lulu-ipo

ലുലു റീട്ടെയ്ലിന്‍റെ പ്രാഥമിക ഓഹരി വിൽപന നടപടികൾക്ക് തുടക്കമായി. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ, നവംബർ പകുതിയോടെ 25 ശതമാനം ഓഹരികൾ ലിസ്റ്റ് ചെയ്യും.  ലുലു ജീവനകാർക്കും ഐപിഒയിൽ പങ്കെടുക്കാനാകും. നിലവിൽ ഇന്ത്യയിലെ ഓഹരികൾ വിൽപനയ്ക്കില്ലെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിലാണ് പൊതുനിക്ഷേപകർക്കായി ലുലു വാതിൽ തുറക്കുന്നത്. അബുദാബിയിൽ ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി പ്രാഥമിക ഓഹരി വിൽപന നടപടികൾക്ക് തുടക്കംകുറിച്ചു.  നിക്ഷേപകരുടെ താല്പര്യം ക്ഷണിച്ചുള്ള നിക്ഷേപസംഗമത്തിനും  തുടക്കമായി. 

ലുലു റീട്ടെയ്ലിന്റെ 2.58 ബില്യൺ ഓഹരികളാണ് അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നത്. ജിസിസിയിലെ ആറ് രാജ്യങ്ങളിലായുള്ള 240 ലധികം ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ് ശ്രംഖലയുടെ ഓഹരി പങ്കാളിത്വത്തിൽ ഭാഗമാകാനാണ്  പൊതുനിക്ഷേപകർക്ക് അവസരം ഒരുങ്ങുന്നത്. പ്രവാസി ഓഹരി നിക്ഷേപകർക്ക് വലിയ അവസരമെന്നും ലുലുവിന്‍റെ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്ന നയങ്ങൾ തുടരുമെന്നും ലുലു റീട്ടെയ്ൽ ചെയർമാൻ എം.എ യൂസഫലി.

 

ഐപിഒ ആരംഭിക്കുന്ന ഒക്ടോബർ 28ന് ഓഹരിവില പ്രഖ്യാപിക്കും. റീട്ടെയ്ൽ നിക്ഷേപകർക്കും  നിക്ഷേപക സ്ഥാപനങ്ങൾക്കും നവംബർ 5 വരെ ഐപിഒയിൽ ഓഹരിക്കായി അപേക്ഷിക്കാം. നവംബർ ആറിന് ഓഹരിയുടെ അന്തിമവില പ്രഖ്യാപിക്കും. നവംബർ 14ഓടെയാണ് ലിസ്റ്റിങ്ങ്. റീട്ടെയ്ൽ നിക്ഷേപകര്‍ക്കായി 10 ശതമാനം ഓഹരികള്‍ നീക്കിവച്ചിരിക്കുന്നത്, 89 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും ഒരു ശതമാനം ജീവനക്കാര്‍ക്കുമായി നിശ്ചയിച്ചിട്ടുണ്ട്.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, ഫസ്റ്റ് അബുദാബി ബാങ്ക്, എമിറേറ്റ്‌സ് എന്‍ബിഡി ക്യാപിറ്റല്‍, എച്ച്എസ്ബിസി ബാങ്ക് മിഡില്‍ ഈസ്റ്റ്, ദുബായ് ഇസ്ലാമിക് ബാങ്ക്, ഇഎഫ്ജി ഹേർമസ് യുഎഇ, എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക്, മാഷ്റെക്ക് എന്നീ സ്ഥാപനങ്ങളാണ് ഐപിഒ നടപടിക്രമങ്ങൾ നിർവ്വഹിക്കുന്നത്. 2023ലെ കണക്കുപ്രകാരം 7.3 ബില്യൺ യുഎസ് ഡോളറിന്റെ വിറ്റുവരവാണ് ലുലുവിനുള്ളത്.

ENGLISH SUMMARY:

Lulu Group plans 25% stake sale in Abu Dhabi IPO, subscription opens October 28.