രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് വിറ്റഴിച്ചത് നാൽപ്പത്തിയൊന്നായിരം കോടിയിലേറെ രൂപയുടെ ലോട്ടറി. ലോട്ടറി വില്പനയിലൂടെ ലഭിച്ച നികുതി വരുമാനം മാത്രം പതിനൊന്നായിരം കോടിയിലേറെ രൂപയാണ്. ഇതിനുപുറമേ, ലോട്ടറിയിൽ നിന്നുള്ള ലാഭമായി 2800 കോടിയോളം രൂപ ലഭിച്ചെന്നും കണക്കുകൾ വ്യക്തമാക്കുന്നു
ലോട്ടറിയും മദ്യവുമാണ് സംസ്ഥാനത്തിന്‍റെ പ്രധാന വരുമാന മാർഗങ്ങളെന്ന് പലപ്പോഴും വിമർശനം ഉയരാറുണ്ട്. അങ്ങനെയല്ലെന്ന് സർക്കാർ കണക്കുകൾ നിരത്തി വ്യക്തമാക്കിയിട്ടുമുണ്ട്. എങ്കിലും ലോട്ടറിയിൽ നിന്നുള്ള വരുമാനം അത്ര ചെറുതല്ലെന്നാണ് രേഖകൾ പറയുന്നത്. 2021 ഏപ്രിൽ മുതൽ 2024 ഡിസംബർ 31 വരെ 41,138.45 കോടി രൂപയുടെ ലോട്ടറിയാണ് സംസ്ഥാനത്ത് വിറ്റത്. നികുതിയിനത്തിൽ മാത്രം ലോട്ടറി വില്പനയിലൂടെ ലഭിച്ചത് 11,518.68 കോടി രൂപയാണ്. ലോട്ടറി വില്പനയിലെ ലാഭം മാത്രം 2,781.54 കോടി രൂപയാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
ആഴ്ചയിൽ 7 പ്രതിവാര ലോട്ടറികളും, വർഷത്തിൽ 6 ബമ്പർ ലോട്ടറികളുമാണ് നിലവിൽ സംസ്ഥാന സർക്കാർ പുറത്തിറക്കുന്നത്. വിൽപ്പനയ്ക്കായി 38,577 അംഗീകൃത ഏജൻ്റുമാരുണ്ട്. ഇവരിൽ നിന്നും ലോട്ടറി വാങ്ങി വില്പന നടത്തുന്ന നിരവധി പേർ വേറെയും. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ലോട്ടറി വില്പന ചെറിയ കളിയല്ലെന്നർഥം.