മലയാളിയായ എം.എ യൂസഫലി ചെയർമാനായ ലുലു റീട്ടെയിലിന്റെ പ്രാഥമിക ഓഹരി വിൽപന ഈ മാസം 28 ന് ആരംഭിക്കും. കമ്പനിയുടെ 25 ശതമാനം അഥവാ 258.2 കോടി ഓഹരികളാണ് വിറ്റഴിക്കുന്നത്. അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിലാണ് ഓഹരികൾ ലിസ്റ്റ് ചെയ്യുക. ഓഹരി വില്പനയുടെ സമയക്രമവും എങ്ങനെ അപേക്ഷിക്കണമെന്നും നോക്കാം. 

'ലുലു ഗ്രൂപ്പിലേക്ക് സ്വാഗതം' 

ലുലു ഗ്രൂപ്പിന്റെ യാത്രയിൽ പങ്കുചേരാൻ പുതിയ ഓഹരി ഉടമകളെ ക്ഷണിക്കുന്നതിൽ അഭിമാനമുണ്ടെന്നാണ്   ഐപിഒയ്ക്ക് മുന്നോടിയായി ചെയർമാൻ എംഎ യൂസഫലി പറഞ്ഞത്. 

1974 ൽ യുഎഇ യിൽ പ്രവർത്തനം ആരംഭിച്ച ലുലു ഗ്രൂപ്പ് ഇന്ന് ജിസിസി യിൽ ഉടനീളം സാന്നിധ്യമുണ്ട്. മൂന്ന് ഫോർമറ്റുകളിലായി 240 ലധികം സ്റ്റോറുകൾ കമ്പനി ക്കുണ്ട്. 130 രാജ്യങ്ങളിൽ നിന്നായി ശരാശരി ആറു ലക്ഷത്തിലധികം ഉപഭോക്താക്കളാണ് പ്രതിദിനം ലുലുവിലെത്തുന്നത്.  വെബ്‌സൈറ്റിലേക്കും ഓൺലൈൻ ആപ്ലിക്കേഷനിലുമായി മൂന്ന് ലക്ഷത്തിലധികം സന്ദർശകർ.  

വളരുന്ന ലുലു 

2023 ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ലുലു ഗ്രൂപ്പിന്റെ വരുമാനം 3,178 കോടി രൂപ (38.4 ഡോളർ) വർധിച്ച് 60,407 കോടി രൂപയായി (728 കോടി ഡോളർ). 2022 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് 57,820 കോടി  (689 കോടി ഡോളർ) രൂപയായിരുന്നു. 

2024 ൽ ജൂണ് വരെയുള്ള കണക്ക് പ്രകാരം ആറുമാസത്തെ വരുമാനം 5.6 ശതമാനം വർധിച്ച 30,105 കോടി (386.77 കോടി ഡോളർ) രൂപയിലെത്തി. നികുതി പലിശ തുടങ്ങിയവയ്ക്ക് മുൻപുള്ള ലാഭം (EBITDA) 2024 ന്റെ ആദ്യ ആറു മാസത്തിൽ 4.20 ശതമാനം വർധനയോടെ 3425 കോടി രൂപയായി. 

ഐപിഒ തീയതി 

ഒക്ടോബർ 28 നാണ് ലുലു റീട്ടെയിൽ ഐപിഒ സബ്സ്ക്രിപ്ഷൻ ആരംഭിക്കുക. അന്നേ ദിവസം ഐപിഒ ഓഹരി വില പ്രഖ്യാപിക്കും. 

റീട്ടെയിൽ നിക്ഷേപകർക്കും സ്ഥാപന നിക്ഷേപകർക്കും നവംബർ അഞ്ചുവരെ അപേക്ഷികം. നവംബർ ആറിന് അന്തിമ വില നിശ്ചയിക്കും. ഓഹരി അനുവദിച്ച റീട്ടെയിൽ നിക്ഷേപകർക്ക് 12 ന് എസ്എംഎസ് വഴി വിവരം ലഭിക്കും. ഓഹരി ലഭിക്കാത്തവർക്ക് 13 ന് റീഫണ്ട് ലഭിക്കും.14 ന് ലിസ്റ്റ് ഓഹരി അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.  

എങ്ങനെ അപേക്ഷിക്കാം

ലുലു റീട്ടെയിൽ ഐപിഒ യിൽ നിക്ഷേപിക്കാൻ  അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിന്റെ നാഷണൽ ഇൻവെസ്റ്റർ നമ്പർ (NIN) ആവശ്യമാണ്. NIN ഇല്ലെങ്കിൽ, അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റിലെ ഇ-സേവന പോർട്ടൽ വഴിയോ എക്‌സ്‌ചേഞ്ചിന്റെ കോൾ സെന്റർ നമ്പറായ 800 239 ൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം. കമ്പനിയെയും  ഐപിഒയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിശകലനം ചെയ്ത് നിക്ഷേപ തീരുമാനം എടുക്കാം.  താല്പര്യമുള്ളവർക്ക് റിസീവിങ് ബാങ്ക് വഴി ഐപിഒയ്ക്ക് അപേക്ഷികം. റീസീവിങ് ബാങ്ക് വഴി ഓണലൈനയും ഇൻ ബ്രാഞ്ച്‌ വഴിയും അപേക്ഷികം. 

അപേക്ഷിച്ച എല്ലാ ഓഹരികളും അനുവദിക്കണമെന്നില്ല.  അപേക്ഷ വിശകലനം ചെയ്ത ശേഷം  ഓർഡർ മുഴുവനായോ ഭാഗികമായോ അനുവദിക്കും.  അധികമായുള്ള പണം  തിരികെ നൽകും.

ENGLISH SUMMARY:

How to apply for lulu retail IPO