നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിച്ച ഓഹരിയാണ് കേരളത്തിൽ നിന്നുള്ള കമ്പനിയായ കൊച്ചിൻ‍ ഷിപ്‌യാഡ്. 2024 ൽ ഇതുവരെ 172.69 ശതമാനം റിട്ടേൺ നൽകിയ ഓഹരി ഒരു വർഷം കൊണ്ട് വളർന്നത് 246.3 ശതമാനമാണ്. എങ്കിലും സമീപ കാലത്തായി ഓഹരിയിൽ കാര്യമായ ഇടിവാണ് കാണുന്നത്. ജൂലൈയിൽ 2,979 രൂപ എന്ന സർവകാല ഉയരം രേഖപ്പെടുത്തിയ ശേഷം 40 ശതമാനത്തോളം ഇടിവിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 

വെള്ളിയാഴ്ച ഓഹരി അപ്പർസർക്യൂട്ടിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കമ്പനിയുടെ ലാഭവിഹിതത്തിനുള്ള റെക്കോർഡ് തീയതിക്ക് മുൻപായാണ് ഈ കുതിപ്പ്. കൊച്ചിൻ ഷിപ്‌യാഡ് ലാഭവിഹിതത്തിനായി ഓഹരിയുടെ റെക്കോർഡ് തീയതിയായി നിശ്ചയിച്ചിരിക്കുന്നത് തിങ്കളാഴ്ചയാണ്. അതായത് നിലവിൽ ഓഹരി കയ്യിലുള്ളവരാണെങ്കിൽ കമ്പനിയുടെ അന്തിമ ലാഭവിഹിതം ലഭിക്കും. 

2.25 രൂപ ലാഭവിഹിതം

45 ശതമാനം അന്തിമ ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതുപ്രകാര ഓഹരിയൊന്നിന് 2.25 രൂപ ലാഭവിഹിതം ലഭിക്കും. ഓഹരി തിങ്കളാഴ്ച എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. ഇതേ ദിവസം തന്നെയാണ് ഓഹരിയുടെ റെക്കോർഡ് തീയതിയും. റെക്കോർഡ് തീയതിയിൽ ഓഹരി പോർട്ട്ഫോളിയോയിലുള്ള നിക്ഷേപകർക്ക് ലാഭവിഹിതത്തിന് അർഹതയുണ്ട്. വെള്ളിയാഴ്ചയ്ക്കുള്ളിൽ ഓഹരി വാങ്ങിയ നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കും. 

2023-24 സാമ്പത്തിക വർഷത്തിലെ നാലാം പാദഫലം പുറത്തുവിടുന്ന ഘട്ടത്തിൽ മേയിലാണ് അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചത്. സെപ്റ്റംബർ 23 ആണ് റെക്കോർഡ് തീയതി. യോ​ഗ്യരായ ഓഹരി ഉടമകൾക്ക് 2024 ഒക്‌ടോബർ 29-നകം ലാഭവിഹിതം നൽകും. കഴിഞ്ഞ 12 മാസത്തിനിടെ കൊച്ചിൻ ഷിപ്‌യാഡ് 14.50 രൂപയാണ് ലാഭവിഹിതം നൽകിയത്. 1686 രൂപ വിപണി വിലയുള്ള ഓഹരിക്ക് 0.86 ശതമാനം ഡിവിഡന്റ് യീൽഡുണ്ട്. 

നേട്ടത്തിന് കാരണം

നാല് ദിവസത്തെ തുടർച്ചയായ ഇടിവിന് ശേഷമാണ് കൊച്ചിൻ ഷിപ്‌യാഡ് ഓഹരികൾ വെള്ളിയാഴ്ച നേട്ടമുണ്ടാക്കിയത്. 10 ശതമാനം ഉയർന്ന് ദിവസത്തിലെ പരമാവധി ഉയരമായ (അപ്പർസർക്യൂട്ട്) 1,846.05 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞാഴ്ചയിലെ ആദ്യ നാല് ട്രേഡിങ് സെഷനുകളിൽ ഓഹരി എട്ട് ശതമാനം ഇടിഞ്ഞിരുന്നു.എഫ്ടിഎസ്ഇ ഓൾ വേൾഡ് ഇൻഡെക്സിൽ ഓഹരി ഇടം നേടിയതാണ് ഓഹരി വിലയെ ഉയർത്തിയത്. 

ഇൻഡെക്സിൽ ഇടംപിടിക്കുന്നതോടെ കൊച്ചിൻ ഷിപ്‌യാഡിന്റെ ഓഹരികളിലേക്ക് 3 കോടി ഡോളറിന്റെ അധിക നിക്ഷേപം എത്തുമെന്നാണ് പ്രതീക്ഷ. ഇതിനൊപ്പം റെക്കോർഡ് തീയതിക്ക് മുൻപായി ഓഹരി കൈക്കലാക്കാനുള്ള നിക്ഷേപ താൽപര്യവും വെള്ളിയാഴ്ച ഓഹരിയിൽ പ്രകടമായി. 

ENGLISH SUMMARY:

Cochin Shipyard set monday as record date for dividend. Gives Rs 2.25 per share.