TOPICS COVERED

ഓണം കഴിഞ്ഞെങ്കിലും ഓണം ബംപറിന്റെ ആവേശം കഴിഞ്ഞിട്ടില്ല. ഒക്ടോബർ ഒൻപതിനാണ് നറുക്കെടുപ്പ് തീരുമാനിച്ചതെന്നതിനാൽ ഓണത്തിന്റെ ലോട്ടറി ആവേശം ഇനിയും നീളും. ഇത്തവണയും ഓണം ബംപറിൽ ഭാ​ഗ്യം പരീക്ഷിക്കുന്നവർ ചുരുക്കമല്ല. ഇതിനോടകം തന്നെ ടിക്കറ്റ് വിൽപ്പന 37 ലക്ഷത്തിലേക്ക് കടന്നിട്ടുണ്ട്. വരും ദിവസങ്ങളിലും വിൽപ്പന ഉയരുകയാണെങ്കിൽ റെക്കോർഡിലേക്ക് പോകും. സമ്മാനഘടന പ്രകാരം 21 പേരെ കോടീശ്വരനാക്കുന്നതാണ് ഇത്തവണത്തെ ഓണം ബംപർ. 

ഇത്തവണയും 500 രൂപയാണ് ഓണം ബംപർ ടിക്കറ്റിന്റെ വില. TA, TB, TC, TD, TE, TF, TG, TH, TJ, TK, TL എന്നിങ്ങനെ 10 സീരീസിലാണ് ബംപർ പുറത്തിറക്കുന്നത്. 25 കോടി രൂപയാണ് തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേർക്കാണ് ലഭിക്കുക. ഇതിനൊപ്പം ഒന്നാം സമ്മാനത്തിന് അർഹമായ ലോട്ടറി വിറ്റ ഏജന്റിന് 10 ശതമാനം കമ്മീഷനായി 2.50 കോടി രൂപയും ലഭിക്കും. ഇത്തരത്തിൽ 22 പേർക്ക് കോടിപതിയാകാനുള്ള അവസരം ഓണം ബംപറിലുണ്ട്. 

മൂന്നാം സമ്മാനം 50 ലക്ഷം രൂപയാണ്. പത്ത് സീരീസിലും രണ്ട് പേർക്ക് വീതം 20 സമ്മാനങ്ങൾ നൽകും. നാലാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. ഓരോ സീരിസിലും ഓരോരുത്തർക്കായി 10 പേർക്ക് സമ്മാനം ലഭിക്കും. അഞ്ചാം സമ്മാനം പത്ത് പേർക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. ആറാം സമ്മാനം 5,000 രൂപയാണ്. ഏഴാം സമ്മാനം 2000 രൂപയും എട്ടാം സമ്മാനമായി 1,000 രൂപയും അവസാന സമ്മാനമായി 500 രൂപയും ലഭിക്കും. ഒൻപത് പേർക്ക് 5 ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും. ആകെ 5,34,760 പേർക്കാണ് സമ്മാനം ലഭിക്കുക. ആകെ സമ്മാനത്തുക 125.54 കോടി രൂപയാണ്. 

പരമാവധി 351.56 കോടി രൂപയ്ക്കുള്ള 90 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് അച്ചടിക്കാൻ സാധിക്കുക. നിലവിൽ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളിൽ 36,41,328 ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു എന്നാണ് ലോട്ടറി വകുപ്പിന്റെ ഔദ്യോ​ഗിക കണക്ക്. പാലക്കാട് ജില്ലയാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റത്. 6,59,240 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ മാത്രം വിറ്റത്. തിരുവനന്തപുരത്ത് 4,69,470 ടിക്കറ്റുകളും തൃശൂരിൽ 4,37,450 ടിക്കറ്റുകളും വിറ്റിട്ടുണ്ട്. 

ENGLISH SUMMARY:

Onam Bumper makes 22 crorepatis; Know price structure