ ഇറങ്ങുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്ന ഇവി ടൂവിലർ കമ്പനി കൂടിയാണ് ഓല. 5,009.8 കോടി രൂപയാണ് കമ്പനിയുടെ 2024 സാമ്പത്തിക വർഷത്തിലെ വരുമാനം. 2023 ൽ 2,630 കോടി രൂപയായിരുന്നു. അതേസമയം നഷ്ടം വർധിച്ച് 1584 കോടി രൂപയായി. 2024 സാമ്പത്തിക വർഷത്തിൽ 35 ശതമാനം വിപണി വിഹിതമാണ് കമ്പനിക്കുള്ളത്. 326,443 യൂണിറ്റ് വിറ്റു. ടിവിഎസ് മോട്ടോഴ്സ്, ബജാജ് ഓട്ടോ, ആമ്പിയർ, ഹീറോ ഇലക്ട്രിക്, കൈനറ്റിക് ഗ്രീൻ എന്നിവയാണ് വിപണിയിലെ എതിരാളികൾ.
സ്‌കൂട്ടർ പുറത്തിറക്കിയ ഉടൻ തന്നെ നിർമാണത്തിന് തയ്യാറായിട്ടില്ലെന്ന ആരോപണം ഓല ഇലക്ട്രിക്കിനെതിരെ ഉയർന്നിരുന്നു. 2022 മാർച്ചിൽ പൂനെയിൽ ഓല സ്കൂട്ടറിന് തീപിടിച്ചതും വിവാദമായി. വിവാദങ്ങളിങ്ങനെ തുടരുമ്പോഴും ഭവിഷ് അടുത്ത കമ്പനിയിലേക്ക് നീങ്ങി. എഐ കമ്പനിയായിരുന്നു ഇത്തവണ, കൃത്രിം. 2023 ഡിസംബറിലായിരുന്നു ഓലയുടെ എഐ സ്റ്റാർട്ടപ്പ് പിറന്നത്. ഓല പ്ലാറ്റ്ഫോമുകൾ കൃത്രിം എഐ നിലവിൽ ഉപയോഗിക്കുന്നുണ്ട്. 2026 ഓടെ ആദ്യ എഐ ചിപ്പ് ബോധി 1 കമ്പനി പുറത്തിറക്കുമെന്ന് ഭവിഷ് പറയുന്നു.
പണിയെടുക്കുന്ന മുതലാളി
ഭവിഷ് അഗർവാൾ ജോലിസമയത്തിന്റെ 90 ശതമാനത്തോളം ചെലവാക്കുന്നത് ഓല ഇലക്ട്രിക്കിലാണ്. അദ്ദേഹത്തിന് കൂടുതൽ ഓഹരിയും ഇവിടെ തന്നെ. കൃഷ്ണഗിരിയിലെ ഫാക്ടറിയിൽ നിന്ന് ബെംഗളൂരു കോറമംഗലയിലെ ആസ്ഥാനത്തേക്കുള്ള 121 കിലോമീറ്റർ യാത്രയ്ക്ക് ഭവിഷ് ഉപയോഗിക്കുന്നത് ഹെലികോപ്റ്ററാണ്. ഇതിനായി ദിവസം ചെലവാക്കുന്ന് 2 ലക്ഷം രൂപ!. കൃഷ്ണഗിരിയിലെ ഫാക്ടറി പ്രദേശം മറ്റൊരു ജംഷഡ്പൂരാക്കുക എന്നതായിരുന്നു ഭവിഷിന്റെ ആഗ്രഹം. ഇതിന് വിലങ്ങുതടിയയാതും ഈ ഹെലികോപ്റ്റർ യാത്രയാണ്. ഫാക്ടറിക്ക് ചുറ്റുമുള്ള സ്ഥലം വാങ്ങാൻ ആഗ്രഹിച്ചിരുന്നെങ്കിലും ഗ്രാമവാസികൾ വലിയ വിലയാണ് ആവശ്യപ്പെട്ടത്. കാരണമായി പറഞ്ഞത്, ഉടമ ഹെലികോപ്പ്റ്ററിൽ പറക്കുമ്പോൾ വലിയ വില വേണമെന്നാണ്.
പണമുണ്ടാക്കുന്ന മുതലാളി
ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ ഐപിഒയിലൂടെ ഒറ്റ ദിവസം കൊണ്ട് സമ്പത്ത് ഇരട്ടിയാക്കാനുള്ള ഭാഗ്യവും ഭവിഷ് അഗർവാളിന് ലഭിച്ചു. ഓഗസ്റ്റ് ഒൻപതിന് വെള്ളിയാഴ്ചയാണ് ഓല ഇലക്ട്രിക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഐപിഒയിൽ 72-76 രൂപ പ്രൈസ് ബാൻഡ് നിശ്ചയിച്ചിരുന്ന ഓല ഇലക്ട്രിക് 76 രൂപയിലാണ് ലിസ്റ്റ് ചെയ്തത്. അതേദിവസം തന്നെ ബിഎസ്ഇയിൽ ഒരുദിവസം ഉയരാവുന്ന പരിധിയായ 20 ശതമാനം ഉയർന്ന് ഓഹരി 91.18 രൂപയിലെത്തിയിരുന്നു. കമ്പനിയുടെ വിപണിമൂല്യം 40,217.95 കോടി രൂപയിലേക്കും എത്തി.
ഐപിഒയ്ക്ക് മുന്നോടിയായി ഓല ഇലക്ട്രിക്കിന്റെ 1,36,18,75,240 ഓഹരികളാണ് (36.94%) ഭവിഷ് അഗർവാളിൻറെ കയ്യിലുണ്ടായിരുന്നത്. ലിസ്റ്റിങ്ങോടെ 140 കോടി ഡോളറാണ് അദ്ദേഹത്തിൻറെ വരുമാനത്തിൽ കൂട്ടിച്ചേർത്ത്. ഐപിഒയിൽ ഓഫർ ഫോർ സെയിൽ വഴി 37,915,211 ഓഹരികളാണ് ഭവിഷ് വിറ്റഴിച്ചത്. 76 രൂപ നിരക്കിൽ 288 കോടി രൂപ ലഭിച്ചു. പിന്നീട് കയ്യിലുള്ളത് 1,32,39,60,029 ഓഹരികളാണ്. ഓഹരി ആദ്യ ദിവസം തന്നെ അപ്പർസർക്യൂട്ടായ 91.18 രൂപയിലെത്തിയതോടെ 12,071 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം. ഐപിഒ വഴി 6,145 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. അതേസമയം, ഓഹരി അപ്പർസർക്യൂട്ട് തൊടുന്നത് തുടരുകയാണ്. തിങ്കളാഴ്ച, 146.38 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. വിപണി മൂല്യം 64,400 കോടി രൂപയുമായി