ipo-boom-in-stock-market

ഈ മാസം ഏറ്റവും ശ്രദ്ധയാകർഷിച്ച ഐപിഒയായിരുന്നു ബജാജ് ഹൗസിങ് ഫിനാൻസിന്‍റേത്. 116 ശതമാനം പ്രീമിയത്തോടെ 151 രൂപയിലാണ് ഓഹരി ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തത്. ലിസ്റ്റിങ് ദിവസത്തെ ക്ലോസിങ് 165 രൂപയിലും. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകൻ നേടിയത് 135 ശതമാനം. 70 രൂപ പ്രൈസ് ബാൻഡുണ്ടായിരുന്ന ഐപിഒയുടെ 214 ഓഹരികളുള്ള ഒരു ലോട്ട് വാങ്ങിയ നിക്ഷേപകന് ചെലവ് 14,980 രൂപ. 

Also Readലിസ്റ്റിങ് നേട്ടമുണ്ടാക്കുമോ? ഈ ആഴ്ചയില്‍ അവസരവുമായി 10 ഐപിഒകള്‍


ലിസ്റ്റിങ് ദിവസത്തെ ക്ലോസിങ് വില പ്രകാരം ഓഹരി ലഭിച്ച നിക്ഷേപകന്‍റെ പോർട്ട്ഫോളിയോ മൂല്യം 35,310 രൂപയായി. സെപ്റ്റംബർ ഒൻപതിന് ആരംഭിച്ച ഐപിഒ 17 ന് ലിസ്റ്റ് ചെയ്തപ്പോഴേക്കും നിക്ഷേപകന് ലാഭം 20,330 രൂപ!. ചെറിയ സമയം കൊണ്ടുള്ള വലിയ നേട്ടം തന്നെയാണ് ഐപിഒയ്ക്ക് പിന്നിലെ തിരക്കിന് കാരണവും. എന്നാൽ ലിസ്റ്റിങ് നേട്ടം മാത്രം നോക്കി ഐപിഒയിലേക്ക് ചാടുന്നവർ‌ ചില കാര്യം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

കമ്പനികൾക്കും നല്ല സമയം

വിപണിയിലേക്കിറങ്ങാൻ മികച്ച സമയമാണെന്നാണ് ഇന്ത്യൻ കമ്പനികൾ കരുതുന്നത്. ഫണ്ട് സമാഹാരണത്തിന് സെബിയിൽ നൽകിയ അപേക്ഷയിലും ഈ ഈ താൽപര്യം കാണാം. ഓഗസ്റ്റ് മാസത്തിൽ മാത്രം 19 കമ്പനികളാണ് ഐപിഒയ്ക്ക് അപേക്ഷ നൽകിയത്. 2021 സെപ്റ്റംബർ മുതലുള്ള മാസത്തിലെ ഏറ്റവും വലിയ  കണക്കാണിത്. 

സമീപകാല ഐപിഒകൾക്കുള്ള സബ്സ്ക്രിപ്ഷൻ ഘട്ടത്തിലെ ഉയർന്ന ആവശ്യകതയും ലിസ്റ്റിങിന് ശേഷം ഓഹരികളുടെ മികച്ച പ്രകടനവും ഇതിന്‍റെ കാരണങ്ങളാണ്. 2024-25 ൽ ഇതുവരെ ഓരോ ഐപിഒയും ശരാശരി 48 മടങ്ങാണ് ഓവർ സബസ്ക്രൈബ് ചെയ്യപ്പെട്ടത്. 35 ശതമാനത്തിൻറെ ശരാശരി ലിസ്റ്റിങ് നേട്ടം കമ്പനികൾ നൽകി. ഈ മൊമന്‍റം ഉപയോഗപ്പെടുത്താനാണ് കമ്പനികളുടെ ലക്ഷ്യം. നിലവിലെ ഉയർന്ന ലിക്വിഡിറ്റി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിപണിയിൽ മോശം ചലനങ്ങളുണ്ടായില്ലെങ്കിൽ ഐപിഒ ബൂം തുടരും. 

Also Read: കുതിപ്പ് തുടർന്ന് സ്വർണ വില; കേരളത്തിൽ റെക്കോര്‍ഡ്; വില അറിയാം

ലാഭമെടുക്കുന്നത് ട്രെൻഡ്

ഐപിഒ നിക്ഷേപകർ ലിസ്റ്റിങിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഓഹരികൾ വിറ്റഴിക്കുന്നു എന്നാണ് സെബിയുടെ പഠനം. ഐപിഒ നിക്ഷേപകരിൽ വലിയൊരളവ് ഈ രീതി പിന്തുടരുന്നവരാണെന്ന് 2021 ഏപ്രിൽ മുതൽ 2023 ഡിസംബർ വരെയുള്ള ഐപിഒകളെ പഠിച്ചതിൽ നിന്നും സെബി കണ്ടെത്തി. ഒരാഴ്ചയ്ക്കുള്ളിൽ അലോട്ട് ചെയ്തതിന്‍റെ 50 ശതമാനത്തോളം ഓഹരികളും റീട്ടെയിൽ നിക്ഷേപകർ വിറ്റഴിക്കുകയാണ്. നിക്ഷേപകർ ലിസ്റ്റിങ് നേട്ടത്തിന് പിന്നാലെ പോകുമ്പോൾ ഓഹരി വിലയിലും ഇത് പ്രതിഫലിക്കുന്നു. 

2023 ജനുവരി മുതൽ ഇതുവരെയുള്ള 100 മെയിൻ ബോർഡ് ഐപിഒകളിൽ 22 കമ്പനികളുടെ ഓഹരികൾ  ലിസ്റ്റിങ് ദിവസം പരമാവധി ഉയരത്തിലെത്തിയിട്ടുണ്ട് (അപ്പർസർക്യൂട്ട്). എന്നാൽ ഇതിൽ പകുതിയോളം ഓഹരികൾക്കും ഒരു മാസത്തേക്ക് ഈ ബുള്ളിഷ് മൊമന്‍റം തുടരാനാകുന്നില്ല. കഴിഞ്ഞ മാസം ലിസ്റ്റ് ചെയ്ത 18 കമ്പനികളുടെ ഓഹരികളിൽ 11 എണ്ണവും ആദ്യ മാസത്തിൽ 0.4 മുതൽ 40 ശതമാനം വരെ ഇടിഞ്ഞു. മുകളിൽ ഉദാഹരണമായി പറഞ്ഞ ബജാജ് ഹൗസിങ് ഫിനാ‍ൻസ് ഓഹരി പോലും നിലവിൽ 162.08 രൂപ (ലിസ്റ്റിങ് ദിവസത്തെ ക്ലോസിങിനേക്കാൾ താഴെ) യിലാണ് വ്യാപാരം നടക്കുന്നത്. 

നിക്ഷേപകർ ശ്രദ്ധിക്കണം 

ലിസ്റ്റിങ് ഒരാഴ്ചയ്ക്കിടെ തന്നെ നിക്ഷേപകർ 50 ശതമാനം ഓഹരികളും വിറ്റ് ലാഭമെടുക്കുന്നു എന്നാണ് സെബി കണക്ക്. ഹ്രസ്വകാല നേട്ടത്തിനൊപ്പം പല ഘടകങ്ങളും പിന്നിലുണ്ടെന്നാണ് വിദഗ്ധാഭിപ്രായം. ഓരോ ഐപിഒയും വ്യക്തമായി പഠിക്കാനുള്ള സമയമോ സാങ്കേതികമായ അറിവോ ഇല്ലാത്ത നിക്ഷേപരാണ് പലപ്പോളും വേഗത്തിൽ വിറ്റിക്കുന്നത്. 

മിക്ക ഐപിഒകളും ഉയർന്ന വാല്യുവേഷനിലുള്ളതാണ്. ബുള്ളിഷ് മാർക്കറ്റിൽ ഐപിഒകളും മികച്ച നേട്ടം നൽകും. പലതും ലിസ്റ്റിങിന് ശേഷം ഇടിയുന്നുണ്ട്. ഈ നഷ്ടം ഒഴിവാക്കുകയാണ് നിക്ഷേപകർ. ഇതിനായി കമ്പനിയെ പഠിച്ച് നിക്ഷേപിക്കണമെന്നാണ് വിദ​ഗ്ധർ നൽകുന്ന ഉപദേശം. കമ്പനികൾ ഐപിഒയ്ക്കായി സമർപ്പിക്കുന്ന ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിൽ (ഡിഎച്ച്ആർപി) കമ്പനിയുടെ വിശദാംശങ്ങളഉണ്ടാകും. നിക്ഷേപകർ കമ്പനിയുടെ വരുമാന വഴിയും എങ്ങനെ ലാഭമുണ്ടാക്കുന്നു എന്നും അറിഞ്ഞിരിക്കണം. മാർക്കറ്റിൽ കമ്പനിയുടെ സ്ഥാനം, എതിരാളികൾ, വളർച്ച സാധ്യത എന്നിവ പരിഗണിച്ചാകണം നിക്ഷേപം. 

ഇങ്ങനെയാണെങ്കിലും ഹ്രസ്വകാല നേട്ടം മാത്രം നോക്കി ഒരു ഐപിഒയിലേക്ക് കടക്കുന്നത് വലിയ റിസ്കുണ്ടാക്കും. ഐപിഒ പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യണമെന്ന് യാതൊരു ഉറപ്പുമില്ല. വിപണി വികാരം എപ്പോൾ വേണണെങ്കിലും മാറാം, ഇതിന് അനുസരിച്ച് ഐപിഒ ഡിസ്ക്കൗണ്ടിലേക്ക് പോയാൽ നിക്ഷേപകന് നഷ്ടമുണ്ടാവുകയും ഹ്രസ്വകാല നേട്ടം നോക്കി നിക്ഷേപിച്ച പണം ബ്ലോക്കാകുകയും ചെയ്യും. വർഷത്തിനുള്ളിൽ ഓഹരി വിറ്റാൽ 20 ശതമാനം ഹ്രസ്വകാല മൂലധനനേട്ടത്തിന് നികുതി നൽകണം. 

പുതിയ കമ്പനി എന്ന തലത്തിലുള്ള റിസ്ക് നിക്ഷേപകർ മനസിലാക്കി വേണം നിക്ഷേപിക്കാം. പൊതുവെ സമീപകാല പ്രകടനം മികച്ചതാകുമ്പോഴാണ് കമ്പനികൾ ഐപിഒയിലേക്ക് ഇറങ്ങുന്നത്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ മാനേജ്മെൻ്റ് പ്രകടനത്തെയും കോർപ്പറേറ്റ് പ്രവർത്തനങ്ങളെയും പറ്റിയുള്ള വിവരം ലഭ്യമാകും. ഐപിഒകളിൽ ഈ ഡാറ്റ ലഭ്യമല്ല. ഇത്തരത്തിൽ ലിസ്റ്റഡ് കമ്പനിയുടെ ഓഹരിയിൽ നിക്ഷേപിക്കുന്നതിനേക്കാൾ റിസ്ക് ഐപിഒയ്ക്കുണ്ട്.

Also Read: ഒലയ്ക്ക് ഒപ്പമെത്തുമോ ഏഥര്‍ ഐപിഒ; ഓഹരിവിപണിയില്‍ ലക്ഷ്യമിടുന്നത് 4,500 കോടി

വരുന്നത് വമ്പൻ ഐപിഒകൾ

2024 വർഷത്തിൻറെ ആദ്യ എട്ട് മാസങ്ങളിൽ 50 ഐപിഒകൾ ചേർന്ന് 53,453 കോടി രൂപ സമാഹരിച്ചു. കഴിഞ്ഞ വർഷം ഈ സമയത്ത് ഇത് 49,453  കോടി രൂപയായിരുന്നു. ഇനിയും വലിയ ഐപിഒകൾ ഈ വർഷം ഉണ്ടാകുമെന്നാണ് വിപണി പ്രതീക്ഷിക്കുന്നത്. ജെസ്ഡബ്ല്യു ഗ്രൂപ്പിൻറെ സിമൻറ് കമ്പനിയായ ജെസ്ഡബ്ല്യു  സിമൻറ്, ഇരുചക്രവാഹന നിർമാതാക്കളായ ഹീറോ മോട്ടോക്രോപ്പിൻറെ ഫിനാൻഷ്യൽ സർവീസ് കമ്പനിയായ ഹീറോ ഫിൻകോർപ്പ്, ലോജിസ്റ്റിക്ക് കമ്പനിയായ ഇകോം എക്സ്പ്രസ്, സ്വി​ഗ്​ഗി തുടങ്ങിയവയാണ് ഉടൻ വരുന്ന വമ്പൻ ഐപിഒകൾ. 

ENGLISH SUMMARY:

Major IPOs coming: Key factors investors should watch to benefit from listing gains.