തുടർച്ചയായ രണ്ടം ദിവസവും കേരളത്തിൽ സ്വർണ വില ഉയർന്നു. പവന് 320 രൂപ വർധിച്ചു 54,920 രൂപയിലെത്തി. ഗ്രാമിന് 40 രൂപയുമാണ് ശനിയാഴ്ച വർധിച്ചത്. 6865 രൂപയാണ് ഇന്നത്തെ വില. മാസത്തിലെ ഉയർന്ന നിരക്കാണിത്. ഇന്നലെ 960 രൂപയാണ് പവൻ വർധിച്ചത്. ഇതടക്കം രണ്ട് ദിവസം കൊണ്ട് 1280 രൂപയുടെ വർധന ഉണ്ടായി.
രാജ്യാന്തര വിപണിയിൽ സ്വർണ വില തുടർച്ചയായ ദിവസങ്ങളിൽ റെക്കോർഡ് ഉയരം തൊട്ടുന്നതിനാലാണ് സ്വർണ വില കുതിക്കുന്നത്. അമേരിക്കയിൽ 17-18 ന് നടക്കുന്ന ഫെഡ് യോഗത്തിൽ വലിയ അളവിലുള്ള പലിശ കുറയ്ക്കല്‍ ഉണ്ടായേക്കാമെന്ന പ്രതീക്ഷയാണ് കുതിപ്പിന്റെ ഊർജം.
ഡോളർ സൂചിക താഴുന്നത് മുതലാക്കി വെള്ളിയാഴ്ച സ്വർണ വില 2585.40 ഡോളറിലേക്ക് കുതിച്ചിരുന്നു. നിലവിൽ 2,577.70 ഡോളറിലാണ് സ്വർണ വില ക്ലോസ് ചെയ്തിരിക്കുന്നത്. ഫെഡ് യോഗത്തിൽ .50 ശതമാനം പലിശ കുറയ്ക്കാനുള്ള സാധ്യത കൂടിയെന്നാണ് നിക്ഷേപ വിലയിരുത്തൽ. സ്വർണ വില പുതിയ ഉയരം മറികടന്നാൽ 2,600 ഡോളർ ഭേദിക്കുമെന്നാണ് വിപണി പ്രതീക്ഷ ക്കുന്നത്. പലിശ നിരക്ക് കുറയ്ക്കല്‍ ഊര്‍ജമാക്കി സ്വർണ വില 3,000 ഡോളറിലേക്ക് എത്താമെന്ന സാധ്യത വിദഗ്ധർ പങ്കുവെയ്ക്കുന്നു.
ഇന്നത്തെ കേരള വിലയിൽ ഒരു പവന്റെ ആഭരണം 10 ശതമാനം പണിക്കൂലിയിൽ വാങ്ങാൻ 62,000 രൂപയ്ക്ക് മുകളിൽ നൽകണം.