ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം പിടിച്ച് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. 2024 ലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയിലുള്ള 58 കാരന്റെ ആസ്തി 7,300 കോടി രൂപയാണ്. ​ഗൗതം അദാനിയാണ് ഇത്തവണ പട്ടികയിൽ ഒന്നാമത്. 11.6 ലക്ഷം കോടി രൂപയാണ് ​ഗൗതം അദാനി കുടുംബത്തിന്റെ ആസ്തി. 95 ശതമാനം വളർച്ചയാണ് അദാനിയുടെ ആസ്തിയിലുണ്ടായത്.  10.14 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനി കുടുംബമാണ് രണ്ടാമത്. എച്ച്‍സിഎൽ ടെക്നോളജീസിന്റെ ശിവ നടാർ കുടുംബമാണ് മൂന്നാമത്. ആസ്തി 3.14 ലക്ഷം കോടി രൂപ. 21 കാരനായ കൈവല്യ വോഹ്‌റയാണ് ഇന്ത്യയിലെ പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒന്നാമൻ. ക്വിക് കോമേഴ്സ് ഡെലിവറി കമ്പനിയായ സെപ്റ്റോയുടെ സ്ഥാപകന്റെ ആസ്തി 3,600 കോടി രൂപയാണ്. 

ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം ഇന്ത്യയിലെ മൊത്തം ശതകോടീശ്വരൻമാരുടെ എണ്ണം 334 ആണ്. ഈ വർഷം 75 പുതിയ ശതകോടീശ്വരന്മാരാണ് ഇന്ത്യയിലുള്ളത്. തിളങ്ങുന്നത് സിനിമയിലാണെങ്കിലും ഷാരൂഖിനെ നിലവിൽ സമ്പന്നനാക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ടങ്ങളാണ്. ഐപിഎൽ ടീമായ കൊൽക്കത്ത നെറ്റ് റൈഡേഴ്സിലെ താരത്തിന്റെ പങ്കാളിത്തവും പ്രൊഡക്ഷൻഹൗസായ റെഡ് ചില്ലീസ് എൻറർടെയിൻറുമാണ് വരുമാനം കൊണ്ടുവരുന്നത്.  

ബോളിവുഡിൽ നിന്ന് ഷാരൂഖ് ഖാന് പിന്നാലുള്ള നടി ജൂഹി ചൗളയുടെ ആസ്തി 4,600 കോടി രൂപയാണ്. ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ഷാരൂഖിനൊപ്പം ഓഹരി ഉടമയാണ് ജൂഹി ചൗള. 2,000 കോടി രൂപ ആസ്തിയുള്ള ഹൃതിക് റോഷനാണ് മൂന്നാമത്. 2024 ലെ ഫോബ്സിന്റെ ഏറ്റവും കൂടുതൽ ശമ്പളം പറ്റുന്ന 10 ഇന്ത്യൻ താരങ്ങളിൽ ഒന്നാമനായിരുന്നു ഷാരൂഖ്. ഏകദേശം 150-250 കോടിക്കടുത്താണ് താരം പ്രതിഫലം വാങ്ങുന്നത്. 

സിനിമകളിൽ നിന്നും മികച്ച നേട്ടം ഷാറൂഖിന് ഈയിടെ ഉണ്ടായിട്ടുണ്ട്. പത്താൻ ഇന്ത്യയിൽ നിന്ന് 543.09 കോടിയും രാജ്യാന്തര റിലീസിലൂടെ 1,055 കോടിയും നേടിയിരുന്നു. ജവാൻ ഇന്ത്യയിൽ നിന്ന് 640.25 കോടിയാണ് നേടിയത്. 1,160 കോടി ആ​ഗോള റിലീസിലൂടെയും നേടി. അവസാനം റിലീസായ ദുൻകി 227 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് നേടിയത്. 

ENGLISH SUMMARY:

Shah Rukh Khan enter in Hurun Rich List with Adani and Ambani