ടാറ്റ ഗ്രൂപ്പിന് ലഭിക്കുന്ന സ്വീകാര്യതയിൽ ഏറിയ പങ്കും ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളോടുള്ള മതിപ്പിൽ നിന്നാണ്. അത്തരത്തിൽ സമ്പത്തിൻറെ വലിയൊരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റിവെയ്ക്കുകയാണ് റിയൽ എസ്റ്റേറ്റ് വ്യവസായിയും മാക്രോടെക് ഡെവലപ്പേഴ്‌സ് എംഡിയും സിഇഒയുമായ അഭിഷേക് ലോധ.
Also Read: രത്തന്‍ ടാറ്റയുടെ സ്വത്തില്‍ ഒരു പങ്ക് നായ ടിറ്റോയ്ക്ക്; പാചകക്കാരനും ശന്തനുവിനും പ്രത്യേകം കരുതല്‍
റിയൽ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക് ഡെവലപ്പേഴ്‌സിൽ അഭിഷേക് ലോധയ്ക്കും കുടുംബത്തിനുമുള്ള ഓഹരി പങ്കാളിത്തിന്‍റെ അഞ്ചിൽ ഒരു ഭാഗം ഗ്രൂപ്പിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ലോധ ഫിലാന്ത്രോഫി ഫൗണ്ടേഷന് കൈമാറും. ടാറ്റ ഗ്രൂപ്പിൻറെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് തീരുമാനമെന്ന് അഭിഷേക് ലോധ പറഞ്ഞു.
രാജ്യത്തെ മുൻനിര റിയൽ എസ്റ്റേറ്റ് കമ്പനിയായ ലോധ ഗ്രൂപ്പിന്‍റെ പ്രമോട്ടർമാരണ് അഭിഷേക് ലോധയും കുടുംബവും. ലോധ ബ്രാൻഡിന്‍റെ പ്രോപ്പട്ടികൾ വിൽപ്പന നടത്തുന്നത് റിയൽ എസ്റ്റേറ്റ് കമ്പനിയായ മാക്രോടെക് ഡെവലപ്പേഴ്‌സ് വഴിയാണ്. നിലവിൽ 1.10 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ഇതുപ്രകാരം, 20,000 കോടി രൂപയാണ് ലോധ ഫിലാന്ത്രോഫി ഫൗണ്ടേഷന് കൈമാറുക.
Also Read: നോയല്‍ ടാറ്റയ്ക്ക് ടാറ്റ സണ്‍സ് ചെയര്‍മാനാകാന്‍ സാധിക്കില്ല; കാരണം ഇതാ
കമ്പനിയിൽ 72.11 ശതമാനം ഓഹരി പങ്കാളിത്തം പ്രമോട്ടർമാരായ ലോധ കുടുംബത്തിനുണ്ട്. ലോധ കുടുംബത്തിന്‍റെ 18-19 ശതമാനം ഓഹരികളാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറുക.
100 വർഷം മുൻപ് ടാറ്റ കുടുംബം കമ്പനിയുടെ ഓഹരിയുടെ വലിയൊരു ഭാഗം ടാറ്റ ട്രസ്റ്റിലേക്ക് കൈമാറിയതാണ് ഈ നീക്കത്തിന് പ്രചോദനമായതെന്ന് അഭിഷേക് ലോധ പറയുന്നു. 'ഇത് ഇന്ത്യയിലുണ്ടാക്കിയ സ്വാധീനവും ടാറ്റ ട്രസ്റ്റിന്‍റെ നല്ല പ്രവർത്തികളും എനിക്ക് പ്രചോദനമാണ്. വരും വർഷങ്ങളിൽ ലോധ ഗ്രൂപ്പ് കൂടുതൽ വളരുമ്പോൾ ഫൗണ്ടേഷന് കൂടുതൽ പണം ലഭിക്കും. 'നല്ലത് ചെയ്യുക, നന്നായി ചെയ്യുക' എന്ന കമ്പനിയുടെ പ്രതിബദ്ധത പൂർത്തീകരിക്കാൻ ഇതിലൂടെ സാധിക്കും' അദ്ദേഹം പറഞ്ഞു. സാമൂഹിക സംരംഭങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അടുത്ത വർഷം ജനുവരിയിൽ ഉപദേശക സമിതി രൂപീകരിക്കുമെന്നും അഭിഷേക് ലോധ പറഞ്ഞു.
2013 മുതൽ പ്രവർത്തിക്കുന്ന ലോധ ഫൗണ്ടേഷൻ വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, സുസ്ഥിര നഗരവൽക്കരണം എന്നിവയിലൂന്നിയാണ് പ്രവർത്തിക്കുന്നത്.