ലുലു ഗ്രൂപ്പിന് കീഴിലുള്ള ലുലു റീട്ടെയിലിന്റെ പ്രാഥമിക ഓഹരി വിൽപന തിങ്കളാഴ്ച ആരംഭിക്കും. കമ്പനിയുടെ 25 ശതമാനം ഓഹരികളാണ് വിറ്റഴിക്കുന്നത്. നിക്ഷേപകർക്ക് നവംബർ അഞ്ചു വരെ അപേക്ഷിക്കാം. അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിൽ നവംബർ 14 ന് ഓഹരികൾ ലിസ്റ്റ് ചെയ്യും. യുഎഇയിൽ ഈ വർഷം നടന്ന ഏറ്റവും വലിയ ഓഹരി വിൽപ്പനയായിരിക്കും ലുലു റീട്ടെയൽ ഐപിഒ എന്നാണ് കണക്കാക്കുന്നത്.
258.2 കോടി ഓഹരികൾ വിറ്റഴിച്ച് ലുലു റീട്ടെയിൽ ഏകദേശം 170- 180 കോടി ഡോളർ സമാഹരിക്കാനാണ് (14,110 -15000 കോടി രൂപ) ലക്ഷ്യമിടുന്നതെന്നാണ് വിവരം. ഐപിഒ ഓഹരി വില തിങ്കളാഴ്ചയാണ് പ്രഖ്യാപിക്കുക. ഐപിഒയിലെ 89 ശതമാനം ഓഹരികളും യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾ (ക്യുഐബി) ക്കായി നീക്കി വെച്ചിട്ടുള്ളത്. 10 ശതമാനമാണ് റീട്ടെയിൽ നിക്ഷേപകർക്കായി മാറ്റിവെച്ചിട്ടുള്ളത് ഒരു ശതമാനം ഓഹരികൾ യോഗ്യരായ ജീവനക്കാർക്കാണ്.
റീട്ടെയിൽ നിക്ഷേപകർക്ക് കുറഞ്ഞത് 5000 ദിർഹത്തിന്റെ ഓഹരികൾക്ക് അപേക്ഷ സമർപ്പിക്കാം. തുടർന്ന് 1000 ദിർഹത്തിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. മിനിമം 1,000 ഓഹരികളാണ് റീട്ടെയിൽ നിക്ഷേപകർക്ക് ലഭിക്കുക. നവംബർ ആറിന് അന്തിമ വില നിശ്ചയിക്കും. ഓഹരി അനുവദിച്ച റീട്ടെയിൽ നിക്ഷേപകർക്ക് 12 ന് എസ്എംഎസ് വഴി വിവരം ലഭിക്കും. ഓഹരി ലഭിക്കാത്തവർക്ക് 13 ന് റീഫണ്ട് ലഭിക്കും.14 ന് ലിസ്റ്റ് ഓഹരി അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യും.
ലുലു റീട്ടെയിൽ ഐപിഒ യിൽ നിക്ഷേപിക്കാൻ അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിന്റെ നാഷണൽ ഇൻവെസ്റ്റർ നമ്പർ (NIN) ആവശ്യമാണ്. NIN ഇല്ലെങ്കിൽ, അബുദാബി സെക്യൂരിറ്റിസ് എക്‌സ്‌ചേഞ്ചിന്റെ വെബ്‌സൈറ്റിലെ ഇ-സേവന പോർട്ടൽ വഴിയോ എക്‌സ്‌ചേഞ്ചിന്റെ കോൾ സെന്റർ നമ്പറായ 800 239 ൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം.
കമ്പനിയെയും ഐപിഒയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വിശകലനം ചെയ്ത് നിക്ഷേപ തീരുമാനം എടുക്കാം. താല്പര്യമുള്ളവർക്ക് റിസീവിങ് ബാങ്ക് വഴി ഐപിഒയ്ക്ക് അപേക്ഷികം. റീസീവിങ് ബാങ്ക് വഴി ഓണലൈനയും ഇൻ ബ്രാഞ്ച് വഴിയും അപേക്ഷിക്കാം.