രത്തന്‍ ടാറ്റ, നോയല്‍ ടാറ്റ.

TOPICS COVERED

രത്തന്‍ ടാറ്റയുടെ മരണ ശേഷം ടാറ്റ ട്രസ്റ്റിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റയാണ്. രത്തന്‍ ടാറ്റയുടെ പിതാവിന്‍റെ രണ്ടാം വിവാഹത്തിലെ മകനാണ് നോയല്‍ ടാറ്റ. 

Also Read: രത്തന്‍ ടാറ്റയുടെ സ്വത്തില്‍ ഒരു പങ്ക് നായ ടിറ്റോയ്ക്ക്; പാചകക്കാരനും ശന്തനുവിനും പ്രത്യേകം കരുതല്‍

ടാറ്റ ഗ്രൂപ്പിന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ടാറ്റ ട്രസ്റ്റിലേക്ക് നോയല്‍ ടാറ്റയായിരിക്കും രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയെന്ന് ഏറെകുറെ ഉറപ്പിച്ചതാണ്. എന്നാല്‍ 2012 ല്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രത്തന്‍ ടാറ്റ പടിയിറങ്ങുമ്പോള്‍ ഇതുപോലൊരു സ്ഥാന കൈമാറ്റം നടന്നിരുന്നില്ല.  

2011 മാർച്ചിൽ രത്തന്‍ ടാറ്റയുടെ പിൻഗാമിയെ കണ്ടെത്താനുള്ള അഭിമുഖത്തില്‍ പങ്കെടുത്ത ഒരാളായിരുന്നു നോയല്‍ ടാറ്റ. ടാറ്റ സണ്‍സിന്‍റെ ചെയര്‍മാനാകാന്‍ നോയല്‍ ടാറ്റയ്ക്ക് ബുദ്ധിമുട്ടുള്ള ജോലികള്‍ കൈകാര്യം ചെയ്ത് കൂടുതൽ അനുഭവപരിചയം ആവശ്യമാണെന്ന നിലപാടായിരുന്നു രത്തന്‍ ടാറ്റയ്ക്ക്. 

അതിനാല്‍ തന്നെ ടാറ്റ സണ്‍സില്‍ തന്‍റെ പിന്‍ഗാമിയായി ആരെയും നിര്‍ദ്ദേശിക്കാനോ ചര്‍ച്ചകളുടെ ഭാഗമാകാനോ രത്തന്‍ ടാറ്റയുണ്ടായിരുന്നില്ല. 'താന്‍ ഉയര്‍ന്നത് ബിസിനസിലൂടെയാണ്. ഒരു മകനുണ്ടായാല്‍ പോലും അവന്‍ സ്വയമേവ എന്‍റെ പിൻഗാമിയാകാതിരിക്കാൻ താൻ എന്തെങ്കിലും ചെയ്യുമായിരുന്നു' എന്നാണ് രത്തന്‍ ടാറ്റ ഒരിക്കല്‍ പറഞ്ഞത്. ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ പ്രമോട്ടര്‍ കമ്പനിയാണ് ടാറ്റ സണ്‍സ്. 

പിൻഗാമിയെ കണ്ടെത്താനുള്ള സെലക്ഷൻ കമ്മിറ്റിയുടെ ഭാഗമാകണമെന്ന് പലരും ആഗ്രഹിച്ചിരുന്നെങ്കിലും രത്തന്‍ ടാറ്റ അതിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ടാറ്റ ഗ്രൂപ്പില്‍ നിന്നു തന്നെ ധാരളം പേര്‍ ഈ സ്ഥാനത്തേക്കുണ്ടായിരുന്നു.

Also Read: നോയല്‍ ടാറ്റയ്ക്ക് ടാറ്റ സണ്‍സ് ചെയര്‍മാനാകാന്‍ സാധിക്കില്ല; കാരണം ഇതാ

രത്തന്‍ ടാറ്റയുടെ അര്‍ധ സഹോദരനായ നോയൽ ടാറ്റ അദ്ദേഹത്തിന്‍റെ പിൻഗാമിയായി എത്തുമെന്നൊരു പൊതുകാഴ്ചപാടും അന്നുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ കൊണ്ടാണ് അഭിമുഖത്തില്‍ നിന്നും മാറി നില്‍ക്കാന്‍ രത്തന്‍ ടാറ്റയെ പ്രേരിപ്പിച്ചത്. തോമസ് മാത്യു രചിച്ച രത്തൻ ടാറ്റയുടെ ജീവചരിത്രമായ 'രത്തൻ ടാറ്റ എ. ലൈഫ്' എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്. 

2012 ല്‍ രത്തന്‍ ടാറ്റ വിരമിച്ച ശേഷം സൈറസ് മിസ്ട്രിയാണ് ടാറ്റ സണ്‍സിന്‍റെ ചെയര്‍മാന്‍ സ്ഥാനത്തെത്തിയത്. 

നിലവില്‍ ടാറ്റ ട്രസ്റ്റിന്‍റെ ചെയര്‍മാനായതിനാല്‍ അദ്ദേഹത്തിന് ടാറ്റ സണ്‍സിന്‍റെ തലപ്പത്ത് എത്തുന്നതിന് സാധിക്കില്ല. ടാറ്റ സണ്‍സിനും ടാറ്റ ട്രസ്റ്റിനും ഒരേ മേധാവി വരരുതെന്ന് 2022 ല്‍ ടാറ്റ ഗ്രൂപ്പ് തീരുമാനമെടുത്തിരുന്നു. ഈ തീരുമാനം അനുസരിച്ച് നോക്കിയാല്‍ നോയല്‍ ടാറ്റ നിലവില്‍ ട്രസ്റ്റ് ചെയര്‍മാനാണ്. അതുകൊണ്ടുതന്നെ ടാറ്റ സണ്‍സിന്‍റെ ചെയര്‍മാനാക്കാന്‍ സാധിക്കുകയില്ല. രത്തന്‍ ടാറ്റയാണ് രണ്ട് വിഭാഗത്തിനും അധിപതിയായിരുന്ന ഒടുവിലത്തെ ടാറ്റ കുടുംബാംഗം.

ENGLISH SUMMARY:

Why Noel Tata did not succeed Ratan Tata in Tata Sons.