കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും റെക്കോർഡിട്ട് സ്വർണ വില. പവന് 480 രൂപ ഉയർന്ന് 56,480 രൂപയായി. ഗ്രാമിന് ബുധനാഴ്ച 60 രൂപയുടെ വർധനവ് ഉണ്ടായി. 7,060 രൂപയാണ് ഇന്നത്തെ വില. ചൊവ്വാഴ്ച യാണ് കേരളത്തിൽ സ്വർണ വില ചരിത്രത്തിൽ ആദ്യമായി 56,000 രൂപയിലെത്തിയത്. ഇത് മറികടന്നാണ് ബുധനാഴ്ചയിലെ മുന്നേറ്റം.
സ്വർണ വില ഉയരുന്നതോടെ ആഭരണ പ്രേമികൾ കടുത്ത നിരാശയിലാണ്. ഇന്ന് 10 ശതമാനം പണികൂലിയുള്ള ഒരു ആഭരണം വാങ്ങാൻ വിവിധ ചെലവുകൾ അടക്കം 64,000 രൂപയോളം ചെലവാക്കണം. സെപ്റ്റംബർ ആദ്യം പത്ത് ശതമാനം പണിക്കൂലിയിൽ ആഭരണം വാങ്ങാൻ 60,000 രൂപയ്ക്ക് അടുത്ത് ചെലവായ ഇടത്താണ് ഈ വർധന. വിവാഹ പാർട്ടികൾക്ക് ഇത് വലിയ ചെലവ് വരുത്തി വയ്ക്കും.
സാധാരണ പോലെ ആഗോള വില തന്നെയാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. രാജ്യന്തര വിപണിയിൽ സ്വർണ വില 2670.50 ഡോളറിലെത്തി പുതിയ ഉയരം കുറിച്ചിരുന്നു. നിലവിൽ 2,657.40 ഡോളറിലാണ് സ്വർണം വ്യാപാരം നടക്കുന്നത്. ഫെഡറൽ റിസർവിൽ നിന്ന് കൂടുതൽ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതയ്ക്ക് പിന്നാലെ വിപണി ചലിക്കുന്നത് വില വർധനവിന് പ്രധാന കാരണം.
ഡോളർ ഈ വർഷത്തെ താഴ്ന്ന നിലവാരത്തിലേക്ക് വന്നതും വിലയെ സ്വാധീനിച്ചു. ഡോളർ ദുർബലമാകുന്നത് സ്വർണത്തിന്റെ ഡിമാന്റ് ഉയർത്തുന്ന ഘടകമാണ്. പലിശ നിരക്ക് കുറയ്ക്കുന്നതുൾപ്പെടെ കോവിഡിന് ശേഷം ചൈനയിൽ വലിയ ഉത്തേജക പാക്കേജുകളുടെ വാർത്തകൾ സ്വർണ വിലയെ ഉയർത്തി. ലോകത്തെ ഏറ്റവും വലിയ സ്വർണ വിപണിയാണ് ചൈന. അതേസമയം, മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന ഇസ്രേയൽ- ഹിസ്ബുല്ല സംഘർഷം സുരക്ഷിത നിക്ഷേപം എന്ന നിലയ്ക്ക് സ്വർണത്തിന് ഡിമാന്‍ഡ് ഉയർത്തുന്നു.