സെപ്റ്റംബറില്‍ എസ്എംഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്ത ഓഹരിയാണ് ബോസ് പാക്കിങ് സൊല്യൂഷ്യന്‍സ്. 64 തൊഴിലാളികളും 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഓഫീസുമുള്ള കമ്പനിയുടെ എട്ട് കോടി രൂപയുടെ ഐപിഒയ്ക്ക് 1,073 കോടി രൂപയുടെ അപേക്ഷകളാണെത്തിയത്. അതായത് 135 മടങ്ങ്.
66 രൂപ ഇഷ്യുവിലയുണ്ടായിരുന്ന ഓഹരി ലിസ്റ്റ് ചെയ്തത് 82.50 രൂപയിലാണ്. 25 ശതമാനം ലിസ്റ്റിങ് നേട്ടത്തോടെ രണ്ടുമാസം മുന്‍പ് ലിസ്റ്റ് ചെയ്ത ഓഹരി ഇഷ്യുവിലയ്ക്കും താഴെ 58 രൂപയിലാണ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്.
Also Read: മലയാളി സമ്പന്നരില്‍ മുന്നില്‍ യൂസഫലി; ആദ്യ സ്ഥാനത്ത് ആരെല്ലാം; സമ്പന്ന നഗരം തൃശൂര്‍
മറ്റൊരു എസ്എംഇ ഐപിഒ ആണ് റിസോഴ്സ്ഫുള്‍ ഓട്ടോമൊബൈല്‍സിന്‍റേത്. യമഹ ടൂവിലേഴ്സിന്‍റെ ഡീലര്‍ഷിപ്പുള്ള സാഹ്വി ഓട്ടോമൊബൈല്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. രണ്ട് ഷോറൂമുകളും ഒന്നിച്ച് വര്‍ക് ഷോപ്പുമുള്ള കമ്പനിക്ക് ആകെയുള്ളത് എട്ട് സ്ഥിരം ജീവനക്കാര്‍.
ഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയുടെ ഐപിഒയ്ക്ക് 400 മടങ്ങ് അപേക്ഷകരാണ് എത്തിയത്. ലളിതമായി പറഞ്ഞാല്‍ 12 കോടി സമാഹരിക്കാനുള്ള കമ്പനിയുടെ ഓഹരി വില്‍പ്പനയ്ക്ക് 5,000 കോടി രൂപയുടെ അപേക്ഷകളെത്തി. ഇഷ്യു വിലയായ 117 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്തത്. എന്നാല്‍ ഇന്നത്തെ ക്ലോസിങ് 52.25 രൂപയാണ്. സത്യത്തില്‍ ഞെട്ടിക്കുന്ന കണക്കുകളാണ് എസ്എംഇ ഐപിഒയില്‍ നടക്കുന്നത്.
നിക്ഷേപകരുടെ തിരക്ക്
2025 സാമ്പത്തിക വര്‍ഷത്തില്‍ സെപ്റ്റംബര്‍ വരെ 104 എസ്എംഇ ഐപിഒകളാണ് വിപണിയിലെത്തിയത്. 3,405 കോടി രൂപയാണ് കമ്പനികള്‍ സമാഹരിച്ചത്. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനികള്‍ സ്വന്തമാക്കിയ തുകയുടെ പകുതി ഇപ്പോഴെ മറികടന്നു.
എസ്എംഇ ഐപിഒയോടുള്ള നിക്ഷേപകരുടെ ട്രെന്‍ഡിലും മാറ്റം കാണാം. 2020 സാമ്പത്തിക വര്‍ഷത്തില്‍ ഒരു എസ്എംഇ ഐപിഒയ്ക്ക് അപേക്ഷിക്കുന്ന റീട്ടെയില്‍ നിക്ഷേപകരുടെ ശരാശരി എണ്ണം 408 ആയിരുന്നു. 2021 ല്‍ ഇത് 511 ആയി ഉയര്‍ന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഒരു എസ്എംഐ ഐപിഒയ്ക്ക് ശരാശരി 2.19 ലക്ഷം പേര്‍ അപേക്ഷിക്കുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 76 ശതമാനം ലിസ്റ്റിങ് നേട്ടം ഇവ നല്‍കുന്നുമുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 5.63 ശതമാനമായിരുന്നു ഇത്. ഈ ലിസ്റ്റ് നേട്ടം പ്രതീക്ഷിച്ചാണ് പല ഐപിഒകള്‍ക്കും നിക്ഷേപകര്‍ കൂട്ടമായി അപേക്ഷിക്കുന്നത്.
എന്താണ് എസ്എംഇ ഐപിഒ
ചെറു കമ്പനികള്‍ക്ക് ഓഹരി വിപണി വഴി ധനസമാഹരണത്തിനായാണ് എന്‍എസ്ഇയും ബിഎസ്ഇയും എസ്എംഇ വിഭാഗം ഉണ്ടാക്കിയത്. വലിയ കമ്പനികളുടെ മെയിന്‍ബോര്‍ഡ് ഐപിഒ പോലെ റെഗുലേറ്ററി നിയന്ത്രണങ്ങള്‍ കടുപ്പമല്ല എസ്എംഇ ഐപിഒയ്ക്ക്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് മുകളില്‍ ശരാശരി 15 കോടിക്ക് മുകളില്‍ പ്രവര്‍ത്തന ലാഭം ഉണ്ടാക്കിയ കമ്പനികള്‍ക്കാണ് മെയിന്‍ബോര്‍ഡ് ഐപിഒയ്ക്ക് അനുമതി ലഭിക്കുക.
അവസാന മൂന്ന് സാമ്പത്തിക വര്‍ഷങ്ങളില്‍ രണ്ടിലെങ്കിലും പ്രവര്‍ത്തന ലാഭമുണ്ടാക്കിയവയ്ക്ക് എസ്എംഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാം.
എസ്എംഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്ത കമ്പനികള്‍ അര്‍ധ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. അതേസമയം എസ്എംഇ, മെയിന്‍ ബോര്‍ഡ് ഐപിഒകയ്ക്ക് ശേഷം മൂന്ന് വര്‍ഷത്തേക്ക് പ്രമോട്ടര്‍മാര്‍ കുറഞ്ഞത് 20 ശതമാനം ഓഹരികള്‍ നിലനിര്‍ത്തണമെന്ന നിബന്ധനയുണ്ട്.
എന്തുകൊണ്ട് ശ്രദ്ധിക്കണം
ഐപിഒയ്ക്ക് മുന്‍പായി കമ്പനി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് മുന്‍പാകെ ഡ്രാഫ്റ്റ് റെഡ് ഹിയറിങ് പ്രൊസ്പെക്ടേഴ്സ് സമര്‍പ്പിക്കും. ഇതില്‍ കമ്പനിയെ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലഭിക്കും. എസ്എംഇ ഐപിഒകളില്‍ നിക്ഷേപിക്കുമ്പോള്‍ കമ്പനിയുടെ ഡ്രാഫ്റ്റ് റെഡ് ഹിയറിങ് പ്രൊസ്പെക്ടേഴ്സ് വിശകലനം ചെയ്യണം.
കമ്പനിയുടെ ഡെറ്റ്-ഇക്വിറ്റി അനുപാതം, മൊത്തം കടം, ലാഭ വളർച്ച എന്നിവയും പരിശോധിക്കണം. കമ്പനി നെഗറ്റീവ് വളർച്ച കാണിക്കുകയാണെങ്കിൽ ഇക്കാര്യം ഡ്രാഫ്റ്റ് റെഡ് ഹിയറിങ് പ്രൊസ്പെക്ടേഴ്സില്‍ വ്യക്തമായ ന്യായീകരണം നൽകണം.
ചെറുകിട കമ്പനികള്‍ എന്ന വലിയ റിസ്ക് എസ്എംഇ ഐപിഒയ്ക്കുണ്ട്. വലിയ കേട്ടുപരിചയമില്ലാത്തവയാകാം ഇത്തരം കമ്പനികള്‍. ഇത്തര കമ്പനി ലിസ്റ്റിങ് നേട്ടമുണ്ടാക്കുന്നത് ഫണ്ടമെന്‍റല്‍ മികച്ചതായത് കൊണ്ടാവണമെന്നില്ല.
ചില പ്രൊമോട്ടർമാർ ഓഹരി വില വർധിപ്പിക്കുന്നതിനും മികച്ച വാല്യുവേഷനില്‍ ഉയര്‍ന്ന നേട്ടമുണ്ടാക്കുന്നതിനും രേഖകളില്‍ കൃത്രിമം കാണിക്കാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ലിസ്റ്റിങ് നേട്ടത്തിന് ശേഷമുള്ള ചാഞ്ചാട്ടം കുറയ്ക്കുന്നതിനുമായി എസ്എംഇ ഐപിഒ ലിസ്റ്റിങ് നേട്ടങ്ങൾക്ക് സെബി 90 ശതമാനം എന്ന പരിധി ഏർപ്പെടുത്തിയിട്ടുണ്ട്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധൻറെ ഉപദേശം തേടുകയോ ചെയ്യുക)