ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി സ്വർണ വില. വ്യാഴാഴ്ച സ്വർണ വില പവന് 80 രൂപ വർധിച്ച് 56,880 രൂപയിലാണ്. ഗ്രാമിന് 10 രൂപയുടെ വർധനയോടെ 7,110 രൂപയാണ് ഇന്നത്തെ വില. ഒക്ടോബർ രണ്ടിന് രേഖപെടുത്തിയ 56,800 രൂപ എന്ന ഉയർന്ന വിലയാണ് പഴങ്കഥയായത്.
പവന് 56,880 രൂപയാണെങ്കിലും ആഭരണമായി വാങ്ങുമ്പോൾ ഇതിന് മുകളിൽ ചെലവാക്കണം.10 ശതമാനം പണിക്കൂലിയുള്ള സ്വർണാഭരണത്തിന് ഇന്ന് ചെലവാകുന്ന തുക 64,400 രൂപയോളമാണ്. പണിക്കൂലിക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരാം. സ്വർണത്തിൻറെ വില, പണിക്കൂലി, ഹാൾമാർക്ക് ചാർജ്, ജി.എസ്.ടി എന്നിവയാണ് ചേർത്താണ് ആഭരണ വില കണക്കാക്കുന്നത്.
സെപ്റ്റംബർ 27 മുതൽ കുറഞ്ഞു വന്നിരുന്ന സ്വർണ വില ഇസ്രയേൽ–ഇറാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് കുതിച്ചത്. ഇന്നലെ 400 രൂപയാണ് സ്വർണ വിലയിലുണ്ടായ വർധന. യുദ്ധ സാഹചര്യത്തിൽ സുരക്ഷിത നിക്ഷേപം എന്ന ഖ്യാതി സ്വർണത്തിനുണ്ട്. മറ്റു നിക്ഷേപങ്ങളിൽ നിന്ന് പണം പിൻവലിച്ചു സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കുന്നതിനാലാണ് വില ഉയരുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രേഖപെടുത്തിയ സർവകാല ഉയരമായ 2865 ഡോളറിന് സമീപമാണ് സ്വർണ വില. 2663.60 ഡോളർ വരെ ഉയർന്ന രാജ്യാന്തര വില നിലവിൽ 2,652 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇസ്രയേൽ-ഇറാൻ സംഘർഷം രൂക്ഷമാകാനുള്ള സാധ്യതകൾക്കിടയിലും സ്വർണ വില പുതിയ റെക്കോർഡ് ഇടാതെ തുടരുന്നത് അമേരിക്കയിലെ പലിശ നിരക്കാണ്. നവംബർ യോഗത്തിൽ അര ശതമാനം പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറയുന്നതാണ് വലിയ മുന്നേറ്റത്തിലേക്ക് പോകാത്തിന് കാരണം.