TOPICS COVERED

വേദികൾ കീഴടക്കാൻ മകൾക്ക് ഊർജമാകാൻ ചേർത്തല മുട്ടത്തിപ്പറമ്പ് കാച്ചുകാട്ട് കെ.എൻ.സന്തോഷ് കുമാറിന് (50) ജീവിതം തിരിച്ചുപിടിച്ചേ മതിയാകൂ. അതിന് സന്മനസുകളുടെ പിന്തുണ വേണം. കഴിഞ്ഞ വർഷം കേരള സർവകലാശാലയിലെയും ഇക്കൊല്ലം എംജി സർവകലാശാലയിലെയും കലാതിലകമായ കെ.എസ്.സേതു ലക്ഷ്മിയുടെ അച്ഛനാണ് സന്തോഷ് കുമാർ. ഹൃദ്രോഗവും മസ്തിഷ്കാഘാതവും നേരിട്ട സന്തോഷ് തലയോട്ടിയ്ക്കുള്ള ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. 

കൃഷി വകുപ്പില്‍ മെക്കാനിക് ആയ സന്തോഷ് കുമാറിന് സെപ്റ്റംബർ 16നാണ് ഹൃദയാഘാതം ഉണ്ടായത്. ചേർത്തല താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ 21ന് സ്ട്രോക്കിന്‍റെ രൂപത്തിൽ വിധി വീണ്ടും സന്തോഷിനെ തളർത്തി. തുടർന്നാണ് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

തലച്ചോറിൽ രക്തസമ്മർദം കൂടിയതിനെത്തുടർന്ന് തലയോട്ടിയുടെ ഇടതു ഭാഗം മാറ്റി വച്ചു. ഇത് തിരികെ വയ്ക്കുന്ന ശസ്ത്രക്രിയയാണ് ഉടന്‍ നടക്കേണ്ടത്. ശ്വാസകോശത്തിൽ വെള്ളം കെട്ടുന്ന പ്രശ്നം കൂടിയുള്ളതിനാല്‍ സങ്കീര്‍ണമായ ശസ്ത്രക്രിയയാണ്. ചികിത്സയ്ക്കായി ഇതുവരെ 15 ലക്ഷം രൂപയോളം ചെലവായി. ഇന്നലെ വരെ 12 ലക്ഷം രൂപ ആശുപത്രിയിൽ അടയ്ക്കാനുമുണ്ട്. ഇന്നത്തെ ശസ്ത്രക്രിയയ്ക്ക് 3.5 ലക്ഷം രൂപയാകും. 

ശമ്പളത്തില്‍ ഏറിയ പങ്കും മകളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ ചെലവഴിച്ചതിനാൽ സ്വന്തമായി വീട് പോലും ഉണ്ടാക്കാൻ സന്തോഷ് കുമാറിന് കഴിഞ്ഞില്ല. ഭാര്യ രശ്മി എസ്.കുമാറിന് ജോലിയില്ല. മകൻ ഗോകുൽ കൃഷ്ണ പ്ലസ് ടു വിദ്യാർഥിയാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ മണ്ണഞ്ചേരി ബ്രാഞ്ചിൽ രശ്മിയുടെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 0001053000060064. IFSC:SIBL0000902. ഗൂഗിൾ പേ നമ്പർ: 9497617303.

ENGLISH SUMMARY: