ആഴ്ചയില്‍ ഒരാള്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണമൂര്‍ത്തിയെ പിന്തുണച്ച ഒല സി.ഇ.ഒ ഭവിഷ് അഗര്‍വാളിന് പരക്കെ വിമര്‍ശനം. ദേശീയ സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കുന്നതിന് അത്തരമൊരു തൊഴില്‍ സംസ്കാരം അത്യാവശ്യമാണെന്നായിരുന്നു പോഡ്കാസ്റ്റില്‍ ഭവിഷിന്‍റെ അഭിപ്രായപ്രകടനം. ' ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നാരായണ മൂര്‍ത്തിയുടെ അഭിപ്രായത്തെ പൊതുവിടത്തില്‍ പിന്തുണച്ചതിന് പിന്നാലെ എനിക്ക് നേരെ വലിയ സൈബര്‍ ആക്രമണങ്ങളുണ്ടായി. പക്ഷേ ഞാനത് കാര്യമാക്കുന്നില്ല. ഒരു തലമുറയുടെ കഠിനതപസ് കൊണ്ടുമാത്രമേ രാജ്യത്തെ ലോകത്തിന്‍റെ നെറുകയില്‍ എത്തിക്കാന്‍  ഒന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ കഴിയുകയുള്ളൂവെന്നാണ് താന്‍ ഉറച്ച് വിശ്വസിക്കുന്നതെന്ന് ഭവിഷ് ആവര്‍ത്തിച്ചു. 

കൂടുതല്‍ സമയം ജോലി ചെയ്യുന്നത് വര്‍ക്‌ലൈഫ് ബാലന്‍സ് കളയുമെന്ന വാദത്തെയും ഭവിഷ് തള്ളി. ചെയ്യുന്ന ജോലി ആസ്വദിക്കുന്ന ഒരാള്‍ക്ക് ജീവിതത്തിലും സന്തോഷം കണ്ടെത്താനാകുമെന്നും തൊഴിലും ജീവിതവുമായി സ്വരച്ചേര്‍ച്ചയിലാകും മുന്നോട്ട് പോകുകയെന്നും ഭവിഷ് അവകാശപ്പെട്ടു. 

അതേസമയം ഭവിഷിന്‍റെ വാദത്തെ ഡോക്ടര്‍മാര്‍ എതിര്‍ക്കുകയാണ്. സുദീര്‍ഘമായ തൊഴില്‍ സമയം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ആഴ്ചയില്‍ 55 മണിക്കൂറിലേറെ ജോലി ചെയ്യുന്നത് പക്ഷാഘാതം, ഹൃദ്രോഗം, അകാല മരണം എന്നിവയ്ക്ക് കാരണമാകുമെന്നും അപ്പോളോ ആശുപത്രിയിലെ സീനിയര്‍ ന്യൂറോളജിസ്റ്റായ ഡോ. സുധീര്‍കുമാര്‍ പ്രതികരിച്ചു. അധികനേരം തുടര്‍ച്ചയായ ജോലി ചെയ്തതിനെ തുടര്‍ന്ന് പ്രതിവര്‍ഷം 800,000 ത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

പൊണ്ണത്തടി, പ്രമേഹം, ടൈപ് 2 പ്രമേഹം, എന്ന് തുടങ്ങി മറ്റ് ജീവിതശൈലി രോഗങ്ങള്‍ക്കും ഇത്തരം തൊഴില്‍ സാഹചര്യങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ദീര്‍ഘനേരം ജോലി ചെയ്യാന്‍ ഭവിഷ് ആവശ്യപ്പെടുന്നത് സ്ഥാപനത്തിന്‍റെ ലാഭം കൂട്ടാനാണെന്നും തൊഴിലാളിയുടെ ജീവന്‍ അപകടത്തിലാക്കിയും ലാഭം വര്‍ധിപ്പിക്കണമെന്ന ചിന്ത എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ENGLISH SUMMARY:

OLA CEO Bhavish Aggarwal emphasized his belief that 70 hour work week is essential for fostering national economic growth, despite facing criticism on social media. Doctor warns of premature death.